ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയിലെ സേനാ പിന്മാറ്റത്തിന് ധാരണ; നിര്‍ത്തി വച്ച പട്രോളിങ് വീണ്ടും ആരംഭിക്കാനും തീരുമാനം; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ വലിയ പുരോഗതി
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു
ന്യൂഡല്‍ഹി: യഥാര്‍ഥ നിയന്ത്രണ രേഖയിലെ സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയുടെയും ചൈനയുടെയും മധ്യസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
അതിര്‍ത്തിയില്‍ നിയന്ത്രണരേഖയിലെ പട്രോളിങ് പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. 2020 ന് ശേഷം ഉടലെടുത്ത അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ഭാഗിക പരിഹാരമാണിത്.
ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി റഷ്യയിലെ കസാനിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മിസ്രി ഇതറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്‌സാങ്, ഡെംചോക്ക് എന്നീ മേഖലകളില്‍ നിന്നും സേനാ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍, നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളെ കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുകയും, സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സംയുക്തമായി പരിശ്രമിക്കാനും ധാരണയിലെത്തിയിരുന്നു. അഭിപ്രായഭിന്നതകള്‍ കുറച്ചുകൊണ്ടുവരികയും, കാതലായ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയുമായിരുന്നു ലക്ഷ്യം ഇതിനെ തുടര്‍ന്ന് നയതന്ത്ര-സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയായിരുന്നു.
2020 ല്‍ ഗാല്‍വനില്‍ 29 സൈനികരുടെയും നിരവധി ചൈനീസ് സൈനികരുടെയും മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്.