ഹമാസിന്റെ ക്രൂരപീഢനങ്ങള്‍ ഏറ്റുവാങ്ങി ഇരുട്ടറയില്‍ കഴിഞ്ഞത് 737 ദിനങ്ങള്‍; ഇസ്രയേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം മൂന്ന് ഘട്ടങ്ങളായി; ആദ്യ ഘട്ടത്തില്‍ വിട്ടയച്ചത് ഏഴ് പേരെ; റെഡ് ക്രോസിന് കൈമാറിയ ബന്ദികളുടെ ആരോഗ്യനില തൃപ്തികരം; 13 ബന്ദികളെയും ഇന്ന് തന്നെ മോചിപ്പിക്കും; സമാധാന കരാറിന്റെ ഭാഗമായി 1966 ഫലസ്തീന്‍ തടവുകാരെയും ഇസ്രയേല്‍ വിട്ടയക്കും
ഹമാസിന്റെ ക്രൂരപീഢനങ്ങള്‍ ഏറ്റുവാങ്ങി ഇരുട്ടറയില്‍ കഴിഞ്ഞത് 737 ദിനങ്ങള്‍
ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തില്‍ 7 പേരെയാണ് വിട്ടയച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേല്‍ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിന്റെ ഭാഗമായി 1966 പലസ്തീന്‍ തടവുകാരെയും ഇസ്രയേല്‍ വിട്ടയക്കും. ഫലസ്തീനി തടവുകാര്‍ ബസുകളില്‍ മോചന സ്ഥലത്തേക്ക് പുറപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്. ഖാന്‍ യൂനിസ്, നെറ്റ്‌സരീം എന്നിവടങ്ങില്‍ വച്ച് റെഡ് ക്രോസ് അധികൃതര്‍ക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായവരെ റെഡ് ക്രോസ് ഉടന്‍ ഇസ്രയേല്‍ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് വൈകിയേക്കും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കള്‍ ടെല്‍ അവീവില്‍ എത്തിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകള്‍ ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടു. ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് മോചിതരാകുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞതിന് ശേഷം ബന്ദികള്‍ തങ്ങളുടെ ഏറ്റവും അടുത്ത കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാനായി ആശുപത്രിയും ഒരുക്കിയിട്ടുണ്ട്. ബന്ദികളുടെ ഇടനാഴിക്ക് എതിര്‍വശത്ത് അവരുടെ ഏറ്റവും അടുത്ത കുടുംബത്തിന് സ്വന്തമായി ഒരു കിടപ്പുമുറിയും ഉണ്ടായിരിക്കും. ബന്ദികള്‍ എന്ത് കഴിക്കണം, എത്ര വേഗത്തില്‍ കഴിക്കണം എന്ന് നിര്‍ണ്ണയിക്കുക പ്രധാനപ്പെട്ട കാര്യമാണ്. ബന്ദികള്‍ തിരിച്ചെത്തിയാലും തങ്ങളുടെ ജോലി അവസാനിക്കുന്നില്ല എന്ന് ബന്ദികള്‍ തിരിച്ചെത്തുന്ന യൂണിറ്റിലെ ജീവനക്കാര്‍ ഊന്നിപ്പറയുന്നു. മെഡിക്കല്‍ കോംപ്ലക്സിലുടനീളമുള്ള 1,700 നഴ്സുമാരില്‍ മിക്കവാറും എല്ലാവരും യൂണിറ്റില്‍ അധിക ഷിഫ്റ്റുകള്‍ എടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ 7-ന് ഹമാസ് അതിര്‍ത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കിയത്. തുടര്‍ന്ന് 737 ദിവസങ്ങള്‍ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്. ട്രംപിന് പുറമെ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ബന്ദിമോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദികളെ കൈമാറുന്നതിനുള്ള നടപടികളാരംഭിച്ചത്. ഗാസ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപ് പ്രശംസിച്ചു. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഗാസ സമാധാന ഉച്ചകോടി നടക്കും. ഇസ്രയേലിലാണ് ട്രംപിന്റെ ആദ്യ സന്ദര്‍ശനം. തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ട്രംപ് യാത്ര തിരിച്ചു. വിപുലമായ സ്വീകരണമാണ് യുഎസ് പ്രസിഡന്റിന് ഇസ്രയേലില്‍ ഒരുക്കിയിരിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേല്‍ പാര്‍ലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദര്‍ശിക്കും. അതിനുശേഷം ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
ഈജിപ്തിലെ ഷാംഅല്‍ഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ല. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഈജിപ്തിലെത്തിയിട്ടുണ്ട്. ഡോണള്‍ഡ് ട്രംപും എല്‍സിസിയും മോദിയെ ക്ഷണിച്ചിരുന്നു.