'കൊള്ളാം, എപ്സ്റ്റീന്‍ 'സ്വയം കൊലപ്പെടുത്തി', ഗിസ്ലെയ്ന്‍ ഒരു തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരം! ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ വിശദീകരണത്തെ പരിഹസിച്ച് മസ്‌ക്ക്; എപ്സ്റ്റീന്‍ ഫയലുകളെ ഓര്‍മ്മിപ്പിച്ച് ട്രംപിന് മസ്‌ക്കിന്റ ഭീഷണി
'കൊള്ളാം, എപ്സ്റ്റീന്‍ 'സ്വയം കൊലപ്പെടുത്തി'
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്ക്. ജെഫ്രി എപ്സ്റ്റീന്റെ കുപ്രസിദ്ധമായ ലൈംഗിക വിവാദങ്ങളുമായി തന്റെ പേരും വലിച്ചിഴതിന് പിന്നില്‍ ഡെമോക്രാറ്റുകള്‍ ആണെന്ന ട്രംപിന്റെ വിശദീകരണത്തെ തള്ളിപ്പറഞ്ഞ് കൊണ്ടാണ് മസ്‌ക്ക് രംഗത്ത് എത്തിയിരിക്കുന്നത്.
എപ്സ്റ്റീന്റെ മുന്‍ വിശ്വസ്ത ഗിസ്ലെയ്ന്‍ മാക്സ്വെല്‍ ഇപ്പോഴും ഫെഡറല്‍ ജയിലില്‍ കഴിയുകയാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എപ്സ്റ്റീന്‍ സ്വയം മരിച്ചു. എന്നാല്‍ ഗ്ലിസ്ലെയ്ന്‍ തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരമാണ് എന്നാണ് മസ്‌ക്ക് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും ട്രംപ് പുറത്തു വിടണമെന്നും അവയില്‍ ഏതൊക്കെ കാര്യങ്ങളാണ്
വ്യാജമെന്ന് ചൂണ്ടിക്കാട്ടുകയും വേണമെന്നാണ് മസ്‌ക്ക് ആവശ്യപ്പെടുന്നത്. എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് അവ കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നാണ് ട്രംപിന്റെ അനുയായികള്‍ പോലും കരുതുന്നത്.
എപ്സ്റ്റീനെക്കുറിച്ച് കൂടുതല്‍ ഉത്തരങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ വിഡ്ഢികള്‍ ആണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നേരത്തേ എപ്സ്റ്റീനും മാക്‌സ്വെല്ലിനും എതിരായ എല്ലാ തെളിവുകളും ശേഖരിച്ച മാന്‍ഹട്ടന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട പ്രോസിക്യൂട്ടറായ മൗറീന്‍ കോമി, മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ മകളാണ്. എന്നാല്‍ ജെയിംസ് കോമിയും മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഹിലാരി ക്ലിന്റനും ചേര്‍ന്നാണ് ഇത്തരത്തിലുള്ള ഫയലുകള്‍
കെട്ടിച്ചമച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്.
ഈ തട്ടിപ്പ് പരിപാടിക്ക് പിന്നില്‍ ഡെമോക്രാറ്റുകള്‍ ആണെന്നും അദ്ദേഹം കുറ്റപ്പടുത്തിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പുറത്തു വിടുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എപ്സ്റ്റീന്‍ തന്റെ ഇടപാടുകാരുടെ പട്ടിക സൂക്ഷിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരേയുെം ട്രംപ് വെറുതേ വിട്ടില്ല. അവരെ അദ്ദേഹം മണ്ടന്‍മാര്‍
എന്നാണ് വിശേഷിപ്പിച്ചത്. എപ്സ്റ്റീനിന്റെ ഒരു ഇടപാടുകാരന്‍ പോലും വിചാരണ ചെയ്യപ്പെട്ടിട്ടില്ല എന്ന കാര്യം മസ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി. കുട്ടികളേയും ഉന്നത വ്യക്തികളുടെെൈ ലഗിക ആവശ്യത്തിന് വേണ്ടി എപ്സ്റ്റീന്‍ ഉപയോഗിച്ചു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രസിഡന്റ് ട്രംപുമായി പിണങ്ങി ആഴ്ചകള്‍ക്ക് ശേഷം ഇലോണ്‍ മസ്‌ക്ക് അമേരിക്കയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലായിരുന്നു 'അമേരിക്ക പാര്‍ട്ടി' എന്ന് പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം. ജനത്തിന് സ്വാതന്ത്ര്യം തിരിച്ച് നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ജനത്തെ വഞ്ചിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍, വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് യുഎസ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബില്‍ സെനറ്റില്‍ പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പകരമായി താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക് വിമര്‍ശിച്ചിരുന്നു.