ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ ആഗോള പ്രതിഷേധം ഇരമ്പുന്നു; അരുംകൊലയ്ക്ക് നേതൃത്വം കൊടുത്ത പത്ത് പേരെ അറസ്റ്റു ചെയ്‌തെന്ന് ബംഗ്ലാദേശ് ഭരണകൂടം; ബംഗ്ലാദേശിലെ അക്രമങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് പ്രതികരിച്ചു ശശി തരൂര്‍

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ ആഗോള പ്രതിഷേധം ഇരമ്പുന്നു

Update: 2025-12-21 09:38 GMT

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ആഗോള പ്രതിഷേധം ഇരമ്പുമ്പോള്‍ നടപടികളിലേക്ക് കടന്ന് ബംഗ്ലാദേശ് ഭരണകൂടം. ഹിന്ദുയുവാവിനെ ആള്‍ക്കൂട്ടം കൊന്ന് കത്തിച്ച സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍.എ.ബി) ഏഴു പേരെയും പൊലീസ് മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിന്റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനുസ് ആണ് കുറ്റക്കാരെ പിടികൂടിയ വിവരം എക്‌സിലൂടെ അറിയിച്ചത്.

മുഹമ്മദ് ലിമോന്‍ സര്‍ക്കാര്‍, മുഹമ്മദ് താരിഖ് ഹുസൈന്‍, മുഹമ്മദ് മാണിക് മിയ, ഇര്‍ഷാദ് അലി, നിജും ഉദിന്‍, അലാംഗീര്‍ ഹുസൈന്‍, മുഹമ്മദ് മിറാജ് ഹുസൈന്‍ അകോണ്‍ എന്നിവരെയാണ് ആര്‍.എ.ബി പിടികൂടിയത്. മുഹമ്മദ് അസ്മല്‍ സാഗിര്‍, മുഹമ്മദ് ഷഹിന്‍ മിയ, മുഹമ്മദ് നസ്മുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 18നാണ് ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊന്ന് കത്തിച്ചത്. മൈമന്‍ സിങ് പട്ടണത്തിലെ വസ്ത്ര ഫാക്ടറി തൊഴിലാളിയായിരുന്ന ദീപു ചന്ദ്രദാസ് എന്ന 25കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫാക്ടറിക്ക് പുറത്ത് ആള്‍ക്കൂട്ടം ആക്രമിച്ച ദീപുവിനെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം മൈമന്‍സിങ് ഹൈവേയിലെത്തിച്ച് തീകൊളുത്തുകയും ചെയ്തു. കൊടുംക്രൂരതയുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞയാഴ്ച തലക്ക് വെടിയേറ്റ് അതിഗുരുതര നിലയില്‍ സിംഗപ്പൂരില്‍ ചികിത്സയിലായിരുന്ന 'ഇന്‍ക്വിലാബ് മഞ്ച' നേതാവും കഴിഞ്ഞ ജൂലൈയില്‍ ശൈഖ് ഹസീന സര്‍ക്കാറിനെ താഴെയിറക്കിയ 'ജെന്‍ സി' പ്രക്ഷോഭകനും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ശരീഫ് ഉസ്മാന്‍ ഹാദി മരിച്ചിരുന്നു. ഹാദിയുടെ മരണം ഇടക്കാല സര്‍ക്കാറിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് മരണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു.

ഫെബ്രുവരിയില്‍ രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഹാദി ധാക്കയിലെ ബിജോയ്‌നഗറില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മുഖം മൂടിയണിഞ്ഞ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. ചെവിയില്‍ വെടിയേറ്റ് അതിഗുരുതര നിലയില്‍ വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലേക്ക് മാറ്റിയെങ്കിലും ആറു ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ അവസാന ശ്രമമെന്ന നിലക്ക് ശസ്ത്രക്രിയക്ക് കുടുംബം അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു മരണം.

തെരുവിലങ്ങിയ പ്രതിഷേധക്കാര്‍ പ്രോഥോം അലോ, ഡെയ്‌ലി സ്റ്റാര്‍ അടക്കം പ്രമുഖ പത്രങ്ങളുടെ ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഓഫിസ് തകര്‍ത്തു. ചിറ്റഗോങ്ങിലെ അസി. ഇന്ത്യന്‍ ഹൈകമീഷണറുടെ വീടിനുനേരെ കല്ലേറുണ്ടായി. ധാക്ക യൂനിവേഴ്‌സിറ്റി കാമ്പസില്‍ പ്രകടനം നടത്തിയവര്‍ രാജ്യത്തെ ഇന്ത്യന്‍ ഹൈകമീഷന്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു.

ഹാദിക്കു നേരെ വെടിവെപ്പ് നടത്തിയ പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി മൊഹീബുല്‍ ഹസന്‍ ചൗധരി നൗഫലിന്റെ വീട് ആക്രമികള്‍ തീയിട്ടു. ഇതിന് പിന്നാലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ടാക്ക ഇനാം പ്രഖ്യാപിച്ചു. വെടിവെച്ച മുഖ്യപ്രതി ഫൈസല്‍ കരീം മസൂദിന്റെ മാതാപിതാക്കള്‍, ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നിരവധി പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശിലുടനീളം നടമാടുന്ന കലാപത്തിലും ഹിന്ദുയുവാവിനെയും പ്രതികരിച്ചു ശശി തരൂര്‍ എംപി രംഗത്തുവന്നു. ''സഹിക്കാനാവാത്ത ദാരുണമായ ഒരു സംഭവം. കുറ്റവാളികളുടെ കൈകളാല്‍ ഒരു പാവപ്പെട്ട ഹിന്ദു യുവാവിനെ നഷ്ടപ്പെട്ടതില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ തന്നെ, ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അഭിനന്ദിക്കുന്നു, പക്ഷേ കൊലപാതകികളെ ശിക്ഷിക്കാന്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും ഞാന്‍ അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു '. ശശി തരൂര്‍ എക്സില്‍ കുറിച്ചു.

ബംഗ്ലാദേശിലെ അക്രമങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് മറ്റൊരു പോസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞു : ' ബംഗ്ലാദേശിലെ പ്രമുഖ പത്രങ്ങള്‍ക്ക് നേരെയുണ്ടായ ജനക്കൂട്ട ആക്രമണങ്ങളും തീവയ്പ്പും ആശങ്കാജനകമാണ് . തുടര്‍ച്ചയായ അക്രമങ്ങള്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം . ഈ സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ല . ഇടക്കാല സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും എംബസികളെയും സംരക്ഷിക്കുകയും സംഭാഷണത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കുകയും വേണം. നാം സമാധാനവും സ്ഥിരതയും ഉറപ്പാക്കണം , ' അദ്ദേഹം പറഞ്ഞു.

Tags:    

Similar News