ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയതോടെ ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു സമവാക്യം ഉരുത്തിരിയും; ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 'പൂജ്യം' തീരുവ; റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങില്ലേ? 'ഗിവ് ആന്‍ഡ് ടേക്ക്' പോളിസിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആര്?
ന്യൂഡല്‍ഹി: ലോകം ഉറ്റുനോക്കിയ ആ 'ബിഗ് ഡീല്‍' ഒടുവില്‍ സംഭവിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആത്മബന്ധം വെറും വാക്കുകളിലല്ല, വലിയ വിട്ടുവീഴ്ചകളിലാണ് അവസാനിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരുന്ന കടുകട്ടി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ട്രംപ് കുറച്ചു. ഇതിന് പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയതോടെ ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു സമവാക്യം പിറക്കുകയാണ്. എന്നാല്‍ ഈ 'താങ്ക്‌സ്' പറച്ചിലിന് പിന്നില്‍ ഇന്ത്യ നല്‍കേണ്ടി വന്ന വില ചെറുതല്ല എന്നതാണ് വാസ്തവം.
ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരുന്ന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇനി മുതല്‍ പൂജ്യം ശതമാനം തീരുവയേ ഉണ്ടാകൂ എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതായത് അമേരിക്കന്‍ ഐഫോണുകളും കാറുകളും മറ്റ് ഉല്‍പന്നങ്ങളും ഒരു തടസ്സവുമില്ലാതെ ഇന്ത്യന്‍ മണ്ണിലേക്ക് ഒഴുകും. ഇതിലും വലിയ ബോംബ് ട്രംപ് പൊട്ടിച്ചത് റഷ്യന്‍ എണ്ണയുടെ കാര്യത്തിലാണ്.
ഇന്ത്യ ഇനി മുതല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ട്രംപ് ആധികാരികമായി പറയുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്റെ സാമ്പത്തിക സ്രോതസ്സ് അടയ്ക്കണമെന്ന ട്രംപിന്റെ വാശിക്ക് ഇന്ത്യ വഴങ്ങിയോ എന്ന ചോദ്യമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്. റഷ്യയുമായുള്ള ദശകങ്ങള്‍ നീണ്ട സൗഹൃദത്തെ ഇത് എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.
ഇനി എന്തൊക്കെ സംഭവിക്കുമെന്നത് സങ്കീര്‍ണ്ണമാണ്. ഈ കരാറോടെ ഇന്ത്യ 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ബാധ്യസ്ഥരാകും. ഊര്‍ജ്ജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളില്‍ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വലിയ ആധിപത്യം ലഭിക്കും. റഷ്യയെ കൈവിട്ട് അമേരിക്കയെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഈ നീക്കം ഇന്ത്യയുടെ വിദേശനയത്തിലെ വലിയൊരു ചൂതാട്ടമാണ്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നിലവില്‍ വാഷിംഗ്ടണിലുണ്ട്. മാര്‍ക്കോ റൂബിയോ അടക്കമുള്ള ട്രംപിന്റെ വിശ്വസ്തരുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ ഈ 'ഗിവ് ആന്‍ഡ് ടേക്ക്' പോളിസിയുടെ യഥാര്‍ത്ഥ ഗുണദോഷങ്ങള്‍ പുറത്തുവരൂ. ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വിലകുറഞ്ഞു കിട്ടുമ്പോള്‍, നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് വരാനിരിക്കുന്ന വലിയ പ്രതിസന്ധി.
