നാളെ വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചക്ക് സെലന്‍സ്‌കി എത്തുക ഒറ്റക്കല്ല; യുക്രൈന്‍ പ്രസിഡന്റിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് അടക്കം യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കും; ഡൊണെറ്റ്‌സ്‌ക് മേഖല യുക്രൈന്‍ വിട്ടുകൊടുക്കുമോ എന്നത് നിര്‍ണായകം; യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കാന്‍ പുടിന്‍ സമ്മതിച്ചതായി യുഎസ്

നാളെ വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചക്ക് സെലന്‍സ്‌കി എത്തുക ഒറ്റക്കല്ല

Update: 2025-08-17 17:40 GMT

വാഷിങ്ടന്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കാന്‍ അവസരം ഒരുങ്ങുമോ എന്ന ആകാംക്ഷയിലാണ് ലോകം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും അലാസ്‌കയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായി നിര്‍ണായക ചര്‍ച്ചകളിലേക്കാണ് കടക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നാളെ വാഷിങ്ടനില്‍ ട്രംപിനെ കാണും.

വൈറ്റ്ഹൗസില്‍ നടക്കുന്ന ചര്‍ച്ച ഇക്കുറി അസാധാരണമായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിയോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനയും എത്തുമെന്നാണ് സൂചനകള്‍.

ഡോണെറ്റ്‌സ്‌ക് മേഖല വിട്ടുനല്‍കിയാല്‍ യുക്രെയ്‌നിലെ മറ്റു സ്ഥലങ്ങള്‍ക്കു വേണ്ടിയുള്ള അവകാശവാദത്തില്‍ ഇളവു ചെയ്യാമെന്നു പുട്ടിന്‍ ട്രംപിനെ അറിയിച്ചതായാണു വിവരം. റഷ്യ വന്‍ ശക്തിയാണെന്നും യുക്രെയ്ന്‍ അങ്ങനെയല്ലാത്തതിനാല്‍ അവര്‍ യുദ്ധമവസാനിപ്പിക്കാന്‍ റഷ്യയുമായി കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡോണെറ്റ്‌സ്‌ക് മേഖലക്ക് വിട്ടുകൊടുക്കുന്നതില്‍ കടുത്ത ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. അതുകൊണ്ട് കൂടിയാണ് കൂടിക്കാഴ്ച്ചയില്‍ യൂറോപ്പിലെ നേതാക്കളും പങ്കെടുക്കുന്നത്.

ട്രംപ് - പുട്ടിന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ലെങ്കിലും താല്‍ക്കാലിക വെടിനിര്‍ത്തലിനു പകരം ശാശ്വതപരിഹാരമാണു വേണ്ടതെന്ന കാര്യത്തില്‍ ഇരു നേതാക്കളും സെലന്‍സ്‌കിയും യോജിക്കുന്നു. വൈറ്റ് ഹൗസ് ചര്‍ച്ച വിജയകരമാണെങ്കില്‍ ട്രംപ് - പുട്ടിന്‍ - സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങിയേക്കും. അടുത്ത ചര്‍ച്ച മോസ്‌കോയില്‍ ആകാമെന്ന് പുട്ടിന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം യുക്രെയ്നിന്റെ ഡോണെറ്റ്‌സ്‌ക് മേഖലയില്‍ തങ്ങള്‍ വലിയ മുന്നേറ്റം നടത്തിയെന്ന് റഷ്യ അവകാശപ്പെടുന്നതിന് പിന്നില്‍ വ്യാജ വീഡിയോകളും സംഘടിത ദൗത്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെറ്റിദ്ധരിപ്പിച്ച് യുക്രെയ്നിന്റെ ഭൂപ്രദേശങ്ങള്‍ റഷ്യക്ക് കൈമാറാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നത്.

നാളെ വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന ട്രംപ്, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി, യൂറോപ്യന്‍ നേതാക്കള്‍ എന്നിവര്‍ തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുന്നോടിയാണ് യുക്രെയ്നിന്റെ ഈ വെളിപ്പെടുത്തല്‍. സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്നിന്റെ ഭൂപ്രദേശങ്ങള്‍ റഷ്യക്ക് കൈമാറാന്‍ ട്രംപ് സമ്മതിച്ചെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സെലെന്‍സ്‌കി സമാധാന ചര്‍ച്ചകള്‍ക്ക് സമ്മര്‍ദ്ദം നേരിടുന്നത്.

സമാധാനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നത് അസാധ്യമാണെന്ന് സെലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. നാളത്തെ ചര്‍ച്ചകളില്‍ ട്രംപിനെതിരെ തനിക്ക് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യന്‍ സൈനികര്‍ വ്യാജ വീഡിയോഗ്രാഫര്‍മാരെ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങള്‍ തയ്യാറാക്കുന്നതായി യുക്രെയ്ന്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

റഷ്യന്‍ കമാന്‍ഡര്‍മാര്‍ സൈനികരെ അപകടകരമായ ദൗത്യങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്നതായും, ചെറുകിട സംഘങ്ങളായി മുന്നണി ഗ്രാമങ്ങളിലേക്ക് അയച്ച് റഷ്യന്‍ പതാക സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് പ്രചരിപ്പിക്കുന്നതായും അവര്‍ പറയുന്നു. ഈ വീഡിയോകള്‍ ക്രെംലിന്‍ ടിവിയില്‍ മോസ്‌കോയുടെ അജയ്യമായ മുന്നേറ്റമായി ചിത്രീകരിക്കുന്നു. എന്നാല്‍, ഈ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും യുക്രെയ്നിന്റെ നിയന്ത്രണത്തിലാണ്. ഇത്തരം വ്യാജ ദൗത്യങ്ങളില്‍ പലപ്പോഴും സൈനികര്‍ കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ട്രംപിനെ സ്വാധീനിച്ച് യുക്രെയ്നിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു ഉടമ്പടിയിലേക്ക് തള്ളിവിടാനുള്ള റഷ്യയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് യുക്രെയ്ന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Tags:    

Similar News