വധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് അഴിമതി കേസുകളിലും തിരിച്ചടി; ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം കഠിന തടവ്; മകനും മകളും കുറ്റക്കാരെന്ന് കോടതി വിധി; ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നല്‍കിയ അഭ്യര്‍ഥന നടത്തിയതിന് പിന്നാലെ കൂടുതല്‍ കോടതി വിധികളും
വധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് അഴിമതി കേസുകളിലും തിരിച്ചടി
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മൂന്നു വ്യത്യസ്ത അഴിമതി കേസുകളില്‍ കൂടി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂര്‍ബാചലിലെ രാജുക് ന്യൂ ടൗണ്‍ പ്രോജക്ടിനു കീഴില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളില്‍ ആകെ 21 വര്‍ഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിനു ശിക്ഷിച്ചത്.
ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്ക് അഞ്ചു വര്‍ഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകള്‍ സൈമ വാസിദ് പുതുലിനും അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷന്‍ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ ആറ് കേസുകളായിരുന്നു ഫയല്‍ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളില്‍ ഡിസംബര്‍ ഒന്നിന് വിധി പറയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ 10 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഏകദേശം 1.16 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെപ്റ്റംബറില്‍ പിടിച്ചെടുത്ത ലോക്കറുകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് റെനവ്യു സെല്‍ (സിഐസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോക്കറുകള്‍ തുറന്നതെന്നും ഇതില്‍ നിന്നും 9.7 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തതായും സിഐസി ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. സ്വര്‍ണ നാണയങ്ങള്‍, തങ്കകട്ടികള്‍, ആഭരണങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഹസീനയ്ക്ക് ലഭിച്ച ചില സമ്മാനങ്ങള്‍ തോഷഖാന എന്നറിയപ്പെടുന്ന ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്.
രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്‌നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്‌ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലും ഇന്ത്യയിലുണ്ട്.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കുമെന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രേഖാമൂലം ആവശ്യപ്പെട്ടത്.
