ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയില്‍ കോപിച്ച് ബ്രിട്ടനിലെ ഒരുപറ്റം കുടിയേറ്റക്കാര്‍; ട്രംപിനെതിരെ വമ്പന്‍ ജാഥക്ക് പദ്ധതി ഒരുങ്ങുന്നു; സ്‌കോട്‌ലന്‍ഡിലെ ഭൂരിപക്ഷം പോലീസുകാരും സുരക്ഷാ ഡ്യൂട്ടിയില്‍: ഗോള്‍ഫ് കളിച്ചു രസിച്ച് ട്രംപ് മുന്‍പോട്ട്

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയില്‍ കോപിച്ച് ബ്രിട്ടനിലെ ഒരുപറ്റം കുടിയേറ്റക്കാര്‍

Update: 2025-07-27 04:06 GMT

എഡിന്‍ബര്‍ഗ്: കനത്ത സുരക്ഷയൊരുക്കിയ ടേണ്‍ബെറിയിലെ ഗള്‍ഫ് കോഴ്സില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ജീവിതം ആസ്വദിക്കുകയാണ്. മകന്‍ എറിക്കുമൊത്ത് ഗോള്‍ഫ് കളിയാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് ട്രംപ് ബ്രിട്ടനിലെത്തുന്നത്. വന്നെത്തിയപ്പോള്‍ തന്നെ, കുടിയേറ്റക്കാരുടെ അധിനിവേശം യൂറോപ്പിനെ നശിപ്പിക്കും എന്ന വിവാദ പ്രസ്താവനയായിരുന്നു അദ്ദേഹം ഇറക്കിയത്. അങ്ങനെ അദ്ദേഹത്തിന്റെ സ്വകാര്യ സന്ദര്‍ശനവും മാധ്യമങ്ങളിലൊ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

ഗോള്‍ഫ് കോഴ്സിനു മുന്നിലുള്ള റോഡില്‍ ഗതാഗതവും പോലീസ് വേലികെട്ടി പരിമിതപ്പെടുത്തിയിരിക്കുകയാണ്. സമീപവാസികള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് അവിടേക്ക് പ്രവേശിക്കാന്‍ കഴിയുക. ചുരുക്കം ചില പതിവ് ഗോള്‍ഫ് കളിക്കാരും അവിടെയെത്തുന്നുണ്ട്. സ്‌കോട്ട്‌ലാന്‍ഡിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ടേണ്‍ബറിയില്‍ താമസിക്കുന്നത്. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുമായും സ്‌കോട്ട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡേര്‍ ലെയെനുമായി കൂടിക്കാഴ്ച നടത്താനും ട്രംപ് സമയം നല്‍കിയീട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധത്തെ കുറിച്ചായിരിക്കും പ്രധാനമായും ഇരുവരും ചര്‍ച്ച ചെയ്യുക. ഇന്നലെ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍, ട്രംപ് ഗോള്‍ഫ് കളിച്ചായിരുന്നു സമയമ കളഞ്ഞത്. അതിനിടയില്‍ എഡിന്‍ബര്‍ഗിലും അബെര്‍ഡീനിലും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ വലിയോരു പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ് കുടിയേറ്റാനുകൂലികള്‍.

ഇന്നലെ ഐഷയറില്‍ എത്തിയ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അനധികൃത കുടിയേറ്റം തടയാന്‍ യൂറോപ്പ് ഒരുമിച്ച് നില്‍ക്കണമെന്നും അതല്ലെങ്കില്‍ യൂറോപ്യന്‍ ഭൂഖണ്ഡം നശിക്കുമെന്നും പറഞ്ഞത്. തന്റെ ബാല്‍മെഡിയില്‍ ഉള്ള റിസോര്‍ട്ടില്‍ ട്രംപ് ഇന്ന് പുതിയൊരു ഗോള്‍ഫ് കോഴ്സ് കൂടി തുറക്കും. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ വലിയൊരു ഉറവിടമായ കാറ്റാടി പാടങ്ങള്‍ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു. പ്രകൃതി ഭംഗി നശിപ്പിക്കുകയും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഏറെ അപകടമുണ്ടാക്കുകയും ചെയ്യുന്ന അവ പക്ഷെ ആവശ്യത്തിനുള്ള ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News