ഉയിഗൂര്‍ മുസ്ലീംങ്ങള്‍ മാത്രമല്ല, ചൈനയില്‍ ക്രൈസ്തവര്‍ക്കും രക്ഷയില്ല! ഡസന്‍ കണക്കിന് പാസ്റ്റര്‍മാര്‍ ചൈനീസ് അധികൃതരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു
ഉയിഗൂര്‍ മുസ്ലീംങ്ങള്‍ മാത്രമല്ല, ചൈനയില്‍ ക്രൈസ്തവര്‍ക്കും രക്ഷയില്ല!
ബീജിങ്: ക്രിസ്ത്യാനികള്‍ക്കെതിരെ ഏറ്റവും ശക്തമായ തോതിലുള്ള അടിച്ചമര്‍ത്തലാണ് ചൈന നടത്തുന്നത് എന്ന ആരോപണം ശക്തമാകുന്നു. ഡസന്‍ കണക്കിന് പാസ്റ്റര്‍മാരാണ് ചൈനീസ് അധികൃതരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നത്. ഇത്തരത്തില്‍ നിരവധി പേരെയാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 2018 ന് ശേഷമുള്ള ഏറ്റവും വലിയ ക്രിസ്ത്യാനികള്‍ക്കെതിരായ നടപടിയാണിത്. കഴിഞ്ഞയാഴ്ച ചൈന അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നാടകീയമായി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ചൈനയും അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് എന്നാണ് കരുതപ്പെടുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം പാസ്റ്റര്‍മാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അംഗീകരിക്കാത്ത അനൗദ്യോഗിക സഭയായ സിയോണ്‍ ചര്‍ച്ചിന്റെ സ്ഥാപകനായ പാസ്റ്റര്‍ ജിന്‍ മിംഗ്രിയെ വെള്ളിയാഴ്ച വൈകുന്നേരം തെക്കന്‍ നഗരമായ ബെയ്ഹായിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി അദ്ദേഹത്തിന്റെ മകള്‍ ഗ്രേസ് ജിനും പള്ളി വക്താവ് ഷോണ്‍ ലോങ്ങും പറഞ്ഞു. ഈ വര്‍ഷം മതപരമായ പീഡനത്തിന്റെ ഒരു പുതിയ തരംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സംഭവിച്ചത് എന്നാണ് ലോംഗ് പറയുന്നത്.
പോലീസ് 150-ലധികം വിശ്വാസികളെ ചോദ്യം ചെയ്തതായും സമീപ മാസങ്ങളില്‍ നേരിട്ടുള്ള ഞായറാഴ്ച ശുശ്രൂഷകളില്‍ പീഡനം വര്‍ദ്ധിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യവ്യാപകമായി 30 പാസ്റ്റര്‍മാരെയും സഭാംഗങ്ങളെയും അധികാരികള്‍ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് അഞ്ച് പേരെ വിട്ടയച്ചു.
ഏകദേശം 20 പാസ്റ്റര്‍മാരെയും സഭാ നേതാക്കളെയും തടങ്കലില്‍ വച്ചിട്ടുണ്ടെന്നാണ് സഭ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെട്ടു എങ്കിലും അവര്‍ വിശദീകരണം നല്‍കിയിട്ടില്ല. വിവര ശൃംഖലകളുടെ നിയമവിരുദ്ധ ഉപയോഗം എന്ന സംശയത്തിന്റെ പേരിലാണ് 56 കാരനായ ജിന്‍ ബെയ്ഹായിയെ തടവിലാക്കിയിരിക്കുകയാണെന്ന് സഭ വെളിപ്പെടുത്തി.
ഏഴ് വര്‍ഷം വരെ പരമാവധി തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. മതപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന് ജിന്നിനെയും മറ്റ് പാസ്റ്റര്‍മാരെയും കുറ്റക്കാരാക്കുമെന്നാണ് അനുയായികള്‍ ഭയപ്പെടുന്നത് നേരത്തെ പ്രമേഹത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാസ്റ്റര്‍മാരെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുവാദമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ചൈനയിലെ ഉന്നത മത നിയന്ത്രണ ഏജന്‍സിയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ പ്രസംഗമോ പുരോഹിതരുടെ മത പരിശീലനമോ നടത്താന്‍ പാടുള്ളതല്ല. കഴിഞ്ഞ മാസം, പ്രസിഡന്റ് ഷി ജിന്‍പിംഗ് കര്‍ശനമായ നിയമപാലനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ 44 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ സര്‍ക്കാര്‍ അനുമതിയുള്ള പള്ളികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്.
എന്നാല്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ സഭകളുടെ ഭാഗമാണ് ലക്ഷക്കണക്കിന് ആളുകള്‍ എന്നാണ് പറയപ്പെടുന്നത്. 50 ഓളം നഗരങ്ങളിലായി ഏകദേശം 5,000 സ്ഥിരം ആരാധകരുള്ള സിയോണ്‍ ചര്‍ച്ച്, കോവിഡ് സമയത്ത് ഓണ്‍ലൈന്‍പ്രസംഗങ്ങളിലൂടെയും നേരിട്ടുള്ള ഒത്തുചേരലുകളിലൂടെയും വേഗത്തില്‍ അംഗങ്ങളെ ചേര്‍ത്തുവെന്നാണ് പറയപ്പെടുന്നത്.
2018 ല്‍ തലസ്ഥാനമായ ബീജിംഗിലെ പള്ളി കെട്ടിടം പോലീസ് അടച്ചുപൂട്ടിയിരുന്നു. ഈ വര്‍ഷം ആദ്യം, 11 സിയോണ്‍ ചര്‍ച്ച് പാസ്റ്റര്‍മാരെ പോലീസ് താല്‍ക്കാലികമായി കസ്റ്റഡിയിലെടുത്തതായി ലോംഗ് പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ സിയോണ്‍ ചര്‍ച്ച് ഒരു സംഘടിത ശൃംഖലയായി വളര്‍ന്നു എന്നതാണ് പ്രധാന കാരണം. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.