മോദി ഏറ്റവും സുന്ദരനായ വ്യക്തി, പക്ഷേ അദ്ദേഹം കുറച്ചുകടുപ്പക്കാരനുമാണ്; അപ്പെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന; ഇന്ത്യ-പാക്കിസ്ഥാന്‍ ആണവയുദ്ധം താന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്
മോദി ഏറ്റവും സുന്ദരനായ വ്യക്തി
സിയോള്‍: യുഎസും, ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയില്‍ അപ്പെക് ഉച്ചകോടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുമായി ഞാന്‍ വ്യാപാര കരാര്‍ ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണ്.'' ട്രംപ് പറഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാരക്കരാറില്‍ ഉടന്‍ ഒപ്പുവെക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാപാരക്കരാര്‍ ഒപ്പുവെക്കുന്നതിനുള്ള സമയം മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്.
റഷ്യയില്‍നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ കരാര്‍ വൈകാന്‍ കാരണമായത്.
ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ ഇടപെട്ട് തടഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. 'അവര്‍ രണ്ടും ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ വ്യാപാരക്കരാര്‍ ഉണ്ടാക്കില്ലെന്ന് ഞാന്‍ മോദിയോടു പറഞ്ഞു. സംഘര്‍ഷം തുടങ്ങി രണ്ടു ദിവസത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും എന്നെ വിളിച്ചു. പിന്നാലെ ഇരുവരും യുദ്ധം നിര്‍ത്തി,' ട്രംപ് പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ താന്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് മുമ്പ് പലതവണ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ഈ വാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് സാധ്യമായതെന്നും, ഇതില്‍ ഒരു മൂന്നാം കക്ഷിയുടെയും പങ്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.