'ഇന്ത്യ തന്ത്രപരമായ പങ്കാളി'; പ്രധാന ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് തിരിക്കുന്നുവെന്ന് റഷ്യയുടെ വ്യാസെസ്‌ലാവ് വൊലോഡിന്‍; ഡ്യുമ അധ്യക്ഷന്റെ സന്ദര്‍ശനം ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊട്ടിയിറപ്പിക്കാന്‍

'ഇന്ത്യ തന്ത്രപരമായ പങ്കാളി';

Update: 2025-02-02 10:00 GMT

മോസ്‌കോ: 'പ്രധാനപ്പെട്ട' വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി താന്‍ ഇന്ത്യയിലേക്ക് തിരിക്കുകയാണെന്ന് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ 'ഡുമ'യുടെ അധ്യക്ഷന്‍ വ്യാസെസ്‌ലാവ് വൊലോഡിന്‍. പ്രധാനപ്പെട്ട ചില കൂടിക്കാഴ്ചകളും ചര്‍ച്ചകളും ആസൂത്രണം ചെയ്തതായും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അടുത്ത സഖ്യകക്ഷിയായ വൊലോഡിന്‍ തന്റെ ടെലഗ്രാം ആപ്പിലെ പോസ്റ്റില്‍ പറഞ്ഞു.

'ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്. ഞങ്ങള്‍ക്ക് ദീര്‍ഘകാലമായി വിശ്വാസവും പരസ്പര പ്രയോജനകരമായ സഹകരണവും ഉണ്ട്. എല്ലാ മേഖലകളിലും സമ്പര്‍ക്കങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്' -വൊലോഡിന്‍ അറിയിച്ചു. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2024 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണയാണ് റഷ്യ സന്ദര്‍ശനം നടത്തിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെ അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. രാഷ്ട്രീയം, പ്രതിരോധം, ആണവോര്‍ജം, തീവ്രവാദ വിരുദ്ധ സഹകരണം, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ അഞ്ച് പ്രധാന ഘടകങ്ങളിലായാണ് ഈ പങ്കാളിത്തം വളര്‍ന്ന് തുടങ്ങിയത്.

ഈ വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ ദശകത്തില്‍ നിന്നുമുള്ള ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പുനഃക്രമീകരണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം പാശ്ചാത്യ രാജ്യങ്ങളുടെ നിരീക്ഷണത്തിലാണ്. റഷ്യയുടെ നടപടികളെ അപലപിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും അന്താരാഷ്ട്ര ഉപരോധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തുകൊണ്ട് ദീര്‍ഘകാല നിഷ്പക്ഷ നിലപാടാണ് ഇന്ത്യ നിലനിര്‍ത്തി പോരുന്നത്. അതുകൊണ്ട് തന്നെ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പാശ്ചാത്യ വിപണികളിലേക്കുള്ള രാജ്യത്തിന്റെ പ്രവേശനം വെട്ടിക്കുറച്ചതോടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമായി. തല്‍ഫലമായി ഉഭയകക്ഷി വ്യാപാരം, യുദ്ധത്തിന് മുമ്പ് വെറും 12 ബില്യണ്‍ ഡോളറില്‍ ആയിരുന്നതില്‍ നിന്ന് 2023 ല്‍ 65 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് വരികയാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തന്നെ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, മെഷിനറി, മെക്കാനിക്കല്‍ ഉപകരണങ്ങളില്‍.

നിലവില്‍ ഇന്ത്യ റഷ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാക്കി. വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്ക്, റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ പണം സൂക്ഷിക്കാനും പേയ്മെന്റ് പ്രശ്നങ്ങളില്‍ സഹായിക്കുകയും ചെയ്ത് കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പണമിടപാടുകളിലെ പ്രതിസന്ധി ഈ നീക്കത്തിലൂടെ പരിഹരിക്കപ്പെട്ടു. അതെസമയം, വര്‍ഷങ്ങളായുള്ള സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക പങ്കാളിത്തത്തില്‍ കുറവ് വന്നതായി കാണാനാകും. റഷ്യയില്‍ നിന്നുള്ള പ്രതിരോധ ഇറക്കുമതിയുടെ പങ്ക് 2009-ല്‍ 76 ശതമാനം ആയിരുന്നത് 2023-ല്‍ 36 ശതമാനം ആയി കുറഞ്ഞു.

ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത് റഷ്യയ്ക്കപ്പുറം ഒരു പ്രതിരോധ സംഭരണം വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ തീരുമാനമാണ് ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം. ഉദാഹരണത്തിന് 2018 നും 2022 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 29 ശതമാനവും ഫ്രാന്‍സിന്റേതാണ്. ഇത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായി രാജ്യത്തെ മാറ്റി. ഇന്ത്യയുടെ പ്രതിരോധ സംഭരണ തന്ത്രത്തിലെ ഈ മാറ്റം, അതിന്റെ സായുധ സേന നവീകരിക്കേണ്ടതിന്റെ ആവശ്യകത, പ്രാദേശിക സുരക്ഷാ ഭീഷണികളെ നേരിടുക, പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി ഘടകങ്ങളാല്‍ നയിക്കപ്പെടുന്നുവയാണ്.

ഇന്ത്യയുടെ പ്രാദേശിക സുരക്ഷാ ആശങ്കകള്‍ പ്രത്യേകിച്ച് ഹിമാലയത്തിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ചൈനയുടെ ഭീഷണി ഇന്ത്യയുടെ പ്രതിരോധ നയത്തില്‍ തന്ത്രപരമായ മാറ്റത്തിന് കാരണമായിട്ടുണ്ട്. നൂതന സൈനിക ശേഷികള്‍ ഏറ്റെടുക്കുന്നതിലും അതിന്റെ പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആഭ്യന്തര ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിലുമാണ് രാജ്യം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യന്‍ മിലിട്ടറി ശേഷിയിലുള്ള ഇന്ത്യയുടെ ആശ്രയത്തെ യുക്രെയ്ന്‍ സംഘര്‍ഷം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

Tags:    

Similar News