ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ റദ്ദാക്കിയ വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയില്‍; കുടിയേറ്റം, സര്‍ക്കാര്‍ ചെലവ് തുടങ്ങിയവയില്‍ ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തല്‍ നടത്തിയിയെന്ന് വാദം

ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ റദ്ദാക്കിയ വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയില്‍

Update: 2025-03-25 08:31 GMT

വാഷിങ്ടണ്‍: ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കൂട്ടപ്പിരിച്ചുവിടലാണ് അമേരിക്കയിലെ പല വകുപ്പുകളിലും നടക്കുന്നത്. ഇതിനെതിരെ ചില കോടതികളില്‍ നിന്നും ഉത്തരവുകള്‍ എത്തിയരുന്നു. എന്നാല്‍ ആയിരക്കണക്കിന് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ റദ്ദാക്കിയ കീഴ്‌കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചരിക്കയാണ്. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കാലിഫോര്‍ണിയ, മേരിലാന്‍ഡ് അടക്കമുള്ള കോടതികളുടെ ഉത്തരവിനെതിരെയാണ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കുടിയേറ്റം, സര്‍ക്കാര്‍ ചെലവ് തുടങ്ങിയവയില്‍ ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്ന് ആക്ടിങ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

19ഓളം ഫെഡറല്‍ ഏജന്‍സികളില്‍ നിന്നാണ് പ്രൊബേഷനിലുള്ള ജീവനക്കാരെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടത്. ഈ നടപടിക്കെതിരെ ഡെമോക്രാറ്റ് പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി, കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ, യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മൂന്ന് ഏജന്‍സികള്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.

അഗ്രികള്‍ച്ചര്‍, കോമേഴ്‌സ്, വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം, ഹ്യൂമന്‍ സര്‍വീസ്, ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ്, ഇന്റീരിയര്‍, ലേബര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ട്രഷറി, വെറ്ററന്‍സ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെയും തിരിച്ചെടുക്കാന്‍ കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. കൂട്ടപിരിച്ചുവിടല്‍ കേസുകളില്‍ കോടതികളില്‍ നിന്ന് തുടര്‍ച്ചയായി പ്രതികൂല വിധികള്‍ ഉണ്ടാവുന്നത് ഡോണള്‍ഡ് ട്രംപിനും ഇലോണ്‍ മസ്‌കിനും വലിയ തിരിച്ചടിയാണ്. ഇതാണ് ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്ന് കീഴ്‌കോടതികളുടെ വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചത്.

യു.എസ്. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അതിനാല്‍ പൊതു വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ഉത്തരവ് പറയുന്നു. എന്നാല്‍, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ട്രംപിന് കോണ്‍ഗ്രസിന്റെയും അധ്യാപക യൂനിയനുകളുടെയും പിന്തുണ ആവശ്യമാണ്.

പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഫെഡറല്‍ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ അടച്ചുപൂട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. വലിയ തട്ടിപ്പെന്നാണ് വിദ്യാഭ്യാസ വകുപ്പിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. പ്രസിഡന്റായ ആദ്യ ഊഴത്തില്‍ തന്നെ ഇത് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, പക്ഷേ കോണ്‍ഗ്രസ് നിര്‍ദേശം നടപ്പിലാക്കിയില്ല.

വിവിധ വിദ്യാഭ്യാസ സഹായങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഈ വകുപ്പില്‍ 4,200ലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഈ വര്‍ഷം ആകെ 251 ബില്യണ്‍ ഡോളര്‍ ബജറ്റ് ചെലവഴിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

Tags:    

Similar News