തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമപട്ടികയില്‍ കൂടിയത് 1.18 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമപട്ടികയില്‍ കൂടിയത് 1.18 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

Update: 2025-10-26 11:29 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയില്‍ കൂടിയത് 1,18,293 വോട്ടര്‍മാര്‍. ശനിയാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡറുകളുമാണ്.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പട്ടിക പുതുക്കിയത്. സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇൗമാസം 14 നുവരെ പേരുചേര്‍ക്കാന്‍ അവസരം നല്‍കി. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2841 പേരുണ്ട്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്. 3574802 പേര്‍. കുറവ് വയനാട്ടിലും. 640183 പേര്‍. മറ്റുജില്ലകളിലെ വോട്ടര്‍മാരുടെ കണക്ക് തിരുവനന്തപുരം 2904092, കൊല്ലം 2254848, പത്തനംതിട്ട 1054752, ആലപ്പുഴ 1789549, കോട്ടയം 1629096, ഇടുക്കി 907102, എറണാകുളം 2647066, തൃശൂര്‍ 2736862, പാലക്കാട് 2411914, കോഴിക്കോട് 2663817, കണ്ണൂര്‍ 2114668, കാസര്‍കോട് 1102010.

14 ജില്ലകളിലായി 941 പഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയത്. വോട്ടര്‍പട്ടിക കമ്മീഷന്റെ വെബ്‌സൈറ്റിലും(www.sec.kerala.gov.in) അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

Tags:    

Similar News