അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ല; സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും; അവസാനംവരെ പോരാടുമെന്ന് ചൈന; താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്‍ക്കുനേര്‍

താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്‍ക്കുനേര്‍

Update: 2025-04-08 06:28 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധത്തില്‍ ഏറ്റുമുട്ടല്‍ വഴിയില്‍ ചൈനയും. ട്രംപിന്റെ താരിഫ് ഭീഷണികളോട് അവസാനംവരെ പോരാടുമെന്ന് വ്യക്തമാക്കിയാണ് ചൈന നിലപാട് സ്വീകരിച്ചത്. അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും അതിലൂടെ അവരുടെ ബ്ലാക്ക്മെയിലിങ് സ്വഭാവമാണെന്ന് വെളിപ്പെടുന്നതെന്നും ചൈന ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

''ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും,''യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു. ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു.

യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ''ചൈന സ്വീകരിച്ച പ്രതിരോധ നടപടികള്‍ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും രാജ്യാന്തര വ്യാപാര ക്രമം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. അവ പൂര്‍ണമായും നിയമാനുസൃതമാണ്. ചൈനയ്ക്കുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന യുഎസ് ഭീഷണി ഒരു തെറ്റിനു മുകളില്‍ മറ്റൊരു തെറ്റ് ചെയ്യലാണ്. ചൈന ഒരിക്കലും ഇത് അംഗീകരിക്കില്ല. യുഎസ് പ്രതികാര നടപടികളില്‍ ഉറച്ചുനിന്നാല്‍ ചൈന അതിനെതിരെ അവസാനം വരെ പോരാടും,'' ചൈനീസ് മന്ത്രാലയം അറിയിച്ചു.

യുഎസിനെതിരേ പ്രതികാര നടപടിയായി നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്ന ഏതൊരു രാജ്യത്തിനും അധിക നികുതി നല്‍കേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി രംഗത്തുവന്നിരുന്നു. യുഎസിന് മേല്‍ ചൈന ചുമത്തിയ 34 ശതമാനം നികുതി ഏപ്രില്‍ എട്ടിനകം പിന്‍വലിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 50 ശതമാനം അധിക തീരുവ ചൈനയ്ക്ക് മേല്‍ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കുമെന്നും താരിഫ് വിഷയത്തില്‍ യുഎസുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

യുഎസിന്റെ പകരച്ചുങ്കം തങ്ങളെ ഉലയ്ക്കില്ലെന്ന സൂചന നല്‍കി ചൈനീസ് വാണിജ്യസഹമന്ത്രി ലിങ് ജി രംഗത്തെത്തിയിട്ടുണ്ട്. വിദേശനിക്ഷേപങ്ങള്‍ക്കുള്ള വാഗ്ദത്തഭൂമിയായി ചൈന തുടരുമെന്നും യുഎസ് കമ്പനികളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച 34 ശതമാനം പകരച്ചുങ്കമാണ് ചൈനയ്ക്ക് യുഎസ് പ്രഖ്യാപിച്ചത്. അതിനുമുന്‍പ് രണ്ടുതവണയായി പ്രഖ്യാപിച്ച 10 ശതമാനം തീരുവകളുള്‍പ്പെടെ നിലവില്‍ ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 54 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈന തിരിച്ചടിച്ചിരുന്നു. ഗാഡലിനിയം, യിട്രിയം തുടങ്ങിയ ഒന്‍പത് അപൂര്‍വധാതുക്കളുടെ കയറ്റുമതിയിലും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ചൈന പ്രഖ്യാപിച്ച തീരുവ, യുഎസില്‍നിന്നുള്ളതുള്‍പ്പെടെ എല്ലാ കമ്പനികളുടെയും നിയമപരമായ അവകാശവും താത്പര്യവും സംരക്ഷിക്കുന്നതാകുമെന്ന് ലിങ് യുഎസ് കമ്പനികളുടെ പ്രതിനിധികളോട് പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവ് ഇലോണ്‍ മസ്‌കിന്റെ വൈദ്യുതകാര്‍നിര്‍മാണക്കമ്പനിയായ ടെസ്‌ലയുടെ പ്രതിനിധിയും സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്ന ചൈനയുടെ തീരുവ അമേരിക്കയെ ബഹുമുഖ വ്യാപാരസംവിധാനത്തിന്റെ ശരിയായ പാതയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീരുവ ദുരുപയോഗം ചെയ്യുന്നവരില്‍ മുന്‍പില്‍നില്‍ക്കുന്ന രാജ്യമാണ് ചൈനയെന്ന് ട്രംപ് പറഞ്ഞു.

Tags:    

Similar News