ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവം; സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാള്‍ക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണയാണ് നടന്നത്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ചു ശശി തരൂര്‍
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവം
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചതില്‍ പ്രതികരിച്ചു ശശി തരൂര്‍ എംപി. വധശിക്ഷയെന്ന വാര്‍ത്ത അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണെന്ന് തരൂര്‍ പ്രതികരിച്ചു. രാജ്യത്തിന് അകത്തായാലും പുറത്തായാലും താന്‍ വധശിക്ഷയില്‍ വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ അത് തനിക്ക് നിരാശാജനകമാണെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാള്‍ക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണ. മറ്റൊരു രാജ്യത്തിന്റെ ജുഡീഷ്യറിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ല, എങ്കിലും, ഇത് പോസിറ്റീവായൊരു സംഭവവികാസമാണെന്ന് പറയാനാവില്ല. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു സംഭവവികാസമാണിത്'- തരൂര്‍ വിശദമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷം ഇന്ത്യയിലേക്ക് കടന്ന ഹസീനയ്ക്കും അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും തിങ്കളാഴ്ചയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഹസീനയ്‌ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ പറഞ്ഞു.
2024 ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കാണ് ശൈഖ് ഹസീന വിചാരണ നേരിട്ടിരുന്നത്. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ശൈഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്.
പിടിച്ചെടുത്ത രേഖകള്‍, ഇരകളുടെ വിശദമായ പട്ടിക എന്നിവ ഉള്‍പ്പെടെ 8,747 പേജുള്ള തെളിവുകളാണ് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ചത്. പ്രതികള്‍ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രേരണ നല്‍കുകയോ സൗകര്യമൊരുക്കുകയോ തടയാതിരിക്കുകയോ ചെയ്തോ എന്നാണ് ട്രൈബ്യൂണല്‍ പരിശോധിച്ചത്. 1400ലേറെ പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തിനെതിരായ നടപടിയില്‍ ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടന്നത്.
ട്രൈബ്യൂണല്‍ വിധിക്ക് മുന്നോടിയായി ധാക്കയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ് ഇട്ടിട്ടുണ്ട്. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
