ട്രംപിന്റെ അമിതാവേശം കൊണ്ട് ഗുണമുണ്ടായില്ല; ഫിന്‍ലന്‍ഡും നോര്‍വെയും സ്വീഡനും പിടിച്ചെടുക്കാന്‍ ഒരുങ്ങി പുടിന്‍; അതിര്‍ത്തിയില്‍ ആറു ലക്ഷത്തോളം സൈനികരെ വിന്യസിച്ചതും വന്‍ ആയുധ നീക്കം നടത്തുന്നതും ആശങ്കയോടെ കണ്ട് നാറ്റോ രാജ്യങ്ങള്‍: നാറ്റോ സഖ്യത്തിനെതിരെ റഷ്യയുടെ യുദ്ധം ഉടനുണ്ടാവുമോ?
നാറ്റോ സഖ്യത്തിനെതിരെ റഷ്യയുടെ യുദ്ധം ഉടനുണ്ടാവുമോ?
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ എന്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത് എന്ന ആശങ്കയില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍. അതിര്‍ത്തിയില്‍ ആറ് ലക്ഷത്തോളം സൈനികരെ വിന്യസിച്ചതും വന്‍ ആയുധനീക്കം നടത്തുന്നതും എല്ലാം തന്നെ ഇവര്‍ ആശങ്കയോടെയാണ് കാണുന്നത്. ഫിന്‍ലന്‍ഡും സ്വീഡനും നോര്‍വ്വേയും പിടിച്ചെടുക്കാനാണ് റഷ്യ നീക്കം നടത്തുന്നതെന്നാണ് കരുതപ്പെടുന്നത്.
ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം നടത്തുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പ്രധാന സൈനിക താവളങ്ങളില്‍ റഷ്യ സൈനികര്‍ക്ക് താമസ സൗകര്യങ്ങള്‍, വിമാന അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് പുതിയ സംവിധാനങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയും ജര്‍മ്മനിയിലെ രഹസ്യാന്വേഷണ വിഭാഗവും എല്ലാം ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിട്ടിരുന്നു. റഷ്യ ഈ ഭാഗത്തേക്ക് ആയുധങ്ങളും സൈനികരയേും അയയ്ക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്.
വ്ളാഡിമിര്‍ പുട്ടിന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ഒരു നീണ്ട പോരാട്ടത്തിന് തയ്യാറെടുക്കുന്നതിന്റെ മുന്നൊരുക്കങ്ങളായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഫിന്‍ലന്‍ഡിലെ വാര്‍ത്താ ഏജന്‍സിയായ ഇല്‍റ്റലെഹ്തിയില്‍ ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നിവക്കെതിരെ റഷ്യ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍തോതിലുള്ള സൈനിക നീക്കം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കിഴക്കന്‍ മേഖലയില്‍ ആദ്യ ഘട്ടം ആക്രമണം നടത്തുന്നതിന്റെ സാധ്യതകള്‍ റഷ്യ പരിശോധിച്ചതായും പറയപ്പെടുന്നു.
നോര്‍വീജിയന്‍ തീരം, ഫിന്‍ലാന്‍ഡിന്റെ തെക്ക്, ലാപ്ലാന്‍ഡ് മേഖല, സ്വീഡിഷ് ദ്വീപായ ഗോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഒരേസമയം ഏകോപിതമായ ആക്രമണം നടത്തുകയും എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളിലേക്ക് കടക്കുകയും ചെയ്യാനാണ് റഷ്യ പദ്ധതിയിടുന്നത് എന്നാണ് സൂചന. എന്നാല്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതിനായി ചെറിയ തോതിലുള്ള ആക്രമണമായിരിക്കും റഷ്യ പദ്ധതിയിടുന്നതെന്നും കരുതപ്പെടുന്നു.
ചില പ്രദേശങ്ങള്‍ക്ക് നേര് ആക്രമണം നടത്തുമ്പോള്‍ ഒരു യൂറോപ്യന്‍ യുദ്ധം ഒഴിവാക്കാനായി പിടിച്ചെടുത്ത മേഖലകള്‍ സ്വന്തമാക്കാന്‍ റഷ്യയെ അനുവദിക്കണമെന്ന് ഏതെങ്കിലും നാറ്റോ സഖ്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് വലിയ അഭിപ്രായ ഭിന്നതക്ക് വഴിവെയ്ക്കും എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. 2017 ലും റഷ്യ ഇത്തരത്തില്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
ഇപ്പോള്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ യുദ്ധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിലും പുതിയ സൈനിക നീക്കങ്ങളെ ലോകം സംശയത്തോടെ തന്നെ നോക്കിക്കാണുന്നത്. ഏതായാലും ഇത്തരം കാര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാട്ടുന്ന അമിതാവേശം കൊണ്ട് യാതൊരു ഫലവും ഇനിയും ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍.