'അന്താരാഷ്ട്ര അഹിംസാ ദിനത്തിലുണ്ടായ ആക്രമണം ദുഃഖകരം; ഭീകരത ഉയര്‍ത്തുന്ന ആഗോള വെല്ലുവിളിയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ ആക്രമണം; ആഗോള സമൂഹം ഐക്യത്തോടെ ഇതിനെ ചെറുക്കണം'; മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു ഇന്ത്യ
മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു ഇന്ത്യ
മഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു ഇന്ത്യ. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ യോം കിപ്പൂര്‍ ആരാധനയ്ക്കിടെയുണ്ടായ ആക്രമണത്തെ ശക്തമായ ഭാഷയിലാണ് ഇന്ത്യ അപലപിച്ചത്. ഉണ്ടായത് മാരകമായ ഭീകരാക്രമണമാണെന്ന് ഇന്ത്യ പ്രതികരിച്ചു. അന്താരാഷ്ട്ര അഹിംസാ ദിനത്തിലുണ്ടായ ആക്രമണം ദുഃഖകരം എന്നും വിശേഷിപ്പിച്ചു. ഭീകരത ഉയര്‍ത്തുന്ന ആഗോള വെല്ലുവിളിയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
''യോം കിപ്പൂര്‍ ആരാധനയ്ക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണ്,'' ജയ്സ്വാള്‍ പറഞ്ഞു. ആഗോള സമൂഹം ഇത്തരം ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭീകരതയുടെ ദുഷ്ടശക്തികളില്‍ നിന്ന് നാം നേരിടുന്ന വെല്ലുവിളിയുടെ മറ്റൊരു ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ആക്രമണം.
ആഗോള സമൂഹം ഐക്യത്തോടെയും യോജിച്ചതുമായ പ്രവര്‍ത്തനത്തിലൂടെ ഇതിനെ ചെറുക്കുകയും പരാജയപ്പെടുത്തുകയും വേണം. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാഞ്ചസ്റ്റര്‍ നഗരത്തിനും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും. ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ ജനങ്ങളോടൊപ്പം ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.'- വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ വെച്ച് ആക്രമണം നടത്തിയത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ജിഹാദ് അല്‍ ഷാമി എന്ന 35 കാരനാണ്. ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ ഇന്നലെ രാവിലെ സംഭവം നടന്ന ഉടന്‍ തന്നെ സായുധ പോലീസ് ഇയാളെ വെടിവെച്ചു കൊന്നിരുന്നു. കുട്ടിയായിരിക്കെ യു കെയില്‍ എത്തിയ ഇയാള്‍ക്ക് 2006 ല്‍ ആയിരുന്നു ബ്രിട്ടീഷ് പൗരത്വം ലഭിച്ചത് എന്നാണ് കരുതുന്നത്.
ഈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത കുറ്റം ചുമത്തി പ്രായം 30 കളില്‍ ഉള്ള രണ്ട് പുരുഷന്മാരെയും 60 വയസ്സിലേറെ പ്രായമുള്ള ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനഗോഗിന് വെളിയില്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ ഷാമി പിന്നീട് ഒരാളെ കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് യഹൂദ വംശജര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. യഹൂദവിശ്വാസം അനുസരിച്ച് ഏറ്റവും പുണ്യമായ ഒരു ദിവസമായി കരുതുന്ന യോം കിപ്പുര്‍ ദിവസമായിരുന്നു ആക്രമണം നടന്നത്.
കൊലയാളി ഒരു ഇസ്ലാമിക തീവ്രവാദിയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഷാമിയെ മറ്റ് ഏതെങ്കിലും കേസുകളുമായി ബന്ധിപ്പിക്കുന്ന രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റി ആയിരുന്നു അല്‍ ഷാമി ആക്രമണത്തിന് തുടക്കമിട്ടത്. സിനഗോഗിന് പുറത്ത് നിന്നിരുന്ന മൂന്ന് പേരെ അക്രമി കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് അക്രമി മറ്റുള്ളവരെ കൊലപ്പെടുത്താന്‍ ഒരുങ്ങിയതോടെ അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്. ഇക്കാര്യം ബ്രിട്ടിഷ് മധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ആക്രമിച്ച അക്രമിയുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടത്തത് ഒരു പുരോഹിതന്റെ ഇടപെടല്‍ ആയിരുന്നു. റബ്ബി ഡാനിയേല്‍ വാക്കറാണ് ഇടപെടല്‍ നടത്തിയ പുരോഹിതന്‍. സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു. ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് അക്രമി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ ഇടപെടലിലൂടെ സാധിച്ചു.
2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്കിലെ സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍. എല്ലാവരെയും സംരക്ഷിച്ചു നിര്‍ത്തിയ റബ്ബിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നത്. ദേഹത്ത് ബോംബ് കെട്ടി വച്ചായിരുന്നു ആക്രമണം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു.
ജൂതരുടെ വിശുദ്ധദിനത്തില്‍ നടന്ന ആക്രമണത്തിന്റെ നടുക്കത്തില്‍ മിക്കവരും കരഞ്ഞുകൊണ്ടാണ് സിനഗോഗില്‍ നിന്ന് പുറത്തുവന്നത്. ബ്രിട്ടനില്‍ ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉണ്ടായത്. 2014ല്‍ മാത്രം 3500ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.