അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ; നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും; പട്രോളിങ് പുനഃരാരംഭിക്കും

Update: 2024-10-22 05:05 GMT

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്നാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദര്‍ശത്തിന് തൊട്ടുമുന്‍പാണ് സുപ്രധാന തീരുമാനം.

ധാരണ പ്രകാരം യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും. മേഖലയില്‍ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ടെന്ന് മിസ്രി വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കും. ദെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള തര്‍ക്കമാണ് ഇന്ത്യയും ചൈനയും പരിഹരിച്ചത്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിവരികയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് അംഗരാജ്യങ്ങളിലെ സുരക്ഷാകാര്യനേതാക്കളുടെ യോഗത്തിനിടെയാണ് ഇരുവരും തമ്മില്‍ കണ്ടത്.

2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. നിരവധി ചൈനീസ് സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വഷളായിരുന്നു. ഈ വിഷയത്തിലാണ് ഇന്ത്യയും ചൈനയും ഇപ്പോള്‍ ധാരണയില്‍ എത്തിയിട്ടുള്ളത്.

നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പാണ് നിര്‍ണായക നീക്കം. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 'ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തല്‍' എന്ന പ്രമേയത്തിലാണ് ഖസാനില്‍ ഉച്ചകോടി നടക്കുന്നത്. 16-ാം ബ്രിക്‌സ് ഉച്ചകോടി റഷ്യയിലെ കസാനില്‍ ചൊവ്വാഴ്ച ആരംഭിക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.

Tags:    

Similar News