തായ്വാന് സമീപം പുതിയ സന്നാഹവുമായി ചൈന; 25 ഓളം വിമാനങ്ങളും 11 കപ്പലുകളുമായി തായ്വാന്‍ തീരത്ത് സൈനികാഭ്യാസം; 'യുക്തിരഹിതവും പ്രകോപനപരവുമായ നടപടി'; വിമര്‍ശിച്ചു തായ്വന്‍

തായ്വാന് സമീപം പുതിയ സന്നാഹവുമായി ചൈന

Update: 2024-10-14 12:07 GMT

തായ്‌പെ: തായ്വാന് മുകളില്‍ ചൈനയ്ക്കുള്ള കണ്ണ് കാലങ്ങള്‍ പഴക്കമുള്ളതാണ്. ഇടയ്ക്കിടെ തായ്‌വാനില്‍ കയറി പ്രകോപനം സൃഷ്ടിക്കുന്നതാണ് അവരുടെ ശൈലി. ഇപ്പോഴിതാ പശ്ചിമേഷ്യ സംഘര്‍ഷഭരിതമായിരിക്കുന്ന ഘട്ടത്തില്‍ വീണ്ടും യുദ്ധക്കളിയുമായി ചൈനയും. തായ്‌വാന്‍ പ്രസിഡന്റ് വില്യം ലായ് ചിംഗ് തന്റെ പ്രഥമ ദേശീയദിന പ്രസംഗം നിര്‍വഹിച്ചതിന് തൊട്ടുപിന്നാലെ സൈനികാഭ്യാസ പ്രകടനത്തിന് തുടക്കമിടുകയാണ് ചൈന.

സ്വയം ഭരണാധികാരമുള്ള ദ്വീപ് രാഷ്ട്രം ദേശീയദിനം ആചരിച്ച് ദിവസങ്ങള്‍ക്കകം തീരത്തിനടുത്ത് കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ചൈനയുടെ സൈന്യം ഒരു പുതിയ 'യുദ്ധക്കളി' ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 'ജോയിന്റ് വാള്‍-2024 ബി' എന്ന് പേരിട്ട അഭ്യാസ പ്രകടനങ്ങള്‍ തായ്വാന്‍ ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നടന്നുവരുന്നതായി ചൈനീസ് സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ലി സി പറഞ്ഞു.

യുദ്ധ-സജ്ജത, പട്രോളിംഗ്, പ്രധാന തുറമുഖങ്ങളിലും പ്രദേശങ്ങളിലും ഉപരോധം എന്നീ വിഷയങ്ങളില്‍ നാവിക-വ്യോമ പ്രകടനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കൂടാതെ കടലിലെയും കരയിലെയും ആക്രമണവും ഇതിന്റെ ലക്ഷ്യങ്ങളില്‍പെടുമെന്നും ലി സി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ 'പരമാധികാരവും ദേശീയ ഐക്യവും' സംരക്ഷിക്കുന്നതിനുള്ള നിയമാനുസൃതവും അനിവാര്യവുമായ പ്രവര്‍ത്തനമാണ് ഈ അഭ്യാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തായ്വാന്‍ പ്രതിരോധ മന്ത്രാലയം ചൈനയുടെ 'യുക്തിരഹിതവും പ്രകോപനപരവുമായ നടപടികളെ' ശക്തമായി അപലപിക്കുകയും തയ്വാന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും അതിനനുസരിച്ച് പ്രതികരിക്കുന്നതിനും ഉചിതമായ 'ശക്തി'കളുണ്ടെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. തായ്വാന്‍ ജനതയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ജീവിതരീതിയെ ചൈന മാനിക്കണമെന്നും സൈനിക പ്രകോപനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

25 ഓളം യുദ്ധ വിമാനങ്ങളും നാവികസേനയുടേതുള്‍പ്പടെ 11 കപ്പലുകളും തായ്വാനിന് ചുറ്റും വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈന അവകാശവാദമുന്നയിച്ചുവരുന്ന തായ്വാന് ചുറ്റും സമീപ വര്‍ഷങ്ങളില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

തെക്ക്-കിഴക്കന്‍ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈല്‍ അകലെയാണ് തായ്വാന്‍ ദ്വീപ് രാഷ്ട്രം സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ തായ്വാന്‍ ചൈനീസ് സാമ്രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ആയിരുന്നു. പിന്നീട് 1895-ല്‍ ഇത് ഒരു ജാപ്പനീസ് കോളനിയായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിനുശേഷം ചൈന ദ്വീപ് വീണ്ടെടുത്തു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും 1949-ല്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനയുടെ ഭരണം പിടിക്കുകയും ചെയ്തു. പരാജയപ്പെട്ട കുമിന്‍താങ്ങിന്റെ നാഷണലിസ്‌റ് പാര്‍ട്ടി ദ്വീപിലേക്ക് പലായനം ചെയ്യുകയും തായ്വാന്‍ എന്ന സ്വതന്ത്ര രാജ്യം രൂപീകരിച്ച് ഭരണം ആരംഭിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. അന്ന് മുതല്‍ തന്നെ തായ്വാന്‍ ചൈനക്ക് മേല്‍ കണ്ണുവെക്കുന്നുണ്ട്.

ചൈനയെ സംബന്ധിച്ചിടത്തോളം തായ്വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്വാന്‍ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന വാദിക്കുന്നു. എന്നാല്‍ സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്ള തായ്വാന്‍ തങ്ങളെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രമായാണ് കാണുന്നത്. തായ്വാന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് 13 രാജ്യങ്ങള്‍ മാത്രമാണ്. തായ്വാനുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ സമ്മര്‍ദം ചെലുത്തലാണ് ചൈനയുടെ രീതി.

തായ്വാന്‍ ഏതുവിധേനയും തിരിച്ചെടുക്കുമെന്ന് ചൈനയും അധിനിവേശത്തിനെതിരെ പോരാടുമെന്ന തായ്വാനും ഉറപ്പിച്ച് പറയുന്നു. വളരെ വര്ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കിഴക്കന്‍ ഏഷ്യയില്‍ സജീവമായി നിലനില്‍ക്കുകയാണ്. അടുത്തിടെ തായ്വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയതാണ് ചൈനക്ക് തിരിച്ചടിയായത്. തായ്വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് നിയുക്ത പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ് തെ. പിന്നാലെ തന്നെ തായ് വാന് മുന്നറിയുപ്പമായി ചൈന സൈനിക നീക്കങ്ങള്‍ ആരംഭിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News