അമേരിക്കന്‍ വിപണിയില്‍ ചൈനയെയും പാക്കിസ്ഥാനെയും പിന്നിലാക്കി ഇന്ത്യ; നിര്‍ണായക വ്യാപാര കരാറോടെ യുഎസ് വിപണിയില്‍ ഇനി ഇന്ത്യന്‍ കരുത്ത്! കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരും; ട്രംപ് പറഞ്ഞതിനപ്പുറം 'ഒന്നും പറയാതെ' മോദി; യുഎസില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ നികുതിയില്‍ അടക്കം അവ്യക്തതകള്‍
അമേരിക്കന്‍ വിപണിയില്‍ ചൈനയെയും പാക്കിസ്ഥാനെയും പിന്നിലാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അവ്യക്തതകള്‍ തുടരുന്നു. അയല്‍രാജ്യങ്ങളെയും ആഗോള വിപണിയിലെ വമ്പന്മാരെയും അമ്പരപ്പിച്ച് അമേരിക്കയുമായി ചരിത്രപരമായ വ്യാപാരക്കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന ഇറക്കുമതി നികുതി 18 ശതമാനമായി കുറച്ചു. ഇതോടെ ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നാണ് കണക്കൂട്ടല്‍. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നുമാണ കണക്കുകൂട്ടലുകള്‍.
പുതിയ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കുന്ന 18% നികുതി ആനുകൂല്യം അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ നേട്ടമാണ്. നിലവില്‍ വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന നികുതി ഇങ്ങനെയാണ്:
ഇന്ത്യ: 18%
പാകിസ്ഥാന്‍: 19%
ബംഗ്ലാദേശ്: 20%
ചൈന: 34% - 37%
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന 25 ശതമാനം അധിക നികുതി എടുത്തുമാറ്റിയതാണ് ഏറ്റവും വലിയ വഴിത്തിരിവായത്. പകരം അമേരിക്കയില്‍ നിന്നുള്ള എണ്ണയുടെയും കല്‍ക്കരിയുടെയും ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയുണ്ടായ ഈ പ്രഖ്യാപനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തിന് കാരണമായി. സെന്‍സെക്‌സ് ഒറ്റദിവസം കൊണ്ട് 3,600 പോയിന്റിലധികം കുതിച്ചുയര്‍ന്നു.
വസ്ത്രവ്യാപാരം, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നീ മേഖലകള്‍ക്ക് ഈ നികുതിയിളവ് വന്‍ കുതിച്ചുചാട്ടമുണ്ടാക്കും. 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യ വാങ്ങുമെന്നും കരാറില്‍ ധാരണയായിട്ടുണ്ട്. ചുരുക്കത്തില്‍, അമേരിക്കന്‍ വിപണിയിലെ 'മേഡ് ഇന്‍ ഇന്ത്യ' മുദ്രയ്ക്ക് ഇനി വില കുറയും, ഡിമാന്‍ഡ് കൂടും!
അതേസമയം ഇന്ത്യ - യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍ രംഗത്തുവന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സന്തോഷവാര്‍ത്തയെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും നേതൃത്വത്തിന് നന്ദി. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ -യുഎസ് വ്യാപാര കരാര്‍ പരസ്പരം വളര്‍ച്ചയ്ക്കും ശക്തമായ വ്യാപാര ബന്ധങ്ങള്‍ക്കും വഴിയൊരുക്കുമെന്നുമാണ് അമിത്ഷായുടെ പ്രതികരണം. ചരിത്രപരമായ കരാറിന് പ്രധാനമന്ത്രിയെയും ഡോണള്‍ഡ് ട്രംപിനെയും അഭിനന്ദിക്കുന്നു. ആഴമേറിയ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം ഇതോടെ ആരംഭിക്കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ധാരണയെ കോണ്‍ഗ്രസ് എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. വെടിനിര്‍ത്തല്‍ പോലെ വ്യാപാര കരാറിന്റെ പ്രഖ്യാപനവും യു എസ് പ്രസിഡന്റ് ട്രംപ് നടത്തി. മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വ്യാപാര കരാര്‍ നടക്കുന്നതെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി പൂര്‍ണ്ണമായും തുറക്കാന്‍ ഇന്ത്യ സമ്മതിച്ചതായി കരുതുന്നു. ഇത് ഇന്ത്യന്‍ വ്യവസായത്തെയും വ്യാപാരികളെയും കര്‍ഷകരെയും ബാധിക്കും.
ഇന്ത്യന്‍ കര്‍ഷകരുടെ സുരക്ഷയും താല്‍പ്പര്യങ്ങളും എങ്ങനെയാണ് ഉറപ്പാക്കിയത് എന്നതിന് വ്യക്തത വേണമെന്നും റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നും വെനിസ്വേലയില്‍ നിന്നും എണ്ണ വാങ്ങുമെന്ന വ്യവസ്ഥ മോദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ? പാര്‍ലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുത്ത് എല്ലാ വിശദാംശങ്ങളും പങ്കിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യ - യുഎസ് വ്യാപാരക്കരാര്‍ ഉള്‍പ്പെടെ പല കാര്യങ്ങളില്‍ ധാരണയായെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുറത്തുവിടാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ യുഎസ് 18 ശതമാനമാക്കി കുറയ്ക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ട്. മോദിയുടെ പ്രസ്താവന വന്നതിനുശേഷം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവും പീയൂഷ് ഗോയലും സമൂഹ മാധ്യമത്തിലൂടെ ഈ വിഷയത്തില്‍ പ്രസ്താവന നടത്തിയെങ്കിലും ട്രംപ് പറഞ്ഞതിനപ്പുറം ഒന്നും പറഞ്ഞില്ല. കരാറിനു ധാരണയായെന്ന് സൂചിപ്പിച്ച് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ക്വാത്രയുടെ പ്രസ്താവന പിന്നാലെ വന്നു.
ട്രംപിന് മോദിയുടെ ഫോണ്‍വിളി എത്താത്തതുകൊണ്ടാണു വ്യാപാരക്കരാര്‍ സാധ്യമാകാത്തത് എന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് കഴിഞ്ഞ മാസം പറഞ്ഞത്. ഇന്ത്യ അതു നിഷേധിക്കുകയും ചെയ്തിരുന്നു. എന്തായാലും, ഇന്നലെ ഫോണ്‍ സംഭാഷണം നടന്നതായി ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെ ട്രംപിന്റെ പ്രസ്താവനയുമെത്തി. ഇന്ത്യപാക്കിസ്ഥാന്‍ പ്രശ്‌നത്തിലുള്‍പ്പെടെ പ്രസ്താവന നടത്തി ട്രംപ് നേരത്തേ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിട്ടുള്ളതാണ്.
ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാറിനു ധാരണയായി ദിവസങ്ങള്‍ക്കുശേഷവും കേന്ദ്ര ബജറ്റിന്റെ പിറ്റേന്നുമാണ് കരാറിനു ധാരണയെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ സ്ഥിരീകരണം ഇന്നലെയുണ്ടായില്ലെങ്കിലും, യുഎസുമായുള്ള 'ഫാദര്‍ ഓഫ് ഓള്‍ ഡീല്‍സ്' ഉടനെയുണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു.
മോദിയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയില്‍നിന്നുള്ള എണ്ണയുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തുമെന്നും പകരം വെനസ്വേലയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി ഉറപ്പു നല്‍കിയെന്നാണ് ട്രംപ് പറയുന്നത്. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങാതിരുന്നാല്‍ അത് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. റഷ്യന്‍ എണ്ണയുടെ പേരിലായിരുന്നു ഇന്ത്യയ്ക്കുമേല്‍ 25% അധിക തീരുവ യുഎസ് ചുമത്തിയത്. ലോകസമാധാനത്തിനു ട്രംപിന്റെ നേതൃത്വം പ്രധാനമാണെന്നും ഇന്ത്യ അതിനെ പിന്തുണയ്ക്കുന്നുവെന്നും മോദി വ്യക്തമാക്കിയതില്‍നിന്ന് റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ധാരണയായെന്ന് അനുമാനിക്കേണ്ടിവരും.
യുഎസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവയിലൂടെയും അല്ലാതെയുമുള്ള തടസ്സങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഇന്ത്യയുടെ നടപടിയുണ്ടാകുമെന്നും ട്രംപ് വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റില്‍തന്നെ പല ഉല്‍പന്നങ്ങള്‍ക്കുമുള്ള തീരുവ കുറയ്ക്കുന്നതിനുള്ള തീരുമാനം ധന ബില്ലിലൂടെ സൂചിപ്പിച്ചിരുന്നു.
യുഎസില്‍നിന്ന് കാര്‍ഷികോല്‍പന്നങ്ങളുള്‍പ്പെടെ കൂടുതലായി വാങ്ങുമെന്നതാണ് മോദിയില്‍ നിന്നു ലഭിച്ചതായി ട്രംപ് പറയുന്ന മറ്റൊരു ഉറപ്പ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. കാര്‍ഷിക, പാലുല്‍പന്ന മേഖലകളെ സംബന്ധിച്ച തര്‍ക്കമാണ് കരാര്‍ സാധ്യമാകുന്നതിന് പ്രധാന തടസ്സങ്ങളിലൊന്നായി നേരത്തേ സൂചിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ വാഗ്ദാനമെന്ത് എന്നതിന്റെ വിശദാംശങ്ങള്‍ ഏറെ പ്രസക്തമാകും. യൂറോപ്യന്‍ രാജ്യങ്ങളിലെ കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്നതാണ് ഇന്ത്യയുമായുള്ള കരാറെന്ന് ഇയു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്‌കരിച്ച അഥവാ മൂല്യവര്‍ധിത ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതിയാവും കൂടുതലായി ഇന്ത്യയിലേക്ക് ഉണ്ടാവുകയെന്നാണ് ഇക്കാര്യത്തിലുള്ള സൂചന. ഇതേ രീതിയിലുള്ളതാണോ യുഎസുമായി ഉണ്ടാക്കുന്ന ധാരണയെന്ന് വ്യക്തമാകേണ്ടതുണ്ട്. കരാറിലേക്ക് എത്തിക്കുന്ന ഘടകങ്ങളെക്കുറിച്ച് തന്റെ ധാരണ ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. മോദിയുടെ ധാരണ വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
