'തീരുവ യുദ്ധമാണങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും ചൈന അതിന് തയാറാണ്; അവസാനം കാണുന്നത് വരെ പോരാടും'; യു.എസ് ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം
യുദ്ധമാണ് യു.എസിന് വേണ്ടതെങ്കിൽ തയാറാണ്; അവസാനം വരെ പോരാടുമെന്ന് ചൈന
ബീജിങ്: അമേരിക്ക തുടക്കമിട്ട വ്യാപാര യുദ്ധത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ് ലോകരാജ്യങ്ങള്‍. ചൈനയാണ് ട്രംപിനെ വെല്ലുവിളിച്ച് ഒടുവില്‍ രംഗത്തുവന്നത്. യുദ്ധമാണ് യു.എസിന് വേണ്ടതെങ്കില്‍ അതിന് തയാറാണെന്ന് ചൈന വ്യക്തമാക്കി. തീരുവ യുദ്ധമാണങ്കിലും വ്യാപാരയുദ്ധമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും ചൈന അതിന് തയാറാണ്. അവസാനം കാണുന്നത് വരെ പോരാടുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
യു.എസ് ചൈനക്ക് മേല്‍ 10 ശതമാനം അധിക തീരുവ ചുമത്തിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം. നിസാര കാരണങ്ങള്‍ പറഞ്ഞാണ് യു.എസ് ചൈനക്ക് അധിക തീരുവ ചുമത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. യു.എസിനെ സഹായിക്കാനാണ് ചൈന ശ്രമിച്ചിട്ടുള്ളത്. ചൈനയുടെ ഈ ശ്രമങ്ങളെ അംഗീകരിക്കുന്നതിന് പകരം കുറ്റം മുഴുവന്‍ ഞങ്ങളുടെമേല്‍ ചാര്‍ത്താനാണ് യു.എസ് ശ്രമിക്കുന്നത്. കൂടുതല്‍ തീരുവ ചുമത്തി ചൈനയെ സമ്മര്‍ദത്തിലാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ല. ചൈനയുമായി ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുള്ള നല്ല വഴി ഇതല്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം പരിഹരിക്കണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചൈനയുമായി ചര്‍ച്ചക്ക് തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ചിരുന്നു ചൈന. പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി ത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. ലോക വ്യാപാര സംഘടനയില്‍ അമേരിക്കക്കെതിരെ നിയമനടപടിക്കും ചൈന തുടക്കം കുറിച്ചു. മാര്‍ച്ച് 10 മുതല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ചൈനയുടെ കസ്റ്റംസ് താരീഫ് കമ്മീഷണന്‍ അറിയിച്ചിരിക്കുന്നത്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നത്. സോര്‍ഗം, സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, അക്വാട്ടിക്ക് പ്രോഡക്ടസ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക നികുതി ചുമത്തും. കൂടാതെ 10 യുഎസ് സ്ഥാപനങ്ങളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുമാണ് ചൈനയുടെ തീരുമാനം. പ്രതിരോധ, സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യോമയാനം, ഐടി, സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക അധിക നികുതി ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തര്‍ക്ക പരിഹാര വിഭാഗത്തിന് കീഴില്‍ ചൈന നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് ചൈന പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തിയത്.
അമേരിക്കയുടെ നീക്കം ചൈന-യുഎസ് സാമ്പത്തിക, വ്യാപാര സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും അവ ഇല്ലാതാക്കുന്നതാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. യുഎസ് ഏകപക്ഷീയമായി താരിഫ് ചുമത്തുന്നത് ബഹുമുഖ വ്യാപാര സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും കമ്മീഷന്‍ പറഞ്ഞു. ചൈനയുടെ വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ അധിക നീകുതി ഏര്‍പ്പെടുത്താന്‍ ട്രംപ് തീരുമാനിച്ചതെന്നും ശ്രദ്ധേയമാണ്.