റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപണം; ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി; പ്രതിഷേധവുമായി വിശ്വാസികള്‍; അപലപിച്ച് ഇന്ത്യ

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി

Update: 2025-06-27 05:42 GMT
റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപണം;  ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി; പ്രതിഷേധവുമായി വിശ്വാസികള്‍; അപലപിച്ച് ഇന്ത്യ
  • whatsapp icon

ധാക്ക: ബംഗ്ലാദേശില്‍ വിശ്വാസികളുടെ എതിര്‍പ്പ് അവഗണിച്ച് ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി ഭരണകൂടം. റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് ഖില്‍ഖേത് ദുര്‍ഗ്ഗാ ക്ഷേത്രം പൊളിച്ചു നീക്കിയത്. വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നതോടെ കനത്ത പോലീസ് സുരക്ഷയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. വിഗ്രഹത്തിന് കേടുപാടുകള്‍ വരുത്തി. ഇന്ത്യ സംഭവത്തെ അപലപിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് റെയില്‍വേ ധാക്ക ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറും ഡിവിഷണല്‍ എസ്റ്റേറ്റ് ഓഫീസറും പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ക്ഷേത്രം പൊളിക്കുന്നതിന് അധികൃതര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ ക്ഷേത്രത്തിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ സൈനികരെ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം ഇടിച്ചുനിരത്തുകയായിരുന്നു.

ധാക്കയിലെ ദുര്‍ഗ്ഗാ ക്ഷേത്രം തകര്‍ത്തതിനെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിമര്‍ശിച്ചു. ധാക്കയിലെ ഖില്‍ഖേത് ദുര്‍ഗ്ഗാ ക്ഷേത്രം പൊളിക്കാന്‍ ഭീകരവാദികള്‍ മുറവിളി കൂട്ടുകയായിരുന്നുവെന്നും ഇടക്കാല സര്‍ക്കാര്‍, ക്ഷേത്രത്തിന് സുരക്ഷ നല്‍കുന്നതിനു പകരം, ഈ സംഭവത്തെ നിയമവിരുദ്ധമായ ഭൂവിനിയോഗമായി ചിത്രീകരിക്കുകയും ക്ഷേത്രം നശിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്‌തെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബംഗ്ലാദേശില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ട്. ഹിന്ദുക്കളെയും അവരുടെ സ്വത്തുക്കളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ജയ്സ്വാള്‍ പറഞ്ഞു.

ബംഗ്ലാദേശിലെ വിവിധ ഹിന്ദു സംഘടനകളുടെ സംയുക്ത കൂട്ടായ്മ വെള്ളിയാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ക്ഷേത്രം തകര്‍ത്തതിന് പിന്നില്‍ ഭരണകൂടത്തിന്റെ വര്‍ഗീയ നടപടികളാണെന്ന് കൂട്ടായ്മ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News