ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; പ്രമേയത്തില്‍ വോട്ടുചെയ്യാതെ വിട്ടു നിന്നു റഷ്യയും ചൈനയും; വിദേശ സൈനികരുടെ സാന്നിധ്യം സമ്മതിക്കില്ലെന്ന നിലപാടില്‍ ഹമാസും; ട്രംപിന്റെ പദ്ധതിയില്‍ അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള 'ഗ്രീന്‍ സോണ്‍' നിര്‍മിക്കും

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി

Update: 2025-11-18 07:31 GMT

ഗസ്സ സിറ്റി: ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ അംഗീകാരം. എതിരില്ലാത്ത 13 വോട്ടുകള്‍ക്കാണ് കരട് പ്രമേയം പാസായത്. അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനും ഗസ്സയിലെ സൈനികവല്‍ക്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച ഫലസ്തീന്‍ പോലീസിനൊപ്പം ഇസ്രായേലും ഈജിപ്തും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രമേയം പറയുന്നു. ഈ സേന ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക സമാധാന സേനയായിരിക്കില്ല.

അതേസമയം വോട്ടെടുപ്പില്‍നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. ഈ പ്രമേയം അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് അമേരിക്ക നടത്തുന്ന അനിയന്ത്രിതമായ നീക്കങ്ങള്‍ക്ക് ഒരു മറയായി മാറരുതെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. പ്രമേയം അംഗീകരിക്കപ്പെട്ടതിനെ പ്രശംസിച്ച് ഫലസ്തീന്‍ അതോറിറ്റി രംഗത്തെത്തി. അമേരിക്കയുടെ പദ്ധതി ഗസ്സ മുനമ്പില്‍ സ്ഥിരവും സമഗ്രവുമായ വെടിനിര്‍ത്തല്‍, മാനുഷിക സഹായം തടസ്സമില്ലാതെ ലഭിക്കല്‍, ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം, അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയെ സ്ഥിരീകരിക്കുന്നതാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസ്താവിച്ചു.

എന്നാല്‍, നിരായുധീകരിക്കും എന്നത് അടക്കമുള്ള ആവശ്യങ്ങളെ തള്ളുന്ന ഹമാസ് എതിര്‍പ്പുമായി രംഗത്തുവന്നു. ഗസ്സയില്‍ വിദേശ സൈനികരുടെ സാന്നിധ്യം ഹമാസ് നിരസിക്കുന്നുവെന്നും ഇസ്രായേല്‍ അധിനിവേശത്തിന് പകരം വിദേശ രക്ഷാകര്‍തൃത്വമാണ് ഇതുണ്ടാക്കുന്നതെന്നും ഹമാസ് വക്താവ് അല്‍ ജസീറയോട് പറഞ്ഞു. യു.എന്നിന്റെ പ്രമേയം ഫലസ്തീന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. ഗസ്സയിലെ ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകളെ നിരായുധീകരിക്കാന്‍ ഒരു അന്താരാഷ്ട്ര സേനയെ നിയോഗിക്കുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കും. മാത്രമല്ല, അധിനിവേശത്തിന് അനുകൂലമായി സംഘര്‍ഷത്തില്‍ ഒരു കക്ഷിയാക്കുകയും ചെയ്യുമെന്നും ഹമാസ് വ്യക്തമാക്കി.

ഗസ്സയെ വിഭജിച്ച് ഇസ്രായേലി -അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള 'ഗ്രീന്‍ സോണ്‍' നിര്‍മിക്കാനുള്ള വന്‍ സൈനിക പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ട്രംപാണ് ഈ പദ്ധതിക്ക് പിന്നില്‍. ഫലസ്തീനികള്‍ ഗസ്സയുടെ പകുതിയില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള റെഡ് സോണിലേക്ക് പൂര്‍ണമായി ഒതുക്കപ്പെടും. ഗ്രീന്‍ സോണിനും റെഡ് സോണിനുമിടയിലെ ഇടനാഴിയില്‍ (യെല്ലോ സോണ്‍) ഇസ്രായേല്‍ സൈന്യവും അന്താരാഷ്ട്ര സേനയും നിലയുറപ്പിക്കും. ഗസ്സയെ വിഭജിക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം നിശ്ചിത സൈനികരെ പരിമിത പ്രദേശത്ത് വിന്യസിക്കാനും പിന്നീട് 20,000 പേരുടെ പൂര്‍ണ ശക്തിയിലേക്ക് പ്രദേശം മുഴുവന്‍ വ്യാപിപ്പിക്കാനുമാണ് യു.എസ് പദ്ധതി.

യെല്ലോ ലൈനിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സൈനിക സാന്നിധ്യമുണ്ടാകില്ല. പക്ഷേ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ പകുതിയിലേക്ക് ഫലസ്തീനികളുടെ താമസഭാഗം ചുരുങ്ങും. അവിടത്തെ പുനര്‍നിര്‍മാണത്തിന് വ്യക്തമായ പദ്ധതിയുമില്ല. സഹായവസ്തുക്കളുടെയും പുനര്‍നിര്‍മാണത്തിനുള്ള വസ്തുക്കളുടെയും സ്വതന്ത്രമായ ഒഴുക്കും ഉറപ്പുനല്‍കുന്നില്ല. റഫയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നിരീക്ഷണം കടന്നുവേണം ട്രക്കുകള്‍ക്ക് ഗസ്സയില്‍ പ്രവേശിക്കാന്‍.

Tags:    

Similar News