ട്രംപിന്റെ ഇന്ത്യാവിരുദ്ധത പരിധിവിടുന്നോ? ഇന്ത്യന്‍ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കരുതെന്ന് മൈക്രോസോഫ്ടിനും ഗൂഗിളിനും ട്രംപിന്റെ മുന്നറിയിപ്പ്; ട്രംപിന്റെ വാക്കുകള്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ക്കും എതിരായ നീക്കത്തിന്റെ തുടക്കമെന്ന് ആശങ്ക
ട്രംപിന്റെ ഇന്ത്യാവിരുദ്ധത പരിധിവിടുന്നോ?
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രതികാര ബുദ്ധിയോടെ നീങ്ങുന്നതായി സൂചനകള്‍. ഇത് ഇന്ത്യന്‍ ഐടി മേഖലയിലും പ്രതിഫലനം ഉണ്ടാക്കുമെന്നാണ് സൂചനകള്‍. ചൈനയില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള ടെക് തൊഴിലാളികളെ നിയമിക്കുന്നതിനും പകരം അമേരിക്കന്‍ കമ്പനികള്‍ സ്വന്തം രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയിലാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്.
ആ നാളുകള്‍ കഴിഞ്ഞു പോയി, ഇനി സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കും വേണമെങ്കിലും ജോലി നല്‍കാമെന്ന നയം പാടില്ലെന്ന് മുന്നറിയിപ്പും നല്‍കി. ടെക് വ്യവസായത്തില്‍ 'ആഗോളവാദ മാനസികാവസ്ഥ' വേണ്ട എന്നാണ് ഓര്‍മ്മപ്പെടുത്തല്‍. അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ഗൂഗിളും മൈക്രോസോഫ്ടും പോലുള്ള കമ്പനികള്‍ ലാഭം കൊയ്യുകയാണ്. അതേസമയം രാജ്യത്തിന് പുറത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്നും പറഞ്ഞ ട്രംപ് തന്റെ പ്രതികാര ചുങ്കം വഴി വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്നും സൂചന നല്‍കി.
''എഐ ഇന്‍ഫ്രാസ്ട്രക്ചറിലും ഓട്ടോമൊബൈല്‍സ് പോലുള്ള മറ്റ് നിരവധി വ്യവസായങ്ങളിലുമുള്ള വമ്പിച്ച നിക്ഷേപ വരാനിരിക്കയാണ്. ഇത് ആയിരക്കണക്കിന് മികച്ച ശമ്പളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ധാരാളം ബ്ലൂ-കോളര്‍ ജോലികളും ഉണ്ടാവും. പതിറ്റാണ്ടുകളായി, വിദേശ രാഷ്ട്രങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമയം ചെലവഴിച്ച നേതാക്കള്‍ നമുക്കുണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴില്‍ നമ്മുടെ രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ പോകുന്ന നേതാക്കളാണ് നമുക്കുണ്ടാകുക.
'നമ്മുടെ പല ടെക് കമ്പനികളും അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അയര്‍ലന്റില്‍ ലാഭം പൂഴ്ത്തിവെയ്ക്കുകയും ചെയ്യുകയാണ്. ഇവിടുത്തെ പൗരന്‍മാരെ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആ നാളുകള്‍ കഴിഞ്ഞു'' .
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചുള്ള തുടക്കമായാണ് ട്രംപിന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഉത്പാദനം വര്‍ധിപ്പിക്കയും മറ്റു രാജ്യങ്ങളെ അവയുടെ ഇറക്കുമതിക്കുള്ള കോളനികള്‍ ആക്കുകയുമാണ് ലക്ഷ്യം. ഇതോടെ എച്ച്1-ബി വിസ ഉടമകളെയും യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും ഉന്നംവെച്ച് ഉണ്ടായ കടുത്ത നടപടികള്‍ക്ക് പിന്നിലെ ദീര്‍ഘകാല ലക്ഷ്യവും പുറത്താവുകയാണ്.
എ ഐ അധിഷ്ഠിത ലോകത്തെ മത്സരം വിജയിക്കുന്നതിന് സിലിക്കണ്‍ വാലിയിലും സിലിക്കണ്‍ വാലിക്ക് അപ്പുറവും ദേശസ്നേഹത്തിന്റെയും ദേശീയ വിശ്വസ്തതയുടെയും ഒരു പുതിയ മനോഭാവം ആവശ്യമായി വരും എന്നു പറഞ്ഞ ട്രംപ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആ പേരില്‍ വിശേഷിപ്പിക്കരുത്. പകരം പ്രതിഭ എന്ന പദമാണ് കൂടെ ചേര്‍ക്കേണ്ടത് എന്നും എ ഐ ഉച്ചകോടിക്കിടെ പറഞ്ഞു. കോളനി വല്‍ക്കരണത്തിന്റെ എ ഐ അനന്തര കാലത്തിന്റെ മാതൃക മുന്നോട്ട് വെച്ചു.
ഉച്ചകോടിയില്‍ ട്രംപ് മൂന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചു. എഐ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ തന്ത്രം, അക വികസിപ്പിക്കുന്നതിന് ഫെഡറല്‍ ഫണ്ടിംഗ് നേടാന്‍ കമ്പനികളെ പ്രേരിപ്പിക്കുക, അമേരിക്കന്‍ നിര്‍മ്മിത അക ഉപകരണങ്ങള്‍ക്ക് സഹായം, കയറ്റുമതി, എന്നിവ നേടുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ഇവ. 'ഭാവിയിലെ എ ഐ വ്യവസായത്തെ നിയന്ത്രിക്കുന്ന 50 വ്യത്യസ്ത സംസ്ഥാനങ്ങളല്ല, മറിച്ച് ഒരൊറ്റ ഫെഡറല്‍ മാനദണ്ഡമാണ് യുഎസിന് വേണ്ടത്' എന്ന് ഫഡറലിസത്തിന് എതിരായ തന്റെ കാഴ്ചപ്പാടും ഇടയില്‍ അവതരിപ്പിച്ചു.