'ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ല; ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്; ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകും'; പുതുവത്സര ദിനത്തില്‍ തയ്‌വാന് മുന്നറിയിപ്പുമായി ഷീ ജിങ് പിങ്; തായ്വാന്‍ പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച ചൈന പുതുവര്‍ഷത്തില്‍ രണ്ടും കല്‍പ്പിച്ചോ?
'ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ല
ബീജിങ്: പുതുവത്സര ദിനത്തില്‍ തായ്വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്. ചൈനയുടേയും തായ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ലെന്ന് ഷീ പറഞ്ഞു. തയ്വാന്റെ ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്. അവരുടെ കൂടിചേരല്‍ ആര്‍ക്കും തടയാനാവില്ലെന്നും ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തയ്വാനില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.
നിരന്തരമായി യുദ്ധകപ്പലുകളും വിമാനങ്ങളും അയച്ച് രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെയാണ് പുതുവത്സരദിനത്തില്‍ ഷീയുടെ പ്രസ്താവന കൂടി പുറത്ത് വരുന്നത്. തയ്വാനെ കൈപിടിയിലൊതുക്കാന്‍ ഇതുവരെ ഒരു ആക്രമണത്തിന് ചൈന മുതിര്‍ന്നിട്ടില്ല. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ ലോകരാജ്യങ്ങളുടെ പിന്തുണ തായ്വാനുണ്ട്. തായ്വാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ചൈന യു.എസിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
എന്നാല്‍, ആയുധ വില്‍പനയില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക ഇതുവരെ തയാറായിട്ടില്ല. അതേസമയം, കഴിഞ്ഞ പുതുവത്സര ദിനത്തിലും സമാനമായ പ്രസ്താവന ഷീ ജിങ്പിങ് നടത്തിയിരുന്നു. അന്നും കൂടിചേരല്‍ വൈകില്ലെന്ന സൂചനയാണ് ചൈനീസ് പ്രസിഡന്റ് നല്‍കിയത്. തായ്വാനെ കൂട്ടിച്ചേര്‍ക്കാന്‍ ബലപ്രയോഗത്തിനും ചൈന മടിക്കില്ല എന്ന സൂചനയും അദ്ദേഹം നല്‍കി. തായ്വാനില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ലൈ ചിങ് തേ പുതിയ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം മൂന്ന് തവണ ചൈനീസ് അതിര്‍ത്തിയ്ില്‍ സൈനിക അഭ്യാസ പ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ മാസം ആദ്യവും ഇത്തരത്തില്‍ ചൈനീസ് സൈന്യം അഭ്യാസം നടത്തിയിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തായ് വാന്‍ കടലിടുക്കിന്റെ ഇരു ഭാഗങ്ങളിലും ഉള്ള ചൈനീസ് പൗരന്‍മാര്‍ ഒരു കുടുംബമാണെന്നും ഈ രക്തബന്ധത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്യുമെന്നുമാണ് ഷീജിങ് പിങ്ങ് മുന്നറിയിപ്പ്് നല്‍കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇരുപതിന് ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തെ വളരെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
തായ് വാന്‍ വിഷയത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ ഇപ്പോഴും കടുത്ത തര്‍ക്കമാണ് നിലനില്‍ക്കുന്നത്. തായ്വാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അമേരിക്ക അവര്‍ക്ക് വന്‍തോതില്‍ ആയുധസഹായം നല്‍കുന്നുണ്ട്. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ചൈന തുടര്‍ന്നു വരുന്ന വാണിജ്യമേഖലയിലെ തെറ്റായ നയങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്് ട്രംപ് പല വട്ടം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ ചൈന നിഷേധിക്കുകയായിരുന്നു.
ചൈന ഇപ്പോഴും തായ്വാനെ സ്വന്തം ഭൂവിഭാഗമായിട്ടാണ് കണക്കാക്കുന്നത്. വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ചും ഈ രാജ്യത്തെ ചൈനയോട് ചേര്‍ക്കുമെന്നാണ് ചൈനീസ് സര്‍്ക്കാര്‍ നിലപാട് എടുത്തിരുന്നത്. ചൈന തായ്വാന് ചുറ്റും യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും അണിനിരത്തി അഭ്യാസ പ്രകടനം നടത്തിയത് ഒരു മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു.