ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ റദ്ദ് ചെയ്യുന്ന കരാറുമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും; പഴയതുപോലെ പോളീഷുകാര്‍ക്ക് യഥേഷ്ടം എത്താന്‍ കഴിയുന്ന വിധം നിയമം മാറും; യൂറോപ്പിന് വെളിയില്‍ നിന്നുള്ളവരെ ഒഴിവാക്കിയതിന്റെ പിന്നില്‍ ഗൂഢാലോചന

ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ റദ്ദ് ചെയ്യുന്ന കരാറുമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും

Update: 2025-05-19 00:55 GMT

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ മുന്‍കൈയില്‍ സംഭവിച്ച ബ്രെക്‌സിറ്റ് കൊണ്ട് ഏറ്റവും ഗുണം ഉണ്ടായത് ഇന്ത്യക്കാര്‍ക്കായിരുന്നു. പോളീഷ്‌കാര്‍ അടക്കം കിഴക്കന്‍ യൂറോപ്യന്മാരുടെ വരവിന് തടയിട്ടു ബ്രെക്‌സിറ്റ് വളഞ്ഞ വഴിയിലൂടെ റദ്ദ് ചെയ്യാന്‍ നിയമ പരിഷ്‌കരവുമായി പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍ എത്തുകയാണ്. യൂറോപ്യന്‍ യൂണിയനുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്നതോടെ ഇനിയും കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ആള്‍ പ്രവാഹം ഉണ്ടായേക്കാം.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പുതിയ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ അതിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. യൂറോപ്യന്‍ യൂണിയന് എന്താണോ ആവശ്യം അത് സ്റ്റാര്‍മര്‍ ഒരു താലത്തില്‍ വെച്ച് നല്‍കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇന്ന് ലണ്ടനില്‍ ഇത് സംബന്ധിച്ച് നടക്കാനിരിക്കുന്ന ഉച്ചകോടിയെ കീഴടങ്ങലിന്റെ ഉച്ചകോടിയായിട്ടാണ് അവര്‍ വിമര്‍ശിക്കുന്നത്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ഈ കരാര്‍ ബ്രിട്ടന്റെ അതിരുകള്‍ തുറന്ന് കൊടുക്കുമെന്നും, ബ്രീട്ടീഷ് സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് യൂറോപ്യന്‍ യൂണിയന് അവകാശം ലഭിക്കുമെന്നും അവര്‍ പറയുന്നു.

ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപാര - സുരക്ഷാ ബന്ധങ്ങള്‍ മുറുകുമ്പോള്‍ ബ്രസ്സല്‍സിന്റെ നിയമങ്ങള്‍ പലതും അനുസരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നും, യൂറോപ്യന്‍ നീതിന്യായ കോടതിയുടെ വിധി അനുസരിക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു. എന്നാല്‍, കരാറിലെ വ്യവസ്ഥകള്‍ ഇനിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതായിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി നിക്ക് തോമസ് - സിമണ്ട്‌സ് പറയുന്നത്. എന്നാല്‍, ഒന്നിലധികം തവണ ടി വിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പറഞ്ഞത് കരാര്‍ നടപ്പിലായാല്‍ കുടുംബ ബില്ലുകള്‍ കുറയുമെന്നും അതിര്‍ത്തികള്‍ കൂടുതല്‍ ശക്തമാകുമെന്നുമാണ്.

അതുപോലെ, യു കെ വിനോദസഞ്ചാരികള്‍ ഇ യു പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിന് നിരോധനം വരുമെന്നും, ഇ ഗെയ്റ്റുകള്‍ മാറ്റുമെന്നും യൂറോപ്പിലാകമാനം വിമാനത്താവളങ്ങളില്‍ പരിശോധനകളും മറ്റും എളുപ്പത്തിലാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അടുത്ത കാലത്ത് ഇന്ത്യയുമായും, അമേരിക്കയുമായും ഉണ്ടാക്കീയ കരാറുകള്‍ ഉയര്‍ത്തിക്കാട്ടി ടോറി, ഷാടോ മന്ത്രി അലക്സ് ബുര്‍ഗാര്‍ട്ട് പറയുന്നത് ഈ കരാര്‍ ഒരു പരാജയമാകുമെന്നാണ്. അമേരിക്കയുമായി ഒരു മോശം കരാറാണ് ഒപ്പ് വച്ചത് എന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുമായുള്ള കരാറില്‍ ഇമിഗ്രേഷന്‍ നയത്തില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നതായും ആരോപിച്ചു.

അതുപോലെ, യൂറോപ്യന്‍ യൂണിയന് ആവശ്യമുള്ളത് അവര്‍ ചോദിക്കുമെന്നും, ബ്രിട്ടന്‍ അതിന് സമ്മതിക്കുമെന്നും അദ്ദേഹം പറയുന്നു. യൂത്ത് മൊബിലിറ്റി പദ്ധതി എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങളുടെ മനസ്സില്‍ തെളിയുന്ന ചിത്രം ഒരു പതിനെട്ടുകാരന്‍ ബ്രിട്ടനിലെ ബാറില്‍ ജോലി ചെയ്യാന്‍ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്നത് 30 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇവിടെ വരുന്നതും ആദ്യ ദിവസം മുതല്‍ തന്നെ എന്‍ എച്ച് എസ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതുമാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഈ കരാര്‍ യു കെയുടെ മേല്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇന്ന് കീര്‍ സ്റ്റാര്‍മര്‍ ഒപ്പിടാനിരിക്കുന്ന കരാറിനെ ഒരു ബ്രെക്സിറ്റ് ചതി എന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. യൂത്ത് മൊബിലിറ്റി പദ്ധതി എന്ന പേരില്‍ സ്വതന്ത്ര നീക്കം അനുവദിക്കുകയും, ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിക്കുള്ളില്‍ യൂറോപ്യന്‍ യൂണിയന് മത്സ്യബന്ധനത്തിനുള്ള അവകാശം അനുവദിക്കുകയും ചെയ്യുക എന്നത് ഇന്നത്തെ കരാറില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ലെ റെഫറണ്ടത്തിനു ശേഷം നേടിയെടുത്ത സ്വാതന്ത്ര്യം സ്റ്റാര്‍മര്‍ യൂറോപ്യന്‍ യൂണിയന് അടിയറ വയ്ക്കുമെന്നാണ് ബ്രെക്സിറ്റ് അനുകൂലികള്‍ ഭയക്കുന്നത്.

Tags:    

Similar News