പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അവിഹിത ബന്ധം ആരോപിച്ച് പാക്കിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു; 13 പേര്‍ അറസ്റ്റില്‍; ഗോത്ര നേതാവ് വിധിച്ച വധശിക്ഷ നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയെന്നും നേതാക്കള്‍
പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല
കറാച്ചി: പാക്കിസ്ഥാനെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊലപാതകം, ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നയന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തത്.
ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന വിവരം. അവിഹിതബന്ധം ആരോപിച്ച് ഗോത്ര നേതാവ് വിധിച്ച വധ ശിക്ഷയാണ് നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയാണ് ഇതെന്നുമാണ് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ആഗോള തലത്തില്‍ വിഷയം ചര്‍ച്ചയായി മാറി.
സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 13 പേരെ പിടികൂടിയത്. കൊല്ലപ്പെട്ട ബാനോ ബീബിയുടെ സഹോദരന്‍ ഉള്‍പ്പെടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ബലൂചിസ്ഥാന്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ 405 ദുരഭിമാനക്കൊലകള്‍ നടന്നതായാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള പാകിസ്ഥാന്‍ സ്വദേശിനി സന യൂസഫിന്റെ മരണലവും അടുത്തകാലത്ത് പാകകിസ്ഥാനെ ഞെട്ടിച്ചിരുന്നു. 17 വയസുകാരിയായ സനയെ ബന്ധുവായ യുവാവ് വീട്ടിലെത്തി വെടിവച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായത്.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ അപ്പര്‍ ചിത്രാലിലാണ് സനയുടെ സ്വദേശം. സന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം നിരവധി കാഴ്ച്ചക്കാരും ആരാധകരമുണ്ടായിരുന്നു. നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടായിരുന്നു സനയുടേത്. കൂടാതെ കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ വലിയ വളര്‍ച്ചയും നേടിയിരുന്നു ആ പതിനേഴുകാരി.
സനയുടെ ദേഹത്ത് 2 വെടിയുണ്ടകള്‍ തറയ്ക്കുകയും സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയും ചെയ്തു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സനയ്ക്ക് നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഫോര്‍ സന എന്ന ഹാഷ്ടാഗ് ക്യാംപെയ്നും ആരംഭിച്ചിരുന്നു.