എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ക്ലിന്റണ്‍ന്റെ ചിത്രങ്ങളും; കോണ്‍ഗ്രസ് പാനലിന് മുന്നില്‍ മൊഴി നല്‍കാന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യയും; എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടില്‍ ക്ലിന്റണ്‍

എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ക്ലിന്റണ്‍ന്റെ ചിത്രങ്ങളും

Update: 2026-02-03 06:24 GMT

വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ സമ്മതിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യ ഹിലരിയും. അമേരിക്കന്‍ നീതി ന്യായ വകുപ്പ് പുറത്തുവിട്ട രേഖകളെ സംബന്ധിച്ചുള്ള അന്വേഷണത്തോട് ഇരുവരും സഹകരിക്കുമെന്ന് ക്ലിന്റണ്‍ന്റെ വക്താവ് ഉറേന സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.

എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ക്ലിന്റണ്‍ന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഇരുവര്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു. കൂടാതെ എപ്സ്റ്റീന്‍ കേസിലെ വിവരങ്ങള്‍ മറച്ചുവെച്ചു എന്നാരോപിച്ച് ക്ലിന്റണെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ യു.എസ്. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ഒരുങ്ങിയിരുന്നു. ഇതിനിടെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറേന അറിയിച്ചത്.

അതേസമയം നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഊട്ടിയുറപ്പിക്കുന്നതിനാണ് ഇത്തരം നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഹൗസ് ഓവര്‍സൈറ്റ് കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. കേസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് പാനലിന് മുന്നിലാണ് ഇരുവരും മൊഴി നല്‍കുക. 2000 ത്തില്‍ ബില്‍ ക്ലിന്റണ്‍ എപ്സ്റ്റീന്റെ വിമാനത്തില്‍ പല തവണ സഞ്ചരിക്കുകയും ഇരുവരുടെയും ഓഫിസുകള്‍ തമ്മില്‍ നിരവധി തവണ ബന്ധപ്പെടുകയും ചെയ്തതായി ഫയലുകളില്‍ പരാമര്‍ശിച്ചിരുന്നു. ഇവയെല്ലാം അംഗീകരിച്ച ക്ലിന്റണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലായിരുന്നു എന്നും 2006ന് ശേഷം എപ്സ്റ്റീനുമായി തനിക്ക് ബന്ധമില്ലായിരുന്നു എന്നും ക്ലിന്റണ്‍ വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ നീതി ന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വിഡിയോകളുമടങ്ങിയ രേഖകളില്‍ അമേരിക്കകത്തും പുറത്തുമുള്ള പ്രമുഖര്‍ക്ക് എപ്സ്റ്റീനുമായി പങ്കുള്ളതായി പറയുന്നുണ്ട്. പുതിയ ഫയലുകള്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ബന്ധത്തിലൂടെ ഗേറ്റ്സിന് ലൈംഗികരോഗം ബാധിച്ചുവെന്നും, ഇത് തന്റെ ഭാര്യ മെലിന്‍ഡ അറിയാതെ ചികിത്സിക്കാന്‍ രഹസ്യമായി ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഈ രേഖകള്‍ അവകാശപ്പെടുന്നത്.

'ദി സണ്‍', 'ഡെയ്ലി മെയില്‍' എന്നീ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2013 ജൂലൈ മാസത്തില്‍ എപ്സ്റ്റീന്‍ തനിക്ക് തന്നെ അയച്ച ഇമെയിലുകളിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഗേറ്റ്സിന്റെ തീരുമാനത്തില്‍ എപ്സ്റ്റീന്‍ അങ്ങേയറ്റം അതൃപ്തനായിരുന്നുവെന്നും, തന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകള്‍ക്കായുള്ള അഭ്യര്‍ത്ഥനയും അടങ്ങിയ ഇമെയിലുകള്‍ ഡീലീറ്റ് ചെയ്യാന്‍ ഗേറ്റ്സ് ആവശ്യപ്പെട്ടുവെന്നും ഇതില്‍ ആരോപിക്കുന്നു. എപ്സ്റ്റീന്‍ അയക്കാതെ സൂക്ഷിച്ച കത്തുകളുടെ ഡ്രാഫ്റ്റുകളാണ് ഈ രേഖകളിലധികവും.

ഗേറ്റ്സിന്റെ മുന്‍ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും ഈ രേഖകളില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. ഗേറ്റ്സും മെലിന്‍ഡയും തമ്മിലുള്ള ദാമ്പത്യ തര്‍ക്കങ്ങളില്‍ നിക്കോളിക് വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്സിന് വേണ്ടി മരുന്നുകള്‍ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിര്‍ബന്ധിതനായെന്നും എപ്സ്റ്റീന്‍ തന്റെ കുറിപ്പുകളില്‍ അവകാശപ്പെടുന്നു.

അതേസമയം, ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ബില്‍ ഗേറ്റ്സിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്സുമായി തുടര്‍ബന്ധം നിലനിര്‍ത്താന്‍ സാധിക്കാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും ഗേറ്റ്സിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളില്‍ കാണുന്നതെന്ന് വക്താവ് വ്യക്തമാക്കി.

Tags:    

Similar News