'ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല; സമാധാനത്തില്‍ മുന്നോട്ട് പോകണം; പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'; നിലപാട് പറഞ്ഞ് ഇറാന്‍ പ്രസിഡന്റ്; സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ യു.എസ്

സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ യു.എസ്

Update: 2024-09-24 08:56 GMT

ന്യൂയോര്‍ക്ക്: ലെബനനില്‍ ഹിസ്ബുള്ളക്കെതിരെ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൗദ് പെസശ്കിയാന്‍ രംഗത്തുവന്നു. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇറാന്‍ പ്രസിഡന്റ് രംഗത്തുവന്നത്. പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാല്‍ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനത്തില്‍ മുന്നോട്ട് പോകണം. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പുലര്‍ത്തുകയാണ്' -അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇറാന്‍ ഭാഗമാകുമോയെന്ന ചോദ്യത്തിന് പെസശ്കിയാന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

അതേസമയം, ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന പേരില്‍ ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492ലേറെയായി. 1,645 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 35 പേര്‍ കുട്ടികളും 58 പേര്‍ സ്ത്രീകളുമാണെന്ന് ലബനാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

2006നുശേഷം ലബനാനിനുനേരെയുണ്ടായതില്‍ ഒരുദിവസം ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം. വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകള്‍ സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. എന്നാല്‍, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. യുദ്ധവ്യാപനം ഒഴിവാക്കാന്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

പശ്ചീമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്കയും നിര്‍ണായക റോളിലേക്ക് ഇറങ്ങിക്കളിക്കുകയാണ്. ഇസ്രായേലും ലെബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം കനത്ത സാഹചര്യത്തില്‍ മധ്യേഷ്യയിലേക്ക് അധിക സൈനികരെ അയക്കാന്‍ യു.എസ് തീരുമാനിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ വര്‍ധിച്ച സംഘര്‍ഷ സാഹചര്യത്തില്‍ വളരെയധികം ജാഗ്രതയോടെ മേഖലയില്‍ ഇതിനകമുള്ള സേനയെ വര്‍ധിപ്പിക്കുന്നതിന് കുറച്ചധികം സൈനികരെ അയക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. എന്നാല്‍, എത്ര സൈനികരെ വിന്യസിക്കുമെന്നോ എന്തിനൊക്കെ ചുമതലപ്പെടുത്തുമെന്നോ റൈഡര്‍ വിശദമാക്കിയില്ല. നിലവില്‍ 40,000 ത്തോളം യു.എസ് സൈനികര്‍ ഈ മേഖലയിലുണ്ട്.

യുദ്ധവിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ് ട്രൂമാന്‍ തിങ്കളാഴ്ച വിര്‍ജീനിയയിലെ നോര്‍ഫോക്കില്‍നിന്ന് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ നിലവില്‍ അറേബ്യന്‍ ഗള്‍ഫിലുള്ള വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണെയും യു.എസ് ഉപയോഗിച്ചേക്കും.

അതിനിടെ പ്രാദേശിക യുദ്ധത്തിന്റെ സാധ്യത വര്‍ധിക്കുന്നതിനാല്‍ ലെബനാന്‍ വിടാന്‍ യു.എസ് പൗരന്‍മാര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനെ അധിക സേന പിന്തുണക്കുമോ എന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പറഞ്ഞില്ല. ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് യു.എസിന്റെ പക്കല്‍ 'ഉറച്ച ആശയങ്ങള്‍' ഉണ്ടെന്നും ഈ ആഴ്ച നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി വാര്‍ഷിക സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഘര്‍ഷം കുറക്കുന്നതിനും സമ്പൂര്‍ണ യുദ്ധം തടയുന്നതിനുമായി ഇസ്രായേലിനും ഹിസ്ബുല്ലക്കുംവേണ്ടി ഒരു 'ഓഫ്-റാംപ്' റോഡ് അവതരിപ്പിക്കാന്‍ യു.എസും മറ്റ് നിരവധി രാജ്യങ്ങളും തല്‍പരരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ 'ഉറച്ച ആശയങ്ങള്‍' എന്താണെന്ന് വിശദീകരിച്ചില്ല.

Tags:    

Similar News