അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഡെന്മാര്‍ക്ക് മാതൃക പരീക്ഷിക്കാന്‍ ബ്രിട്ടന്‍; കര്‍ശന നയം പുറത്തെടുത്താല്‍ അത് തിരിച്ചടിയാകുമെന്ന് ഭയം; കുടിയേറ്റ നിയമം കൂടുതല്‍ മൃദുവാക്കണമെന്ന് ലേബര്‍ എം പിമാരും
അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഡെന്മാര്‍ക്ക് മാതൃക പരീക്ഷിക്കാന്‍ ബ്രിട്ടന്‍
ലണ്ടന്‍: ഡെന്മാര്‍ക്കിന്റെ അതിര്‍ത്തി നിര്‍ണ്ണയവും അഭയാര്‍ത്ഥി നയങ്ങളും പഠിക്കുന്നതിനായി കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ അവിടേക്ക് അയച്ചത്. യൂറോപ്പിലെ ഏറ്റവും കര്‍ശനമായ അഭയാര്‍ത്ഥി നയമാണ് ഡെന്മാര്‍ക്കിലേത് എന്നാണ് കരുതപ്പെടുന്നത്. കുടുംബങ്ങളുടെ കൂടിച്ചേരലുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളും അതുപോലെ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് താത്ക്കാലിക താമസം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പഠിക്കുന്നത്.
യു കെയുടെ കുടിയേറ്റ സംവിധാനത്തില്‍ സുപ്രധാനമായ പല മാറ്റങ്ങളും വരുത്തുമെന്ന് കഴിഞ്ഞയാഴ്ച ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ലേബര്‍ എം പിമാര്‍ രണ്ട് തട്ടിലാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിഫോം യു കെ പാര്‍ട്ടിയില്‍ നിന്നും ഭീഷണി നേരിടുന്ന മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഡെന്മാര്‍ക്കിന്റെ വഴിയേ പോകണമെന്ന് ആവശ്യപ്പെടുമ്പോള്‍, അത് പുരോഗമന ചിന്താഗതിക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കും എന്ന അഭിപ്രായമാണ് മറ്റുള്ളവര്‍ക്കുള്ളത്.
അതേസമയം കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് കൂടുതല്‍ മൃദുവാഹ സമീപനം സ്വീകരിക്കണം എന്ന് ഒരു കൂട്ടം ലേബര്‍ പാര്‍ട്ടി എം പിമാര്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിനോട് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി പ്രശ്നത്തിലും കൂടുതല്‍ മനുഷ്യത്വത്തില്‍ ഊന്നിയുള്ള സമീപനമാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു. ഡെന്മാര്‍ക്കിലെ കുടിയേറ്റ നിയമങ്ങളുടെയും നയങ്ങളുടെയും ചുവട് പിടിച്ച് കുടിയേറ്റ - അഭയാര്‍ത്ഥി വിഷയങ്ങളില്‍ കൂടുതല്‍ കര്‍ക്കശ സമീപനം കൈക്കൊള്ളാന്‍ ഹോം സെക്രട്ടറി ഒരുങ്ങുന്നതിനിറ്റയിലാണിത്.
എന്നല്‍, അത്തരത്തിലൊരു കര്‍ശന സമീപനം ഈ വിഷയത്തില്‍ കൈക്കൊള്ളുന്നത് പാര്‍ട്ടിയെ കൂടുതല്‍ വലത് പക്ഷത്തേക്ക് തള്ളി നീക്കും എന്നാണ് ഈ എം പിമാര്‍ പറയുന്നത്. വംശീയ വിവേചനം നിഴലിക്കുന്ന നയം എന്നാണ് നോട്ടിംഗ്ഹാം ഈസ്റ്റില്‍ നിന്നുള്ള, ലേബര്‍ പാര്‍ട്ടി എം പിയായ നാദിയ വിറ്റോം ഇതിനെ വിശേഷിപ്പിച്ചത്. ധാര്‍മ്മികമായും, രാഷ്ട്രീയപരമായും അതുപോലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇത് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കും എന്നും അവര്‍ ബി ബി സി റേഡിയോ 4 നോട് സംസാരിക്കവെ പറഞ്ഞു.
