25 ശതമാനം നികുതി വച്ച് അമേരിക്കയോട് കളിച്ചാല്‍ തിരിച്ചടിക്കും! ഇനിയും നികുതി കൂട്ടും; അമേരിക്കയോട് അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച കാനഡക്കും മെക്‌സിക്കോക്കും ഭീഷണിയുമായി വീണ്ടും ട്രംപ്; പുതിയ ആഗോള വ്യാപാരയുദ്ധത്തിന് തുടക്കമിട്ടു ട്രംപിന്റെ പുതിയ നയം; യുഎസ് വിപണിയില്‍ പണപ്പെരുപ്പം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

25 ശതമാനം നികുതി വച്ച് അമേരിക്കയോട് കളിച്ചാല്‍ തിരിച്ചടിക്കും!

Update: 2025-02-03 01:15 GMT

വാഷിംഗ്ടണ്‍: പുതിയ ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരിക്കയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നയം. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം നികുതി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കതെിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് മെക്‌സിക്കോയും കാനഡയും ഒരുങ്ങുന്നത്. ചൈനയും തയ്യാറെടുപ്പുകളോടെയാണ് നീങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തുവന്നത്.

ഇറക്കുമതിയില്‍ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്‌സിക്കോയും അതേനാണയത്തില്‍ തിരിച്ചടിച്ചാല്‍ കാണാമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തില്‍ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്. കാനഡയും മെക്‌സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാല്‍ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്റെ ഭീഷണി.

ചൈനയ്ക്കും അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ചയാണ് ഒപ്പുവെച്ചത്. ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ളവയ്ക്ക് 25 ശതമാനവും ചുങ്കമാണ് ഏര്‍പ്പെടുത്തിയത്. ഇവ ചൊവ്വാഴ്ച നിലവില്‍ വരും. അതേസമയം, കാനഡയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനം നികുതിയേ ചുമത്തിയിട്ടുള്ളൂ. അത് ഈ മാസം 18-നാണ് നിലവില്‍വരുക. യു.എസിനോട് വ്യാപാരരംഗത്ത് നേരാംവണ്ണം ഇടപെടാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭാവിയില്‍ അധികനികുതി ചുമത്തിയേക്കുമെന്ന് ഉത്തരവ് സൂചിപ്പിക്കുന്നു.

ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടി. അനധികൃത കുടിയേറ്റവും മയക്കുമരുന്നുകടത്തും നിയന്ത്രിക്കുന്നതിനായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനാണ് ട്രംപ് ഈ നിയമം ഉപയോഗിച്ചത്. മയക്കുമരുന്നായ ഫെന്റനില്‍ നിയമവിരുദ്ധമായി നിര്‍മിക്കുന്നതും കയറ്റുമതി ചെയ്യുന്നതും തടയാന്‍ മൂന്നു രാജ്യങ്ങളും നടപടിയെടുക്കണമെന്നും യു.എസിലേക്കുള്ള അനധികൃതകുടിയേറ്റം തടയാന്‍ കാനഡയും മെക്‌സിക്കോയും യത്‌നിക്കണമെന്നും ട്രംപ് പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ചൈനയ്ക്ക് 60 ശതമാനംവരെ നികുതി ചുമത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ 'ഫെന്റനില്‍' അനധികൃതമായി യു.എസിലേക്ക് കടത്തിയതിനുള്ള മറുപടിയായാണ് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

കാനഡയില്‍നിന്നെത്തുന്ന 800 ഡോളറില്‍ (69,000 രൂപ) താഴെയുള്ള ഉത്പന്നങ്ങള്‍ക്കുപോലും ഇറക്കുമതിത്തീരുവ നല്‍കേണ്ടിവരും. നിലവില്‍ ഈ തുകയ്ക്കുതാഴെയുള്ള ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവയോ മറ്റു ഡ്യൂട്ടികളോ ഇല്ല. ട്രംപിന്റെ നീക്കം അന്താരാഷ്ട്ര വ്യാപാര-വിപണി ശൃംഖലയെ പ്രത്യേകിച്ച്, ഊര്‍ജം, വാഹനവ്യവസായം എന്നീ മേഖലകളെ ഗുരുതരമായി ബാധിക്കും. നികുതിപരിഷ്‌കാരങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് ജപ്പാന്‍ പ്രതികരിച്ചു.

തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം യു.എസിന്റെ സാമ്പത്തികവളര്‍ച്ച കുറയ്ക്കുമെന്നും രാജ്യത്ത് പണപ്പെരുപ്പമുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍. ഇത് ഉപഭോഗം കുറയ്ക്കുകയും വ്യവസായികനിക്ഷേപത്തെ ബാധിക്കുകയും ചെയ്‌തേക്കുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് ചീഫ് ഇക്കോണമിസ്റ്റ് ഗ്രിഗറി ഡാക്കോ പറഞ്ഞു. ഈ പാദവാര്‍ഷികത്തോടെ പണപ്പെരുപ്പം 0.7 ശതമാനം കൂടുമെന്ന് ഡാക്കോ മുന്നറിയിപ്പ് നല്‍കി.

ഇനിയങ്ങോട്ട് രാജ്യം നേരിടുന്ന പണപ്പെരുപ്പത്തിന് ഉത്തരവാദി ട്രംപാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. ''നിങ്ങള്‍ തക്കാളിയുടെയും കാറുകളുടെയും വിലയെക്കുറിച്ച് ആശങ്കപ്പെട്ടു. ട്രംപിന്റെ 'മെക്‌സിക്കോ തീരുവ' തക്കാളിവില കൂട്ടും. 'കാനഡ തീരുവ' കാര്‍ വില കൂട്ടും'' -സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, ട്രംപിന്റെ താരിഫും വരുംദിവസങ്ങളില്‍ നടത്താനിരിക്കുന്ന നികുതി വെട്ടിക്കുറയ്ക്കലും സാമ്പത്തികവളര്‍ച്ച കൂട്ടുമെന്നാണ് റിപ്പബ്ലിക്കന്‍പക്ഷത്തിന്റെ വാദം.

Tags:    

Similar News