ലേബര്‍ ക്യാമ്പുകളിലെ സ്ഥിതി അതീവ ശോചനീയം; ശമ്പളം കിട്ടിയല്ലെന്ന് പരാതി പറഞ്ഞ ആളുടെ കൈ തല്ലിയൊടിച്ചു; സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളാല്‍ അപകടങ്ങള്‍ പതിവ്; സൗദി അറേബ്യയുടെ അഭിമാന മെഗാസിറ്റി പദ്ധതിയായ നിയോമിന്റ നിര്‍മാണത്തെ ചൊല്ലി വിവാദം
റിയാദ്: സൗദി അറേബ്യയുടെ അഭിമാന മെഗാസിറ്റി പദ്ധതിയായ നിയോമിന്റ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. ഒരു ട്രില്യണ്‍ ഡോളര്‍ ചെലവിട്ടാണ് സൗദി ഭരണകൂടം ഈ വന്‍ പദ്ധതി നടപ്പിലാക്കുന്നത്. നിയോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി രാജ്യങ്ങല്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവരുടെ താമസസ്ഥലങ്ങളിലാണ് ഇപ്പോള്‍ വലിയ തോതിലുള്ള വിവാദങ്ങള്‍ ഉയരുന്നത്. ഇവരെ താമസിപ്പിച്ചിരിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ കൂട്ട ബലാത്സംഗങ്ങളും കൊലപാതകശ്രമങ്ങളും ആത്മഹത്യയും എല്ലാം നിത്യ സംഭവങ്ങളായി മാറിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നിന്നുള്ള ഒരു ലക്ഷത്തോളം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപകമാണെന്നാണ് പറയപ്പെടുന്നത്. പ്രമുഖ അന്തര്‍ദേശീയ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ്
ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ലേബര്‍ ക്യാമ്പുകളിലെ സ്ഥിതി അതീവ ശോചനീയം ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയില്‍ മദ്യത്തിന് കര്‍ശനമായ വിലക്കാണ്. എന്നാല്‍ ലേബര്‍ ക്യാമ്പുകളില്‍ മദ്യം സുലഭമാണെന്നാണ് ആരോപണം.
ക്യാമ്പുകളില്‍ മദ്യം കൊണ്ട് വരുന്നത് തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ തൊഴിലാളികള്‍ കൈയ്യേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ശമ്പളം കിട്ടിയല്ലെന്ന് പരാതി പറഞ്ഞ ഒരാളുടെ കൈ തല്ലിയൊടിച്ചതായും പരാതിയുണ്ട്. പതിനായിരക്കണക്കിന് കോടികള്‍ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന ഇവിടെ യാൊതരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നും ലേബര്‍ ക്യാമ്പുകളില്‍ അപകട മരണങ്ങള്‍ നിത്യസംഭവമാണെന്നും മാധ്യമം ചൂണ്ടിക്കാട്ടുന്നു.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ നിയോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2017ലാണ് ആരംഭിച്ചത്. സൗദിയുടെ വിഷന്‍ 2030 ന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു സ്വപ്ന നഗരം പണിതുയര്‍ത്തുന്നത്. 26300 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന നഗരത്തിന്റെ പണി പൂര്‍ത്തിയായാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയും. ഇതിന്റെ മറ്റൊരു പ്രത്യേകത ദി ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന 110 മൈല്‍ ദൈര്‍ഘ്യമുള്ള ഒരു കെട്ടിടമാണ്. 90 ലക്ഷം പേര്‍ക്ക് ഇവിടെ താമസിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.
എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും 50 വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി പറയുന്നത്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ തുടങ്ങിയത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസം നിയോം കമ്പനിയുടെ സി.ഇ.ഒ ആയ നദ്മി അല്‍ നസറിനെ പദവിയില്‍ നിന്ന് സൗദി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഒരു ജീവനക്കാരനെ മരുഭൂമിയില്‍ കുഴിച്ചിടും എന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സൗദി
ഭരണകൂടം ഈ കര്‍ശന നടപടി സ്വീകരിച്ചത്. നിയോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇരുപത്തിയൊന്നായിരം തൊഴിലാളികളാണ് കഴിഞ്ഞ എട്ട് വര്‍ഷത്തിനുളളില്‍ മരിച്ചത്.
ലബര്‍ ക്യാമ്പുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
ഇവിടെ ലഭിക്കുന്ന മോശം ഭക്ഷണത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അക്രമസംഭവങ്ങളും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ലേബര്‍ ക്യാമ്പില്‍ മയക്കുമരുന്ന് അമിതമായി ഉപോയഗിച്ചതിനെ തുടര്‍ന്ന് ഒരാള്‍ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. ലേബര്‍ ക്യാമ്പുകളില്‍ കൂട്ട ബലാത്സംഗവും കൊലപാതകങ്ങളും ആത്മഹത്യയും എല്ലാം നടക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇതിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ ഒരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ല എന്നാണ് പ്രമുഖ മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2034 ലെ ഫിഫാ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത് സൗദി അറേബ്യയിലാണ്. ഇതിന്റെ ഭാഗമായി നിരവധി സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.