ആദ്യ അപ്പീലില്‍ വിധി അനുകൂലമായാലും റദ്ദാക്കിയ പൗരത്വം തിരികെ ലഭിക്കില്ല: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ബ്രിട്ടീഷ് പൗരത്വം വേഗം പുനസ്ഥാപിക്കുന്നത് തടയാന്‍ പഴുതടച്ച് പുതിയ നിയമം

Update: 2025-10-29 03:13 GMT

ലണ്ടന്‍: ഭീകരരില്‍ നിന്നും, തീവ്രവാദികളില്‍ നിന്നും സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളില്‍ നിന്നും ബ്രിട്ടീഷ് ജനതയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതാണ് ഇന്നലെ രാജാവ് അംഗീകരിച്ച ഡിര്‍പിവിയേഷ ഓഫ് സിറ്റിസണ്‍ഷിപ്പ് ഓര്‍ഡേഴ്സ് (എഫക്റ്റ് ഡ്യൂറിംഗ് അപ്പീല്‍) ആക്റ്റ് 2025 എന്ന നിയമം. ഈ നിയമമനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വം അപ്പീല്‍ വിജയിച്ചാല്‍ താനെ പുനസ്ഥാപിക്കപ്പെടുന്നത് തടയും.

അതാായത്, ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ നല്‍കുന്ന ആദ്യ അപ്പീല്‍ വിജയിച്ചാല്‍ പൗരത്വം താനെ പുനസ്ഥാപിക്കുന്നത് നിര്‍ത്തലാകും. പകരം, അപ്പീല്‍ വിധിക്കെതിരെയുള്ള എല്ലാ അപ്പീല്‍ സാധ്യതകളും ഉപയോഗിച്ച് അന്തിമ വിധി അനുകൂലമായാല്‍ മാത്രമെ പൗരത്വം പുനസ്ഥാപിക്കപ്പെടുകയുള്ളു. നിയമ പ്രക്രിയകള്‍ നടക്കുന്നതിനിറ്റയില്‍ ബ്രിട്ടന്റെ ദേശീയ സുരക്ഷ അപകടത്തില്‍ ആകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്.

കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബര്‍ 21) യാണ് ഈ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടുന്നവര്‍ക്ക് ആദ്യ അപ്പീലില്‍ വിജയിച്ചാല്‍ അത് തിരികെ ലഭിക്കുന്നു എന്ന് 2025 ഫെബ്രുവരിയിലെ ഒരു വിധിന്യായത്തില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് ആ പിഴവ് അടയ്ക്കുന്നതിനായി പുതിയ നിയമം കൊണ്ടുവന്നത്. ആദ്യ അപ്പീല്‍ വിധിക്കെതിരെ വീണ്ടും അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ പോലും പൗരത്വം തിരികെ ലഭിക്കും.

ഈ നിയമം നിലവില്‍ വരുന്നതോടെ അപ്പീലില്‍ വിജയിച്ചവരെ, അവര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് തോന്നുന്നുവെങ്കില്‍ ഉടനറ്റി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നും മോചിപ്പിക്കേണ്ടി വരില്ല. മാത്രമല്ല, ബ്രിട്ടീഷ് പൗരത്വം മാത്രമെയുള്ളു എന്ന് തെളിയിക്കുന്നതിനായി മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം വേണ്ടെന്ന് വയ്ക്കാനും കഴിയില്ല. അങ്ങനെ ചെയ്താല്‍, ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുന്നതോടെ അവര്‍ സ്വന്തമായി ഒരു രാജ്യമില്ലാത്തവര്‍ ആകുമെന്നതിനാല്‍ പൗരത്വം റദ്ദാക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല, അവരെ നാടുകടത്താനും കഴിയുമായിരുന്നില്ല.

സമാനമായ സമീപനം അഭയാര്‍ത്ഥികളുടെ കാര്യത്തിലും എടുക്കും. അഭയാഭ്യര്‍ത്ഥന നിരസിച്ചതിനെതിരെ നല്‍കുന്ന അപ്പീലില്‍ അനുകൂല വിധി നേടിയാല്‍ ഉടന്‍ അഭയം ലഭിക്കുകയില്ല. മറിച്ച് എല്ലാ അപ്പീല്‍ സാധ്യതകളും തീരുന്നത് വരെ കാത്തിരിക്കേണ്ടി വരും. അന്തിമ അപ്പീലില്‍ വിധി അനുകൂലമായാല്‍ മാത്രമായിരിക്കും അഭയം ലഭിക്കുക.

Similar News