ട്രംപിനൊപ്പം പത്രസമ്മേളനം നടത്താന്‍ മസ്‌ക്ക് എത്തിയത് അഞ്ചു വയസുകാരനായ മകനോടൊപ്പം; വന്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള ഉത്തരവുകളില്‍ ഒപ്പ് വച്ച് പ്രസിഡണ്ട്; അഴിമതിക്കാരെ പൊക്കാന്‍ പ്രത്യേക നീക്കം

ട്രംപിനൊപ്പം പത്രസമ്മേളനം നടത്താന്‍ മസ്‌ക്ക് എത്തിയത് അഞ്ചു വയസുകാരനായ മകനോടൊപ്പം

Update: 2025-02-12 05:44 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടം ആരംഭിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ ്ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ മുഖ്യ ചുമതല വഹിക്കുന്ന വ്യക്തി കൂടിയാണ് ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക്. കഴിഞ്ഞ ദിവസം സമിതിയുടെ യോഗത്തിന് ശേഷം പ്രസിഡന്റ് ട്രംപും ഒത്ത് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വന്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഇത് സംബന്ധിച്ച ഉത്തരവുകളില്‍ പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചു. എന്നാല്‍ ട്രംപും മസ്‌ക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരമായത് മസ്‌ക്കിന്റെ അഞ്ച് വയസുകാരനായ മകനാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മസ്‌ക്കിന്റെ മകന് ലഭിച്ച അവസരം മാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. പിരിഞ്ഞു പോകുന്ന ഓരോ നാല് ജീവനക്കാര്‍ക്കും പകരം ഒരു ജീവനക്കാരനെ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഒപ്പ് വെയ്ക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. വന്‍, തോതിലുള്ള ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് ഒരു തരത്തിലും അതിനുള്ള ഫലം ഉണ്ടായിട്ടില്ലെന്ന കാര്യം മസ്‌ക്ക് ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ഫലപ്രദമായി പണം നിക്ഷേപിക്കാന്‍ അറിയാമായിരിക്കുമെന്നും അദ്ദേഹം കളിയാക്കി പറഞ്ഞു. മസ്‌ക്കിന്റെ അഭിപ്രായത്തെ, പിന്താങ്ങിയ ട്രംപ് ആകട്ടെ ഇത്തരം പരാജയപ്പെട്ട വ്യക്തികളെ ഉദ്യോഗസ്ഥരായി തുടരാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവര്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് മസ്‌ക് പറഞ്ഞത് ജനങ്ങള്‍ ഇതൊക്കെ ചെയ്യുന്നതിന് വേണ്ടിയാണ് വോട്ട് ചെയ്തത് എന്നാണ്. തനിക്ക് വിമര്‍ശകര്‍ ഉണ്ടെന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെന്നും മസ്‌ക്ക് കൂട്ടിച്ചേര്‍ത്തു. നേരത്തേ അമേരിക്കന്‍ ട്രഷറിയുടെ സുപ്രധാന ചുമതല ട്രംപ് മസ്‌ക്കിന് കൈമാറിയതിലും പലരും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


 



ഭരണ കാര്യങ്ങളില്‍ തങ്ങള്‍ അതിവേഗം മുന്നോട്ട് പോകുകയാണെന്നും അതില്‍ എന്തെങ്കിലും പിഴവ് പറ്റിയാല്‍ തിരുത്തുക തന്നെ ചെയ്യുമെന്നും മസ്‌ക്ക് വ്യക്തമാക്കി. അതിനിടെ അമേരിക്കയില്‍ നിന്ന് ഗാസയിലേക്ക് 50 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കയറ്റി അയച്ചു എന്ന വാര്‍ത്ത മസ്‌ക്ക് വാര്‍ത്താസമ്മേളനത്തില്‍ നിഷേധിക്കുകയും ചെയ്തു.

Tags:    

Similar News