ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരവേ 10 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതം അറിയിച്ചു ഹമാസ്; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കണമെന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യം; നിബന്ധനകള്‍ അംഗീകരിക്കാതെ ഇസ്രായേല്‍

ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരവേ 10 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതം അറിയിച്ചു ഹമാസ്

Update: 2025-07-10 03:03 GMT

ഗാസ സിറ്റി: തങ്ങളുടെ, കൈവശമുള്ള ബന്ദികളില്‍ പത്ത് പേരെ വിട്ടയക്കാമെന്ന് സമ്മതിച്ച് ഹമാസ് തീവ്രവാദികള്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ബന്ദികളില്‍ പത്ത് പേരെ വിട്ടയ്ക്കാന്‍ ഹമാസ് സമ്മതിച്ചത്. അതേ സമയം ഇക്കാര്യത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ചില തടസങ്ങളുണ്ടെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടുന്നത്.

ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കുക, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക, സ്ഥിരമായി വെടിനിര്‍ത്തലിനായി ഉറപ്പ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട്

വെച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം എന്നാണ് ഹമാസ് ഇപ്പോഴും പറയുന്നത്. ചര്‍ച്ചകളുടെ വിജയത്തിനായി തങ്ങള്‍ നിരവധി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ് എന്നും അതിന്റെ ഭാഗമായിട്ടാണ് ബന്ദികളെ വിട്ടയക്കാന്‍ തയ്യാറായതെന്നും ഹമാസ് പ്രസ്താവനയില്‍

വ്യക്തമാക്കി.

യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തിനായി ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം പുറത്ത് വരുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് കടന്നു കയറി ആയിരത്തിലധികം പേരെ കൂട്ടക്കൊല ചെയ്യുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇസ്രയേലും ഹമാസും തമ്മില്‍ ഏററുമുട്ടല്‍ ആരംഭിച്ചത്.

ഇതിനകം ഫലസ്തീനില്‍ 57,000 ത്തോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ഹമാസ്സ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 251 പേരില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ തന്നെ തുടരുകയാണ്. ഇവരില്‍ 27 പേര്‍ മരിച്ചതായി ഇസ്രയേല്‍ സൈന്യം പറയുന്നു. യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറുകയും ചെയ്തില്ലെങ്കില്‍ മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുകയില്ല എന്നാണ് ഹമാസിന്റെ നിലപാട്.

എന്നാല്‍ ഹമാസ് ഭീകരര്‍ ഇനി ഒരിക്കലും തങ്ങള്‍ക്ക് ഭീഷണിയാകരുതെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തി പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത് വെടിനിര്‍ത്തല്‍ കരാര്‍ സമീപഭാവിയില്‍

ഉണ്ടാകും എന്നാണ്. ഒരു കരാറിലേക്ക് തങ്ങള്‍ അടുക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേ സമയം ഇന്നലെയും ഇസ്രയേല്‍ സൈന്യം ഗാസയില്‍ ശക്തമായ ആക്രമണം നടത്തി. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കിയത്. എന്നാല്‍ ഗാസയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കാനും സാധ്യത കുറവാണ്. പലപ്പോഴും ഫലസ്തീന്‍ അനുകൂല സംഘടനകള്‍ നല്‍കുന്ന കണക്കാണ് ഇത്തരം കാര്യങ്ങളില്‍ പുറത്തു വരാറുള്ളത്.

Tags:    

Similar News