ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേന സമ്പൂര്‍ണമായി പിന്മാറണം; താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരവും സമഗ്രവുമായ വെടിര്‍ത്തല്‍ വേണം; മാനുഷിക സഹായം തടസ്സമില്ലാതെ എത്തണം; തടവുകാരുടെ കൈമാറ്റം ന്യായമാകണം; യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കവേ ഹമാസിന്റെ മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെ; നെതന്യാഹു ചര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണം
ഹമാസ് മുന്നോട്ടുവച്ച മുഖ്യ ആവശ്യങ്ങള്‍
ഗസ്സ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കുന്നു. ഇസ്രായേല്‍, ഹമാസ് പ്രതിനിധികളും മധ്യസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. യുദ്ധം ആരംഭിച്ച് രണ്ടുവര്‍ഷം തികയുന്ന ദിവസമാണ് ചര്‍ച്ച നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ടുവച്ച മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെയാണ്:
ഗസ്സയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സാധിക്കുന്ന തരത്തില്‍ ഒരു കരാറിലെത്താന്‍ എല്ലാ തടസ്സങ്ങളെയും മറികടക്കാനാണ് പ്രതിനിധി സംഘം ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് ഫവ്‌സി ബാര്‍ഹോം അറിയിച്ചു.
1. താല്‍ക്കാലികമല്ല, സ്ഥിരവും സമഗ്രവുമായ വെടിനിര്‍ത്തല്‍
2. ഗസ്സയില്‍ നിന്ന് ഇസ്രയേലി സേനയുടെ സമ്പൂര്‍ണ പിന്മാറ്റം
3. മാനുഷിക-ദുരിതാശ്വാസ സഹായം ഗസ്സയില്‍ തടസ്സമില്ലാതെ എത്തണം
4. പലായനം ചെയ്ത ജനങ്ങളെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണം
5. ഫലസ്തീന്‍ ടെക്‌നോക്രാറ്റുകളുടെ മേല്‍നോട്ടത്തില്‍ സമ്പൂര്‍ണ ഗസ്സ പുനര്‍നിര്‍മ്മാണ പ്രക്രിയ ഉടന്‍ ആരംഭിക്കണം
6. തടവുകാരുടെ ന്യായമായ കൈമാറ്റം
മുന്‍പ് നടന്ന ചര്‍ച്ചകളിലെ പോലെ ഈ വട്ട ചര്‍ച്ചയും തടസ്സപ്പെടുത്താനും, അട്ടിമറിക്കാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുകയാണെന്ന് ഫവ്‌സി ബാര്‍ഹോം ആരോപിച്ചു. ഗസ്സയെ തകര്‍ക്കാന്‍ സൈനിക ശക്തിയുടെ ക്രൂരമായ പ്രയോഗവും സമ്പൂര്‍ണ അമേരിക്കന്‍ പങ്കാളിത്തവും ഉണ്ടെങ്കിലും വിജയത്തിന്റെ വ്യാജ പ്രതിച്ഛായ നേടിയെടുക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു.
ഈജിപ്റ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴിമുട്ടുമോ അതോ സമാധാനത്തിലേക്കുള്ള വഴിതുറക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഗസ്സയിലെ സ്ഥിതിഗതികള്‍. എന്നാല്‍, ചര്‍ച്ചകള്‍ നടക്കുന്ന വേളയിലും ഇസ്രായേല്‍ സൈന്യം ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ആക്രമണം നടത്തുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ ഗസ്സയിലെ മനുഷ്യത്വപരമായ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ശക്തമാണെങ്കിലും, സമാധാന ചര്‍ച്ചകള്‍ക്ക് ഫലം കാണാന്‍ ഇനിയും സമയമെടുത്തേക്കാം. ഗസ്സയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമായി തുടരുന്ന സാഹചര്യത്തില്‍, എത്രയും പെട്ടെന്ന് ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം ഉറ്റുനോക്കുന്നത്.