'ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്; മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയും'; ഭീഷണി മുഴക്കി ട്രംപ്; ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജന് വിജയ സാധ്യതയേറുന്നു

'ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്

Update: 2025-11-04 08:20 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തിരിഞ്ഞെടുപ്പു വരാനിരിക്കവേ ഭീഷണി മുഴക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കമ്മ്യൂണിസ്റ്റായ സൊഹ്റാന്‍ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയുമെന്നാണ് ട്രംപിന്റെ ഭീഷണി. ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ സൊഹ്റാന്‍ മംദാനി എത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ട്രംപ് എതിര്‍പ്പുയര്‍ത്തുന്നത്.

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍, ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണെന്നാണ് ട്രംപ് പറഞ്ഞത്. മംദാനിയാണ് മേയറെങ്കില്‍ ന്യൂയോര്‍ക്കിന് ധാരാളം പണം നല്‍കുന്നത് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ബുദ്ധിമുട്ടായിരിക്കും എന്നും ട്രംപ് പറയുന്നു. നിലവില്‍ സ്റ്റേറ്റ് അംസബ്ലി അംഗമായ 34 കാരനായ സൊഹ്റാന്‍ മംദാനി നാളുകളായി ട്രംപിന്റെ കണ്ണിലെ കരടാണ്.

നിര്‍ണായകമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരാണ് മംദാനിയുടെ എതിരാളികള്‍. മംദാനിക്കാന് കൂടുതല്‍ സാധ്യത പ്രവചിക്കപ്പെടുന്നത്. പ്രസിഡന്റ് ട്രംപിനെ നേരിടാനായി ഒരാളെ വേണമെന്നാണ് മംദാനിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരില്‍ വിമര്‍ശിച്ചതും ഉള്‍പ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഗാസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ എതിര്‍ക്കുകയും ന്യൂയോര്‍ക്കില്‍ എത്തിയാല്‍ യുദ്ധക്കുറ്റവാളിയായ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്നമാണെന്നും മംദാനി ആരോപിച്ചിരുന്നു.

അതേസമയം മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസകളും അറിയിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഒബാമ വാഗ്ദാനം ചെയ്തു. തന്റെ പ്രധാന എതിരാളിയായ മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോക്കും റിപ്പബ്ലിക്കന്‍ നോമിനിയായ കര്‍ട്ടിസ് സ്ലീവക്കും എതിരായ മംദാനിയുടെ പ്രചാരണ മിടുക്കിനെയും ഒബാമ പ്രശംസിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്ക് നഗരത്തിലേക്ക് പുതിയ രാഷ്ട്രീയം കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോണില്‍ ഇരുവരും സംസാരിച്ചുവെന്നും മംദാനിയെ ഒബാമ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തിന്റെ വക്താവ് ഡോറ പെകെക്കും പറഞ്ഞു. മംദാനിയുടെ പ്രചാരണത്തെ കുറിച്ച് പറയുമ്പോള്‍ മുന്‍കാലത്ത് സ്വന്തമായി നടത്തിയ രാഷ്ട്രീയ തെറ്റുകളെകുറിച്ചും ഹാസ്യരൂപേണ ഒബാമ കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഡെമോക്രാറ്റുകളോട് ഒബാമ ആഹ്വാനം ചെയ്തിരുന്നു. ട്രംപിന്റെ ഭരണത്തിനു കീഴില്‍ അമേരിക്കയില്‍ നടക്കുന്നതെല്ലാം അധാര്‍മികവും നിയമലംഘനവുമാണെന്നും ഒബാമ പറഞ്ഞിരുന്നു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.എസില്‍ ശനിയാഴ്ച നടന്ന പ്രചരണ റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിര്‍ജീനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാഥികളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറിനും മിക്കി ഷെറിലിനും വേണ്ടിയാണ് ഒബാമ പ്രചരണത്തിനിറങ്ങിയത്.

ഉഗാണ്ടയില്‍ ജനിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി, പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രൈമറിയില്‍ ക്യൂമോയും സ്ലിവയും നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി മുന്നിട്ടു നില്‍ക്കുന്നു. ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ക്യൂമോ, ഡെമോക്രാറ്റിക് പ്രൈമറിയില്‍ മംദാനിയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ജൂണ്‍ 24ന് പ്രൈമറിയില്‍ മികച്ച വിജയം നേടിയ മംദാനി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

നേരത്തെ മംദാനിക്കെതിരെ ട്രംപ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദത്തിലായിരുന്നു. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍, കാണാന്‍ ഭയാനകം, പരുക്കന്‍ ശബ്ദം.. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു' എന്നിങ്ങനെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് മംദാനി ജനിച്ചത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ന്യൂയോര്‍ക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്‌റാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്.

Tags:    

Similar News