ജര്‍മനിയില്‍ ഭരണമാറ്റം; മുന്നേറ്റമുണ്ടാക്കി മേര്‍ട്സിന്റെ സിഡിയു; കരുത്ത് കാട്ടി എഎഫ്ഡി; സിഡിയു-സിഎസ്യു സഖ്യം നേടിയത് 28.6 ശതമാനം വോട്ട്; ചരിത്രനേട്ടം നേടിയ തീവ്രവലതുപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകുമോ? സിഡിയു നേതാവ് ഫ്രീഡ്റിഷ് മേര്‍ട്സ് അടുത്ത ചാന്‍സലറാകും

Update: 2025-02-24 16:46 GMT

മ്യൂണിക്: ജര്‍മന്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സഖ്യത്തിന്റെ വിജയം ഉറപ്പിച്ച് പുറത്ത് വന്ന ഫലങ്ങള്‍. 28.6 ശതമാനം വോട്ടുകളാണ് സിഡിയു, സിഎസ്യു സഖ്യത്തിന് നേടാനായതെന്ന് പുറത്തുവന്ന റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്താണെങ്കിലും എക്കാലത്തെയും റെക്കോഡ് വോട്ടുകളാണ് എഎഫ്ഡി നേടിയത്. 20.8 ശതമാനം വോട്ടുകളാണ് എഎഫ്ഡിയ്ക്ക് നേടാനായത്. നിലവില്‍ ഭരണത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 16.4 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. എസ്ഡിപിയുടെ സഖ്യകക്ഷികളില്‍ ഒന്നായ ഗ്രീന്‍സ് 11.6 ശതമാനം വോട്ടുകള്‍ നേടി. ദി ലെഫ്റ്റ് പാര്‍ട്ടി 8.8 ശതമാനം വോട്ടുനേടി. ജര്‍മന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സഖ്യത്തിന്റെ വിജയം സ്ഥിരീകരിച്ചത് നിലവിലെ പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രെഡറിക് മെര്‍ട്സ് ആണ്. മെര്‍ട്സ് ആയിരിക്കും അടുത്ത ചാന്‍സലര്‍. സി ഡിയു- സി എസ് യു സഖ്യം ജര്‍മ്മന്‍ പാര്‍ലമെന്റില്‍ 208 സീറ്റുകള്‍ നേടിയെന്നാണ് പ്രാഥമിക കണക്ക്. എഎഫ്ഡി-152, എസ്പിഡി-120, ഗി ഗ്രീന്‍സ്-85, ദി ലെഫ്റ്റ്-64

അതേസമയം സഹ്ര വാഗെന്‍ക്‌നെക്റ്റിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടിയായ ബിഎസ്ഡബ്ല്യു 5 ശതമാനം വോട്ട് നേടിയെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തന്റെ പാര്‍ട്ടിയുടെ പരാജയം അംഗീകരിക്കുകയും ഫ്രെഡറിക് മെര്‍ട്സിനെ അഭിനന്ദിക്കുകയും ചെയ്തു.

'സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത് ഒരു കയ്‌പേറിയ തിരഞ്ഞെടുപ്പ് ഫലമാണ്, ഇത് ഒരു തിരഞ്ഞെടുപ്പ് പരാജയം കൂടിയാണ്. മെര്‍ട്സിന് അഭിനന്ദനങ്ങള്‍,' വോട്ടെടുപ്പിന് ശേഷമുള്ള തന്റെ ആദ്യ പ്രസ്താവനയില്‍ ഷോള്‍സ് പറഞ്ഞു. അതേസമയം കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സിഡിയു ചെറിയ പാര്‍ട്ടികളുമായി സഖ്യത്തില്‍ എത്തിയേക്കും.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുമായി എന്തായാലും സഖ്യത്തിനില്ലെന്ന് മെര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രധാന എതിരാളിയായ എസ്പിഡിയെ മെര്‍ട്‌സ് കൂട്ടുപിടിക്കുമോ അതോ മറ്റു ചെറു പാര്‍ട്ടികളെ ആശ്രിയിക്കുമോ എന്നതിലാണ് ആകാംക്ഷ. ബജറ്റ് ചെലവുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് നവംബറില്‍ ഷോള്‍സ് സഖ്യം തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

എഎഫ്ഡി മുന്നോട്ടു വയ്ക്കുന്ന തീവ്ര വലതുപക്ഷ ആശയങ്ങള്‍ ഒരു പരിധി വരെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിലേക്കാണ് രാജ്യത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ ഈ തെരഞ്ഞെടുപ്പോടെ എത്തിച്ചേരുന്നത്. തീവ്ര വലതുപക്ഷത്തിനു ബദലായി തീവ്ര ഇടതുപക്ഷം വളര്‍ന്നുവരുന്നതിനെക്കുറിച്ചുള്ള ആശങ്ക വേറെയും.

യുദ്ധാനന്തര ജര്‍മനിയുടെ ചരിത്രത്തിലാദ്യമായി ഒരു തീവ്ര വലതുപക്ഷ പ്രസ്ഥാനം - എഎഫ്ഡി - പാര്‍ലമെന്റില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം. എന്നാല്‍, ഒരു സാഹചര്യത്തിലും വലതുപക്ഷവുമായി സഖ്യം വേണ്ടെന്നാണ് മുഖ്യധാരാ പാര്‍ട്ടികളുടെ നിലപാട്. അതിനാല്‍ ഓള്‍ട്ടര്‍നേറ്റിവ് ഫൊര്‍ ജര്‍മനി കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നു കരുതാം. പക്ഷേ, ഇനിയൊരു ടേമില്‍ കൂടി അവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശേഷി മുഖ്യധാരാ രാഷ്ട്രീയത്തിനുണ്ടെന്ന് ഉറപ്പില്ല.

വലതുപക്ഷവുമായി സഖ്യത്തിനില്ലെന്ന നിലപാടില്‍ തന്നെയാണ് കണ്‍സര്‍വേറ്റീവ് വിഭാഗം നിലകൊള്ളുന്നത്. ആഭ്യന്തര വിഷയങ്ങളില്‍ മാത്രമല്ല, വിദേശ നയത്തിന്റെയും സാമ്പത്തിക നയത്തിന്റെയും കാര്യത്തില്‍ ജര്‍മനിയിലെ മുഖ്യധാരാ പാര്‍ട്ടികളുടേതില്‍നിന്നു വിപരീതമാണ് എഎഫ്ഡിയുടെ നയം. യൂറോപ്യന്‍ യൂണിയനും നാറ്റോ സഖ്യവും അടക്കം പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണത്. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടസ്ടാഗിലെ മുഖ്യ പ്രതിപക്ഷം എന്ന നിലയില്‍ അടുത്ത ടേമില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ കരുത്തുള്ള സമ്മര്‍ദ ശക്തിയായി അവര്‍ക്കു പ്രവര്‍ത്തിക്കാനാവും.

കുടിയേറ്റം, സുരക്ഷ, സാമ്പത്തിക നയങ്ങള്‍ എന്നിവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഉള്‍പ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ പ്രമുഖര്‍ ഈ തിരഞ്ഞെടുപ്പില്‍ എഎഫ്ഡിക്ക് പിന്തുണ പ്രകടിപ്പിച്ചത് യൂറോപ്യന്‍ നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എഎഫ്ഡി മുഖ്യപ്രതിപക്ഷമാകുന്നത് ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.

Tags:    

Similar News