അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ പലരും യൂറോപ്യന്‍ സംസ്‌കാരവും ജീവിത ശൈലികളുമായി ഒത്തുപോകുന്നില്ല; പ്രത്യേക വിഭാഗമായി നില്‍ക്കുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു; അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നിയമം മാറ്റിയെഴുതാന്‍ ആലോചിച്ച് യൂറോപ്യന്‍ യൂണിയനും
അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ പലരും യൂറോപ്യന്‍ സംസ്‌കാരവും ജീവിത ശൈലികളുമായി ഒത്തുപോകുന്നില്ല
ലണ്ടന്‍: ദയയും കാരുണ്യവും സഹാനുഭൂതിയുമൊക്കെ തത്വത്തില്‍ നല്ലതാണെങ്കിലും പ്രായോഗിക തലത്തില്‍ അത്ര സുഖകരമായ ഒന്നല്ല എന്ന തിരിച്ചറിവില്‍ അഭ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപം കൊടുത്ത നിയമങ്ങളാണ് പൊളിച്ചെഴുതുന്നത്. ഈ നിയമങ്ങള്‍ നിലനില്‍ക്കുന്നതാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ പല രാജ്യങ്ങളെയും നിര്‍ബന്ധിതരാക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1951 ല്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ രൂപീകരിക്കുകയും അത് പിന്നീട് യൂറോപ്യന്‍ കോടതികള്‍ നിരവധി തവണ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ആ നിയമങ്ങള്‍ ഉരുത്തിരിഞ്ഞത് ഇന്നത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു രേഖ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 144 രാജ്യങ്ങള്‍ ഒപ്പു വെച്ച ഈ കരാറില്‍ പറയുന്നത്, അഭയം തേടിയെത്തുന്ന ആരെയും നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കരുത് എന്നാണ്. പ്രത്യേകിച്ചും, തിരികെ എത്തുന്ന നാട്ടില്‍ ആ വ്യക്തികളുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തില്‍ ആകുന്ന സാഹചര്യമാണെങ്കില്‍ അത് ചെയ്യരുതെന്നും എടുത്തു പറയുന്നു.
എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഈ നിയമം തീരെ അപ്രസക്തമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അഭയാപേക്ഷ തള്ളിക്കളഞ്ഞിട്ടും പല യൂറോപ്യന്‍ രാജ്യങ്ങളും, അഭയാര്‍ത്ഥികളായി എത്തിയവരെ നാടുകടത്താന്‍ ആകാതെ വിഷമിക്കുകയാണ്. അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ പലരും യൂറോപ്യന്‍ സംസ്‌കാരവും ജീവിത ശൈലികളുമായി ഒത്തുപോകാതെ പ്രത്യേക വിഭാഗമായി നില്‍ക്കുന്നതും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലാണ് നിയമം പൊളിച്ചെഴുതണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
ഏതാനും ദിവസം മുമ്പ് നെതര്‍ലന്‍ഡ്സിലെ ന്യൂവീജിയന്‍ പട്ടണത്തില്‍ ഒരു 11 കാരി കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തായത് അഭയാര്‍ഥിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നും 30 മൈല്‍ അകലെയുള്ള പട്ടണത്തിലെ തെരുവില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ കുത്തിക്കൊന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരമറിഞ്ഞ ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നെങ്കിലും ഇരയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് സിറിയന്‍ വംശജനായ ഒരു 29 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.എ എന്‍ പി ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് ഒരാഴ്ചയായി അയാള്‍ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു എന്നും റി8പ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആക്രമണത്തിന്റെ കാരണം എന്താണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ മൊഴി അനുസരിച്ചാണ് പോലീസ് ഈ സിറിയന്‍ വംശജനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച സംഭവസ്ഥലത്തു നിന്നുള്ള ചിത്രത്തില്‍ പോലീസ്, സമീപത്തുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര പരിശോധിക്കുന്ന ദൃശ്യമുണ്ട്. ആക്രമത്തിന് ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്ന കത്തി, ആ മേല്‍ക്കൂരയുടെ മുകളില്‍ നിന്നാണ് പോലീസിന് ലഭിച്ചത്. പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സ്ഥലത്തേക്ക് നിരവധി പേരാണ് പുഷ്പങ്ങളും കളിപ്പാട്ടങ്ങളുമായി ആ കുരുന്നിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്.
നെതര്‍ലാന്‍ഡ്സിലെ നാലാമത്തെ വലിയ നഗരമായ യൂട്രെഷ്ട്സിന്റെ ഭാഗമാണ് ആക്രമണം നടന്ന ന്യൂവീജിയന്‍ എന്ന പട്ടണം. രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായ യൂടെഷ്ട്സ് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവും ഇവിടെയാണ്. അതിനൊപ്പം തന്നെ മറ്റ് പല ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളും ഈ നഗരത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഒത്ത നടുക്കാണ് ഈ നഗരത്തിന്റെ സ്ഥാനം എന്നതിനാല്‍, നെതര്‍ലാന്‍ഡ്സിന്റെ ഗതാഗത രംഗത്തും ഈ നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരത്തില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയനും നയംമാറ്റപാതയില്‍ നീങ്ങുന്നത്.