അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്നോ? ശുദ്ധ അസംബന്ധം! 'ഇന്ത്യയുമായുള്ള ബന്ധം സ്വതന്ത്രം, പാക് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പ്രോക്‌സി യുദ്ധവാദങ്ങളെ തള്ളി അഫ്ഗാനിസ്ഥാന്‍; പാക്കിസ്ഥാനിലെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയം തങ്ങള്‍ക്കില്ലെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രി
അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്നോ?
കാബൂള്‍: അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ അസംബന്ധമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ്. ഈ ആരോപണം തീര്‍ത്തും അടിസ്ഥാനമില്ലാത്തതും, അസംബന്ധവും അസ്വീകാര്യവുമെന്നാണ് അദ്ദേഹം അല്‍ജസീറയോട് പറഞ്ഞത്.
തങ്ങളുടെ വിദേശ ബന്ധങ്ങള്‍ സ്വതന്ത്രമായി നിലനിര്‍ത്തുന്ന രീതിയാണുള്ളതെനനും, തങ്ങളുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയുമായുളള ബന്ധം ശക്തമാക്കുമെന്നും മുജാഹിദ് വ്യക്തമാക്കി. തങ്ങളുടെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെയും ഉപയോഗിക്കുന്ന നയമില്ലെന്നും, ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
''ഈ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഞങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുന്നു, ദേശീയ താല്‍പ്പര്യങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ആ ബന്ധം കൂടുതല്‍ ദൃഢമാക്കും,'' മുജാഹിദ് അഭിമുഖത്തില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അയല്‍ക്കാരുമായുള്ള ബന്ധം നല്ല അയല്‍പക്ക തത്വങ്ങളുടെയും വ്യാപാര വികസനത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കാനാണ് കാബൂള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അയല്‍ രാജ്യങ്ങളാണ്. അവര്‍ തമ്മിലുള്ള സംഘര്‍ഷം ആര്‍ക്കും ഗുണം ചെയ്യില്ല. അവരുടെ ബന്ധം പരസ്പര ബഹുമാനത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാത്ത പാകിസ്ഥാന്റെ നടപടികളെ മന്ത്രി വിമര്‍ശിച്ചു. പാകിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തെയും സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയം തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദോഹ ഉടമ്പടിയെക്കുറിച്ചും മുജാഹിദ് പരാമര്‍ശിച്ചു. ഉടമ്പടിയുടെ നടപ്പാക്കലും നിരീക്ഷണവും ലക്ഷ്യമിട്ടുള്ള ഒരു യോഗം ഉടന്‍ തുര്‍ക്കിയില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. പാകിസ്ഥാന്‍ ഉടമ്പടി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും, തുര്‍ക്കി ഖത്തര്‍ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങള്‍ ഉടമ്പടി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും രാജ്യത്തിനെതിരെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയമല്ല അഫ്ഗാനിസ്ഥാന്‍ പിന്തുടരുന്നതെന്നും, ആക്രമണമുണ്ടായാല്‍ സ്വന്തം മണ്ണിനെ ധീരമായി പ്രതിരോധിക്കുമെന്നും മുജാഹിദ് വ്യക്തമാക്കി.
പാകിസ്ഥാന്‍ കരാര്‍ പാലിക്കുന്നതായി ഉറപ്പുവരുത്തുന്നതിനായി ഖത്തറിന്റെയും തുര്‍ക്കിയുടെയും സഹായം അഫ്ഗാനിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അയല്‍രാജ്യങ്ങളാണെന്നും, ഇരുവര്‍ക്കുമിടയിലെ സംഘര്‍ഷം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അഫ്ഗാനിസ്ഥാന്റെ ജനത മാതൃരാജ്യത്തെ ധീരമായി പ്രതിരോധിക്കുമെന്നും മുഹമ്മദ് യാക്കൂബ് മുജാഹിദ് വ്യക്തമാക്കി. ഈ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രപരമായ ബന്ധങ്ങളില്‍ നിര്‍ണായകമായിരിക്കും.
അമേരിക്കന്‍ സൈന്യം പിന്മാറിയതിന് ശേഷം താലിബാന്‍ ഭരണകൂടം തിരിച്ചെത്തിയതുമുതല്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സമീപകാലത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പലപ്പോഴും അഫ്ഗാനിസ്ഥാനെതിരെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.