എയ്‌ഞ്ചേല മെര്‍ക്കല്‍ ചെയ്ത തെറ്റ് തിരുത്തി പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍; അഭയാര്‍ഥികളുടെ ഫാമിലി സ്റ്റാറ്റസ് എടുത്ത് കളഞ്ഞതിന് പിന്നാലെ അപ്പീല്‍ അവകാശവും പരിമിതപ്പെടുത്തി; ജനഹിതത്തിന് ഒപ്പം സര്‍ക്കാര്‍ നിന്നതോടെ കുടിയേറ്റം പാതിയായി കുറഞ്ഞു

എയ്‌ഞ്ചേല മെര്‍ക്കല്‍ ചെയ്ത തെറ്റ് തിരുത്തി പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍

Update: 2025-08-25 01:28 GMT

ബെര്‍ലിന്‍: അഭയത്തിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടു കഴിഞ്ഞാല്‍, നിയമജ്ഞനെ സമീപിച്ച് അപ്പീല്‍ നല്‍കാനുള്ള അഭയാര്‍ത്ഥികളുടെ അവകാശം എടുത്തു കളയാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ഭരണകൂടം. അപേക്ഷ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. നടുകടത്തല്‍ കാത്തു കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് നിയമ പിന്തുണ നല്‍കുന്ന നിയമം എടുത്തു കളയുകയാണെന്ന് ചാന്‍സലര്‍ ഫ്രെഡ്രൈ മെഴ്‌സ് ദി ടെലെഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എയ്ഞ്ചല മെര്‍ക്കലിന്റെ മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഈ നിയമം, നാടുകടത്തല്‍ പ്രക്രിയ വൈകിപ്പിക്കാനായി ദുരുപയോഗം ചെയ്യുകയാണെന്ന് മെഴ്സിന്റെ അനുയായികള്‍ വാദിക്കുന്നു.

നാടുകടത്തലിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍, ആളുകള്‍ ഒളിവില്‍ പോവുകയോ, നിയമനടപടികള്‍ക്ക് മുതിരുകയോ ചെയ്യുന്നതിനാല്‍ അത് ക്ലേശകരമാവുകയാണ് എന്നുമാണ് മെഴ്സിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു എം പി പറഞ്ഞത്. മാത്രമല്ല, നിയമനടപടികളിലൂടെയും മറ്റും നാടുകടത്തല്‍ വൈകിപ്പിക്കുന്നത് ആളുകള്‍ ഒളിവില്‍ പോകാന്‍ ഇടയാക്കുമെന്നും എം പി ചൂണ്ടിക്കാണിച്ചു. എന്നാല്‍, ഈ നിയമം എടുത്തു കളയുന്നതിനെതിരെയും ഒരു വിഭാഗം ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

ആളുകളെ നിയമവിരുദ്ധമായി തടങ്കലില്‍ വെയ്ക്കാന്‍ പുതിയ നിയമം ഇടയാക്കുമെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്. ജര്‍മ്മനിയിലെ കുടിയേറ്റ അനുകൂല സംഘടനകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ നീക്കത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് ഈ നീക്കം എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, നിയമവിരുദ്ധമായ കുടിയേറ്റം തടയുന്നതിനുള്ള തടസ്സങ്ങളില്‍ ഒന്നാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്ന നടപടി എന്നും അത് അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു.

അനധികൃത അഭയാര്‍ത്ഥി പ്രവാഹത്തിനെതിരെ ചാന്‍സലര്‍ ഫ്രെഡ്രിക് മെഴ്സ് കൈക്കൊണ്ട കര്‍ശന നിലപാടുകള്‍ ഫലം കാണുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ജര്‍മ്മനിയില്‍ നിന്നും വരുന്നത്. അഭയത്തിനുള്ള അപേക്ഷകള്‍ പകുതിയായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കെലിന്റെ അഭയാര്‍ത്ഥികളോടുള്ള മൃദുസമീപനം പുതിയ ഭരണകൂടം അപ്പാടെ മാറ്റിയിട്ടുണ്ട്. ജര്‍മ്മനിയുടെ അതിര്‍ത്തികള്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിട്ടതിന്റെ പത്താം വാര്‍ഷികമാണ് സെപ്റ്റംബറില്‍ വരുന്നത്.

എന്നാല്‍, പുതിയ നിയമമനുസരിച്ച്, ആവശ്യമായ രേഖകള്‍ ഇല്ലാതെ വരുന്ന കുട്ടികളൂം ഗര്‍ഭിണികളും ഒഴിച്ചുള്ളവരെയെല്ലാം അതിര്‍ത്തികളില്‍ നിന്നും തിരിച്ചയയ്ക്കുകയാണ്. ഇതോടെയാണ് ജര്‍മ്മനിയിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞത്. തെരഞ്ഞെടുപ്പില്‍ കുടിയേറ്റം മുഖ്യ വിഷയമായിരുന്നു. അധികാരമേറ്റ ആദ്യം തന്നെ മെഴ്സ് ചെയ്തത്, തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം അനുസരിച്ച് എയ്ഞ്ചല മെര്‍ക്കലിന്റെ ഉത്തരവ് റദ്ദാക്കുക എന്നതായിരുന്നു. അതിര്‍ത്തികളില്‍ അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായി 3000 ത്തോളം ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയിലെ ആഭ്യന്തര കലാപത്തിന് അറുതിയായതോടെ സിറിയയില്‍ നിന്നെത്തുന്നവരെ ഉടനടി തിരിച്ചയയ്ക്കുമെന്ന് മെഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ സമ്പൂര്‍ണ്ണ അഭയാര്‍ത്ഥി സ്റ്റാറ്റസ് ലഭിക്കാത്തവരുടെ കുടുംബാംഗങ്ങളെ ജര്‍മ്മനിയിലേക്ക് കൊണ്ടു വരുന്നതും തടഞ്ഞിട്ടുണ്ട്. കുടുംബങ്ങളുടെ ഒന്നിപ്പിക്കല്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ നേരത്തെ സാധാരണമായിരുന്നു.

Tags:    

Similar News