ലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന്‍ സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്‍; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നും

ലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്

Update: 2025-05-07 04:00 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചതില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. തീവ്രവാദത്തോട് ഒരിക്കലും ലോകം പൊറുക്കരുതെന്നായിരുന്നു ജയ്ശങ്കര്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം. ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യ ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിന്റെയും ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് ഇന്ത്യ ആക്രമണം നടത്തിയത്.

ഇന്ത്യന്‍ ആര്‍മിയുടെ തിരിച്ചടിയില്‍ നിരവധി പേരാണ് പ്രതികരണം രേഖപ്പെടുത്തിയത്. ഭാരത് മാതാ കീ ജയ് എന്നാണ് ആക്രമണത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്‌സില്‍ കുറിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഒപ്പമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

രാജ്യത്തെ കുറിച്ച് അഭിമാനിക്കുന്നു എന്നും ജയ് ഹിന്ദ് എന്നും ശശി തരൂര്‍ കുറിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ ജയ് ഹിന്ദ് എന്ന് മുന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംങ് ശെഖാവത്ത് എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സേനയില്‍ അഭിമാനിക്കുന്നുവെന്നും, ജയ്ഹിന്ദ് എന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പ്രതികരിച്ചു.

അതേസമയം ഇന്ത്യ നയതന്ത്ര നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് മാര്‍ക്കോ റൂബിയയോട് വിശദീകരിച്ചെന്നും വ്യക്തമാക്കി.

ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും സഹായം ചെയ്യുന്നവര്‍ക്കുമെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ ഉന്നയിച്ചെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ നടപടികള്‍ കൃത്യതയുള്ളതുമായിരുന്നു.

പാകിസ്ഥാന്‍ സിവിലിയന്‍, സാമ്പത്തിക, സൈനിക ലക്ഷ്യങ്ങളൊന്നും ആക്രമിച്ചിട്ടില്ല. അറിയപ്പെടുന്ന ഭീകര ക്യാമ്പുകള്‍ മാത്രമാണ് ലക്ഷ്യമിട്ടത്. സ്ഥിതിഗതികള്‍ വേഗത്തില്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യ ആക്രമണം നടത്തിയത് .

പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്ന് സൈന്യം അറിയിച്ചു. മുരിഡ്കെ, ബഹവല്‍പൂര്‍, കോട്ലി ,ചക് അമ്രു, ഭീംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ആറിടങ്ങളിലായാണ് ആക്രണം നടന്നതെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചുവെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നും 2 പേരെ കാണാതായെന്നും പാകിസ്ഥാന്‍ അറിയിക്കുന്നു. ആക്രണത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചിടുമെന്ന് വിമാനക്കമ്പനികള്‍ യാത്രിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ തിരിച്ചടിയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തുവന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. 'നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും അപ്പുറമുള്ള ഇന്ത്യന്‍ സൈനിക നടപടികളില്‍ സെക്രട്ടറി ജനറല്‍ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെ'ന്ന് യുഎന്‍ സെക്രട്ടറി പറഞ്ഞതായി മേധാവിയുടെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രില്‍ 22ല്‍ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന പ്രതികരണവമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയത്. ഇത് വളരെ വേഗം അവസാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

Tags:    

Similar News