വധശിക്ഷ വിധിച്ചത് ജനാധിപത്യ അധികാരമില്ലാത്ത വ്യാജ ട്രിബ്യൂണല്‍; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം; കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്നും ഷെയ്ഖ് ഹസീന; ബംഗ്ലാദേശിനെ കിഴക്കന്‍ പാക്കിസ്ഥാന്‍ ആക്കി മാറ്റാന്‍ ശ്രമമെന്ന് അവാമി ലീഗ്

Update: 2025-11-17 12:17 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ തനിക്കെതിരെ വധശിക്ഷ വിധിച്ച അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ (ഐസിടി) വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ഖ് ഹസീന പ്രതികരിച്ചു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു ശേഷം 2024 ഓഗസ്റ്റ് 5 മുതല്‍ പ്രവാസത്തില്‍ കഴിയുകയാണ് ഷെയ്ഖ് ഹസീന.

നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ഹസീന ആവര്‍ത്തിച്ചു. തെളിവുകള്‍ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലില്‍ ആരോപകരെ നേരിടാന്‍ തനിക്ക് ഭയമില്ലെന്ന് അവര്‍ വ്യക്തമാക്കി. ഐസിസി തന്നെ കുറ്റവിമുക്തയാക്കുമെന്ന് അവര്‍ക്കറിയാമെന്നും അതിനാലാണ് ഇടക്കാല ഭരണകൂടം അത്തരം ഒരു പരിശോധനയെ എതിര്‍ക്കുന്നതെന്നും അവര്‍ ആരോപിച്ചു.

തന്റെ അസാന്നിധ്യത്തില്‍ ബംഗ്ലാദേശില്‍ നടന്ന വിചാരണ നടപടികളെ വിമര്‍ശിച്ച അവര്‍, കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാന്‍ പോലും സാധിച്ചില്ലെന്നും പറഞ്ഞു. ഐസിടിക്ക് അന്താരാഷ്ട്ര സ്വഭാവമില്ല, അത് ഒരു തരത്തിലും നിഷ്പക്ഷവുമല്ല എന്ന് പറഞ്ഞ അവര്‍, രാഷ്ട്രീയ എതിരാളികള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അക്രമങ്ങളെ അവഗണിച്ച് ട്രിബ്യൂണല്‍ അവാമി ലീഗ് അംഗങ്ങളെ മാത്രം വിചാരണ ചെയ്തുവെന്നും ആരോപിച്ചു. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ല എന്ന് വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു.

ബംഗ്ലാദേശിലെ അവസാനമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ നീക്കം ചെയ്യാനും അവാമി ലീഗിനെ ഒരു രാഷ്ട്രീയ ശക്തിയല്ലാതാക്കാനുമാണ് കോടതിയെ ഉപയോഗിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ പറഞ്ഞു. യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി എന്നും അവര്‍ അവകാശപ്പെട്ടു. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു.

യൂനുസിന്റെ സൈന്യം രാജ്യത്തുടനീളം പ്രതികാര ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുവെന്നും അവാമി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും സ്വത്തുക്കളും നശിപ്പിച്ചുവെന്നും ഹസീന ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ട്രിബ്യൂണലിന്റെ വാദങ്ങളോട് പ്രതികരിച്ച ഹസീന, ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭം ബംഗ്ലാദേശിന് ഒരു ദുരന്തമായിരുന്നു എന്ന് പറഞ്ഞു. എന്നാല്‍, ആസൂത്രിതമായ കൊലപാതകങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കി എന്ന ആരോപണം അവര്‍ തള്ളിക്കളഞ്ഞു. വ്യാപകമായ അക്രമങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഒരു തെളിവും പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാക്കിയിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമത്തിന് പ്രേരിപ്പിക്കുക, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുക, വ്യാപകമായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഐസിടി ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയായി കണ്ടെത്തി വധശിക്ഷ വിധിച്ചത്. മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും വധശിക്ഷ ലഭിച്ചു. മാപ്പുസാക്ഷിയായ മുന്‍ പോലീസ് മേധാവിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.

ഹസീനയ്ക്കെതിരായ വിചാരണ മുന്‍കൂട്ടി തയ്യാറാക്കിയ വ്യാജ തിരക്കഥയാണെന്ന് ബംഗ്ലാദേശ് മുന്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രിയും അവാമി ലീഗ് നേതാവുമായ മുഹമ്മദ് അലി അറഫത്ത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിനെ കിഴക്കന്‍ പാകിസ്താന്‍ ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഹസീനയുടെ അടുത്ത അനുയായിയായ അദ്ദേഹം ആരോപിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കപട വിചാരണയാണ് നടന്നതെന്നും നടപടിക്രമങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചത് മുഹമ്മദ് യൂനുസും ഭരണകൂടവുമാണെന്നും മുഹമ്മദ് അലി അറഫത്ത് എന്‍ഡിടിവിയോട് പറഞ്ഞു. രാജ്യം ജിഹാദികളുടെ കയ്യിലായിരിക്കുന്നു, യൂനുസാണ് അവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ജനങ്ങളുടെ സഹായത്തോടെ, രാഷ്ട്രീയപരമായി ഈ സംഘത്തെ മുഴുവന്‍ നമ്മള്‍ പരാജയപ്പെടുത്തണം. ജമാഅത്തെ ഇസ്ലാമി ഭരണരംഗത്ത് നുഴഞ്ഞുകയറിയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ തീവ്രവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ബംഗ്ലാദേശിനെ കിഴക്കന്‍ പാകിസ്താന്‍ ആക്കി മാറ്റാന്‍ ശ്രമിക്കുന്നു. യൂനുസ് അധികാരം പിടിച്ചെടുക്കുന്നത് തുടരാന്‍ ജിഹാദികളില്‍ നിന്നാണ് പിന്തുണ നേടുന്നത്. ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഫലം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അവര്‍ അവാമി ലീഗിനെ മാത്രമല്ല, മറ്റ് പുരോഗമന പാര്‍ട്ടികളെയും തടയുകയാണ്. അവാമി ലീഗിന് രണ്ടുകോടിയിലധികം സജീവ അംഗങ്ങളുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ പാര്‍ട്ടിയാണിത്. ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വരാന്‍ കാരണം അവാമി ലീഗാണ്. പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തിരിച്ചടി നേരിടേണ്ടി വരും. അടിച്ചമര്‍ത്തല്‍ ശ്രമം 1971-ല്‍ വിലപ്പോയില്ല. ഇപ്പോഴും വിലപ്പോവുകയില്ല. അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വന്ന ഈ വിധി രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News