ഒന്നും സംഭവിക്കില്ലെന്ന് ജൊലാനി പറയുമ്പോഴും സിറിയന്‍ തെരുവ് കീഴടക്കി ഐസിസ്; ഇപ്പോള്‍ ശ്രദ്ധിക്കുന്നത് അസ്സാദിന്റെ സൈനികരെ വകവരുത്തി പ്രതികാരം ചെയ്യാന്‍; അനേകം മനുഷ്യരെ കൊന്നു തള്ളി ഐസിസ്; ലോകം പണി ചോദിച്ചു വാങ്ങുമ്പോള്‍

ഒന്നും സംഭവിക്കില്ലെന്ന് ജൊലാനി പറയുമ്പോഴും സിറിയന്‍ തെരുവ് കീഴടക്കി ഐസിസ്

Update: 2024-12-11 03:39 GMT

ഡമാസ്‌ക്കസ്: സിറിയയില്‍ ഇനി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് വിമത നേതാവ് ജൊലാനി പറയുമ്പോഴും അസദിന്റെ സൈനികരെ കൊന്നു തള്ളുകയാണ് ഐസിസ് ഭീകരര്‍. സിറിയയിലെ തെരുവകള്‍ എല്ലാം തന്നെ ഇവര്‍ കീഴടക്കിയിരിക്കുകയാണ്. മധ്യ പ്രവിശ്യയായ ഹോസംസിലാണ് ഏറ്റവുമധകം അസദ് അനുയായികളെ ഐസിസ് വധിച്ചത്. സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ആശങ്കയും വേണ്ടെന്നാണ് വിമതനേതാവ് ജോലാനി വ്യക്തമാക്കിയിരുന്നത്. ഇന്നലെ മാത്രം 54 സിറിയന്‍ സൈനികരെയാണ് ഐസിസ് ഭീകരര്‍ കൊന്നത്.

മരുഭൂമിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച അസദിന്റെ സൈനികരെയാണ് ഐസിസ് വധിച്ചത്. 2014 ല്‍ സിറിയയിലും ഇറാഖിലും എല്ലാം ഐസിസ് ശക്തി പ്രാപിച്ചിരുന്നു എങ്കിലും 2019ല്‍ ഇവരെ സിറിയയില്‍ നിന്ന് പൂര്‍ണമായി തുരത്തിയിരുന്നു. സിറിയന്‍ പ്രസിഡന്റായിരുന്ന അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന പല പ്രമുഖരും ലബനനിലേക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇവരെ ഹിസ്ബുള്ള ഭീകരരാണ് രക്ഷപ്പെടുത്തി അവരുടെ ശക്തികേന്ദ്രമായ ദഹിയയിലേക്ക് കൊണ്ട് പോയതെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഇതോടെ ഇവരുടെ കീഴില്‍ ജോലി ചെയ്തിരുന്ന സൈനികര്‍ പലതും ഒറ്റപ്പെട്ട് പോയിരുന്നു. ജീവന്‍രക്ഷാര്‍ത്ഥം നാട് വിടാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ഇവരെ ഐസിസ് വധിച്ചതെന്നാണ് കരുതപ്പെടുന്നത്. മറ്റ് രാജ്യങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ സിറിയയിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല. അസദ് ഭരണകൂടത്തിന്റെ തകര്‍ച്ച ഇറാനും റഷ്യക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇത്രയും കാലം ഹിസ്ബുള്ള ഭീകരര്‍ക്ക് ഇറാന്‍ ആയുധം എത്തിച്ചിരുന്നത് സിറിയ വഴിയാണ്. കൂടാതെ അസദ് ഭരണത്തെ കുറിച്ച് ഇപ്പോള്‍

പുറത്ത് വരുന്ന പല വാര്‍ത്തകളും റഷ്യക്കും ഇറാനും എല്ലാം മാനക്കേട് ഉണ്ടാക്കുന്ന തരത്തിലാണ്.

മുഹമ്മദ് അല്‍ ബാഷിര്‍ സിറിയയുടെ കാവല്‍ പ്രധാനമന്ത്രി ആയി ചുമതലയേല്‍ക്കും എന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടയില്‍ നിലവിലെ സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി വിമത നേതാവ് ജൊലാനി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് കൂടിക്കാഴ്ച നടത്തിയത്. ടെലഗ്രാം ചാനലില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് വിമതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അസദിന്റെ ഭരണത്തിന് കീഴില്‍ നടന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുതിയ ഭരണകൂടം വെറുതേവിടില്ല എന്ന് അല്‍-ജുലാനി വ്യക്തമാക്കി. സിറിയന്‍ ജനതയെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളേയും കൊലപാതകികളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും പ്രതിക്കൂട്ടില്‍ കയറ്റാന്‍ പുതിയ ഭരണകൂടം മടിക്കില്ലെന്നും വിമത നേതാക്കള്‍പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ ഭരണമാറ്റം ആയിരക്കണക്കിന് പേരുടെ ജയില്‍മോചനത്തിനാണ് വഴി തുറന്നത്. അസദ് ഭരണകാലത്ത് ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ദമാസ്‌കസിലെ ജയിലുകള്‍ക്കും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കും പുറത്ത് ഉറ്റവരെ തിരഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്.

വധശിക്ഷയും സ്വാഭാവികമരണവും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേരാണ് അസദിന്റെ ഭരണകാലത്ത് സിറിയന്‍ ജയിലുകളില്‍ മരിച്ചതെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെദ്‌നായ ജയിലില്‍ മാത്രം 30,000 പേരാണ് മരിച്ചത്. പുതിയ സാഹചര്യത്തില്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ പലരും തെരുവില്‍ അലയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ സിറിയയ്‌ക്കെതിരെ ഇസ്രയേല്‍ നിരന്തരമായി വ്യോമാക്രമണം നടത്തുകയാണ്. 48 മണിക്കൂറിനിടെ 250-ഓളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News