ജര്‍മനിയും കുടിയേറ്റക്കാരെ മടുത്തു; സ്റ്റുഡന്റ് വിസയില്‍ എത്തി ഫലസ്തീന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയ യൂറോപ്യന്‍- അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ നാട് കടത്തി ജര്‍മനി; ട്രംപിന്റെ വഴി ലോകം തെരഞ്ഞെടുക്കുമ്പോള്‍
ജര്‍മനിയും കുടിയേറ്റക്കാരെ മടുത്തു
ബെര്‍ലിന്‍: ട്രംപിന്റെ വഴിയെ നീങ്ങാന്‍ ജര്‍മ്മനിയും. ബെര്‍ലിനില്‍ അക്രമാസക്തമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന പാലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ യൂറോപ്യന്‍ യൂണിയന്‍ , അമേരിക്കന്‍ പൗരന്മാരായ നാല് പേരെ ജര്‍മ്മനി നാടുകടത്തുകയാണ്. ബെര്‍ലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ രണ്ട് ഐറിഷ് പൗരന്മാരുടെയും ഒരു പോളിഷ് പൗരന്റെയും ഒരു അമേരിക്കന്‍ പൗരന്റെയും റെസിഡന്‍സി സ്റ്റാറ്റസ് പിന്‍വലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 17 ന് ആയിരുന്നു പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധത്തിനെതിരെ മുഖംമൂടിയണിഞ്ഞ ഒരു സംഘം അക്രമാസക്തരായി യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കുകയും കെട്ടിടത്തിന് കാര്യമ്‌നായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു എന്നാണ് ബെര്‍ലിന്‍ സെനറ്റ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. ഇസ്രയേല്‍ - പാലസ്തീന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ ചുമരില്‍ വരയ്ക്കുകയും മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തുവത്രെ. അക്രമാസക്തരായ പ്രതിഷേധക്കാര്‍ യൂണിവേഴ്സിറ്റി ജീവനക്കാരെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഫ്രീ യൂണിവേഴ്സിറ്റി ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി.
പോലീസ് എത്തി പ്രകടനം പിരിച്ചുവിടുകയായിരുന്നു. അതിന്റെ ഭാഗമായി നാല് പേര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രമസമാധാനം തകര്‍ത്തു എന്നതുള്‍പ്പടെയുള്ള കേസുകളും ഇവരുടെ പേരില്‍ റെജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ പുറത്താക്കുന്ന നാല് പേരും അക്രമങ്ങളില്‍ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടില്ല. എന്നാല്‍, നാലുപേരോടും ആറാഴ്ചക്കുള്ളില്‍ നാട് വിട്ടു പോകാനും ഇല്ലെങ്കില്‍ നിയമനടപടികള്‍ അഭിമുഖീകരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയിരിക്കുകയാണ്. ഇവര്‍ ഒരു കുറ്റകൃത്യത്തില്‍ പങ്കാളികളായതുകൊണ്ടാണ് ഇത് എന്നും അതില്‍ പറയുന്നു.
2023 ഒക്ടോബര്‍ 7 ല്‍ ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ബോംബിംഗിനെതിരെ ജര്‍മ്മന്‍ തെരുവുകളില്‍ നടന്ന പ്രതിഷേധങ്ങളെ ജര്‍മ്മനി തടഞ്ഞിരുന്നു. ഇപ്പോഴും തുടരുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് ജര്‍മ്മന്‍ ഭരണകൂടം. കുട്ടികളെ കൊല്ലുന്നത് നല്ല കാര്യമല്ല എന്ന് ചിന്തിച്ചതുകൊണ്ടാണ് ഇപ്പോള്‍ തങ്ങളെ പുറത്താക്കുന്നത് എന്നാണ് റൊബര്‍ട്ട മുറേ എന്ന 31 കാരനായ ഐറിഷ് പൗരന്‍ പറഞ്ഞത്.
ഇയാള്‍ക്കൊപ്പം അമേരിക്കന്‍ പൗരനായ കൂപ്പര്‍ ലോംഗ്‌ബോട്ടം, പോളണ്ടില്‍ നിന്നുള്ള കാസിയ വിയാസ്‌ചെക്ക്, ഐറിഷ് പൗരനായ ഷെന്‍ ഒ ബ്രിയാന്‍ എന്നിവരും ഇസ്രയേലിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ ആരംഭം മുതല്‍ക്കെ പങ്കെടുത്തവരാണെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കഴിഞ്ഞ ഒക്ടോബറില്‍ യൂണിവേഴ്സിറ്റി ഓഫീസിലേക്ക് ഇരച്ചു കയറിയതോടെയാണ് പ്രശ്നങ്ങള്‍ കൈവിട്ട് പോയത്.