ഇസ്രായേലിനെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടിയതൊന്നും മതിയാകാതെ ഹൂതികള്‍; വീണ്ടും ഇസ്രായേല്‍ ലക്ഷ്യമാക്കി ബലസ്റ്റിക് മിസൈല്‍ ആക്രമണം; തടുത്തിട്ട് മിസൈല്‍ പ്രതിരോധ സംവിധാനം; രണ്ടാഴ്ച്ചക്കിടെ ഉണ്ടായ ഏഴാമത്തെ മിസൈല്‍ ആക്രമണത്തില്‍ ക്ഷമ കെട്ട് ഇസ്രായേല്‍

ഇസ്രായേലിനെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടിയതൊന്നും മതിയാകാതെ ഹൂതികള്‍

Update: 2024-12-31 07:53 GMT

ടെല്‍ അവീവ്: ഇസ്രയേലില്‍ നിന്ന് കിട്ടിയതൊന്നും മതിയാകാതെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണവുമായി ഹൂത്തി വിമതര്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മിസൈലാക്രമണം ഉണ്ടായത്. എന്നാല്‍ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലിനെ തകര്‍ത്തു. രണ്ടാഴ്ചക്കിടെ ഇത് ഏഴാം തവണയാണ് ഹൂത്തികള്‍ ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തുന്നത്. ഇതേ കാലയളവില്‍ അവര്‍ ഡ്രോണുകളും അയച്ചിരുന്നു. ഇസ്രയേലിന്റെ വ്യോമാതിര്‍ത്തിയില്‍ മിസൈല്‍ കടന്ന സമയത്ത് തന്നെ അപകട സൈറണുകള്‍ മുഴങ്ങിയിരുന്നു. തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് ഒരു സ്ഥലത്തും പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ജെറുസലേമിന് സമീപമുള്ള ബെയ്ത്ത് ഷമേഷ് നഗരത്തിലാണ് മിസൈലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പതിച്ചത്.

കനത്ത മഴയെ അവഗണിച്ചു കൊണ്ട് വന്‍ ജനക്കൂട്ടമാണ് ഇവിടെ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി തിങ്ങിക്കൂടിയത്. പോലീസ് പിന്നീട്

ജനങ്ങളെ ഇവിടെ മാറ്റുകയായിരുന്നു. അതേ സമയം മിസൈല്‍ തകര്‍ത്ത ശബ്ദം കേട്ട് സുരക്ഷിത ബങ്കറുകളിലേക്ക് ഓടുന്നതിന്റെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ കുറേ സമയം നിര്‍ത്തി വെച്ചിരുന്നു.

മിസൈലാക്രമണം നടക്കുന്ന സമയത്ത് ടെല്‍ അവീവ് നഗരത്തില്‍ ഇസ്രയേലിലെ പ്രമുഖ കവിയും ഗായകനുമായ മോഷേ

പെരറ്റ്സിന്റെ സംഗീതമേള നടക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സംഗീത പരിപാടിക്കായി ഒത്തു കൂടിയിരുന്നത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് കാണികളില്‍ പലരും ചെറുതായി പരിഭ്രാന്തരായി എങ്കിലും അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നീട് ഹൂത്തി നേതാക്കള്‍ ബാലിസ്റ്റിക് മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

ഇനിയും ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്നും അവര്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. ഗാസയ്ക്ക് വേണ്ടിയുള്ള പോരാട്ടം തങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് ഹൂത്തി സുപ്രീം റവല്യൂഷണറി കമ്മിറ്റി തലവന്‍ മുഹമ്മദലി അല്‍ ഹൂത്തി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. തെക്കന്‍ ഹുദൈദയിലെ ഹൂത്തികളുടെ ശക്തികേന്ദ്രങ്ങള്‍ അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചതായി ഹൂത്തിനേതാക്കള്‍ ആരോപിച്ചിരുന്നു. ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ അവര്‍ക്ക് പിന്തുണ

പ്രഖ്യാപിച്ച് കൊണ്ട് ഹൂത്തികള്‍ ആക്രമണം തുടങ്ങിയിരുന്നു.

ചെങ്കടലിലൂടെ കടന്നു പോകുന്ന ഇസ്രയേല്‍ ബന്ധമുളള കപ്പലുകളാണ് ഇവര്‍ ആദ്യം ആക്രമിച്ചിരുന്നത്. ഹിസ്ബുളള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുകയും ഹമാസ് ഭീകരര്‍ ഒത്തു തീര്‍പ്പിനായി ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതിനിടയിലാണ് ഹൂത്തികള്‍ വീണ്ടും

ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയയ്ക്കാന്‍ തുടങ്ങിയത്. ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ വ്യോമസേന നിരവധി തവണ ഹൂത്തികളുടെ താവളമായ യെമനിലെ സനയില്‍ പല പ്രാവശ്യം ശക്തമായ തോതില്‍ ബോംബാക്രമണം നടത്തിയത്.

സനയിലെ അന്താരാഷ്ട്ര വിമാനത്താവളവും ഹുദൈദ ഉള്‍പ്പെടെയുള്ള തുരമുഖങ്ങളും ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഹുദൈദ തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. നേരത്തേ ഇവിടെ നങ്കൂരമിട്ടിരുന്ന പല കപ്പലുകള്‍ക്കും പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.

Tags:    

Similar News