ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും; ഏഴ് പേര്‍ ഇന്ത്യന്‍ പൗരന്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍; എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ എംബസി; നടുക്കുന്ന ആക്രമണത്തെ അപലപിച്ചു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

Update: 2024-12-22 13:30 GMT

ബര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെ കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും. ഏഴ് ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതില്‍ സാരമല്ലാത്ത പരിക്കേറ്റവരില്‍ മൂന്നു പേര്‍ ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. പരിക്കേറ്റവര്‍ക്കും കുടുംബത്തിനും ബര്‍ലിനിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ക്രിസ്മസ് മാര്‍ക്കറ്റിനു നേരെ കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും ഇരകള്‍ക്കൊപ്പമാണെന്നും മന്ത്രാലയം അറിയിച്ചു. ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്. 40 പേരുടെ നില ഗുരുതരമാണ്. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ബര്‍ലിനില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് സംഭവം.

2006ല്‍ സൗദിയില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറിയ താലിബ് എന്ന ഫിസിയോ തെറപ്പി ഡോക്ടറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 400 മീറ്റര്‍ അകലെനിന്നാണ് ഇയാള്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെ കാര്‍ ഓടിച്ചുകയറ്റിയത്. ഇസ്‌ലാം മതം ഉപേക്ഷിച്ച ഇയാളുടെ എക്‌സ് അക്കൗണ്ട് നിറയെ ഇസ്‌ലാം വിരുദ്ധ, വിശ്വാസം ഉപേക്ഷിക്കുന്ന മുസ്‌ലിംകളെ അഭിനന്ദിക്കുന്ന പോസ്റ്റുകളാണ്. സാക്‌സോണി -അനാള്‍ട്ട് സ്റ്റേറ്റില്‍ താമസിക്കുന്ന ഇയാള്‍ യൂറോപ്പില്‍ ഇസ്‌ലാം വളരുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ അധികൃതരെ വിമര്‍ശിക്കുന്ന വ്യക്തിയായിരുന്നു.

അതേസമയം ഒന്‍പത് വയസ്സുള്ള ഒരു കുട്ടിയടക്കം ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ജര്‍മ്മനിയിലെ ക്രിസ്ത്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ സൗദി പൗരനായ ഡോക്ടര്‍ അറസ്റ്റിലായിട്ടുണ്ട്. അന്‍പതുകാരനായ ഡോക്ടറെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ജര്‍മ്മനിയുടെ സമീപനത്തിലുള്ള അതൃപ്തിയാകാം കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും, ആക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. ഒരു മുന്‍ മുസ്ലീം എന്നവകാശപ്പെടുന്ന ഇയാള്‍, സ്ഥിരമായി ഇസ്ലാമിക വിരുദ്ധ ട്വീറ്റുകള്‍ ഫോര്‍ഡേഡ് ചെയ്യാറുണ്ട്. മതത്തെ നിശിതമായി വിമര്‍ശിച്ചും മതം വിടുന്ന വിശ്വാസികളെ അഭിനന്ദിച്ചും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഇടാറുണ്ട്.

Tags:    

Similar News