പാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കുള്ള വ്യാപാര പാത തുറന്നുകിട്ടുന്നതിന് തടസ്സം നീങ്ങി; ഇറാനിലെ തന്ത്രപ്രധാന ചബഹാര്‍ തുറമുഖ പദ്ധതിക്കുള്ള യുഎസ് ഉപരോധത്തില്‍ ആറുമാസത്തെ ഇളവ്; ഇറാനെ മര്യാദ പഠിപ്പിക്കാന്‍ ഉപരോധം കൊണ്ടുവന്ന ട്രംപ് ഭരണകൂടത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ മികച്ച നയതന്ത്രവിജയം

ചബഹാര്‍ തുറമുഖ പദ്ധതിക്കുള്ള യുഎസ് ഉപരോധത്തില്‍ ആറുമാസത്തെ ഇളവ്

Update: 2025-10-30 11:12 GMT

ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്മേല്‍ യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ആറ് മാസത്തെ ഇളവ് ലഭിച്ചു. കഴിഞ്ഞ സെപ്തംബര്‍ 29 മുതലാണ് ഉപരോധം പ്രാബല്യത്തില്‍ വന്നത്. വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നേരത്തെ, 2018 മുതല്‍ ഇറാനിയന്‍ ഭരണകൂടത്തിനെതിരായ യു.എസ്. ഉപരോധങ്ങളുടെ ഭാഗമായി ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവ് റദ്ദാക്കാനുള്ള നീക്കം യു.എസ്. നടത്തിയിരുന്നു. അവിടെ സുപ്രധാന ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമത്തിന് നീക്കം തടസ്സമായിരുന്നു. ഇറാന്‍ ഭരണകൂടത്തിന് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഉപരോധം.

എന്നാല്‍, ഈ പുതിയ ഇളവ്, പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത തുറന്നുകിട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും.

'ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത ആറ് മാസത്തേക്ക് യു.എസ്. ഉപരോധങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഇളവ് ലഭിച്ചിരിക്കുന്നു,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

ചബഹാര്‍ തുറമുഖത്തിന്മേല്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ഒഴിവാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ഇന്ത്യ. അഫ്ഗാനിസ്ഥാനിലേക്കുള്ള അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാന്‍ ഈ തുറമുഖം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ യുഎസ് അധികൃതരുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.

ഇറാനുമേല്‍ അമേരിക്ക ഉപരോധം കടുപ്പിച്ചതിന്റെ ഭാഗമായാണ് ചബഹാറിനും തിരിച്ചടി നേരിട്ടത്. 2018-ല്‍ ഇറാനുമേല്‍ യുഎസ് ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ചബഹാറിനെ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ഇന്ത്യക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഉപരോധം വീണ്ടും വന്നതോടെ തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുള്ള ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ചബഹാര്‍ വഴി ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവക്ക് പുറമെ റഷ്യ, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യക്ക് വ്യാപാരബന്ധം സ്ഥാപിക്കാനാകും.

പാക്കിസ്ഥാനിലൂടെ കടന്നുപോകുന്നതിനു പകരം, ചബഹാര്‍ തുറമുഖം ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ സംയുക്തമായി രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാര്‍ കരാര്‍) സ്ഥാപിക്കാന്‍ ധാരണയിലെത്തിയിരുന്നു. 2018 മുതല്‍ ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെര്‍മിനലിന്റെ ആദ്യഘട്ട വികസനത്തില്‍ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് (ഐജിപിഎല്‍) മുഖേന പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ചാബഹാറിന്റെ തന്ത്രപരമായ പ്രാധാന്യം

2018-ല്‍, പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്താന്‍ ഇന്ത്യക്ക് ചാബഹാര്‍ തുറമുഖം ഒരു സുപ്രധാന പാതയായി കണക്കാക്കപ്പെട്ടിരുന്നു. ഇത് ന്യൂഡല്‍ഹിക്ക് തന്ത്രപരമായ സ്വാധീനം നല്‍കുകയും പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ ചൈന ഗ്വാദര്‍ തുറമുഖം വികസിപ്പിക്കുന്നതിന് ബദലാവുകയും ചെയ്തു. എന്നാല്‍, അതിനുശേഷം ഭൗമരാഷ്ട്രീയപരമായ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് കാബൂളിലേക്കുള്ള ഒരു സുപ്രധാന കണ്ണിയെന്ന നിലയില്‍ ചാബഹാറിന്റെ പ്രാധാന്യം കുറച്ചു.

Tags:    

Similar News