'അടിച്ചാല്‍ പിന്നെ യുഎസ് പട എഴുന്നേല്‍ക്കില്ല'; പടക്കപ്പലുകള്‍ക്ക് ഇറാന്റെ കടലില്‍ ശവക്കല്ലറ ഒരുങ്ങുന്നു'; '47 വര്‍ഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന ട്രംപിന്റെ കുറ്റസമ്മതം' ഓര്‍മ്മിപ്പിച്ച് ഖമനയിയുടെ വെല്ലുവിളി; ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെ വന്‍പ്രകോപനം
ഖമനയിയുടെ വെല്ലുവിളി
ജനീവ/ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് വെല്ലുവിളിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമെന്ന് അവകാശപ്പെടുന്ന യുഎസ് സേനയെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം തകര്‍ക്കാന്‍ ഇറാന് കഴിയുമെന്നാണ് ഖമനയിയുടെ മുന്നറിയിപ്പ്.
'കുറ്റസമ്മതത്തിന് നന്ദി, മിസ്റ്റര്‍ ട്രംപ്!'
ട്രംപിന്റെ മുന്‍പത്തെ ചില പ്രസ്താവനകളെ ആയുധമാക്കിയാണ് ഖമനയി എക്‌സിലൂടെ (X) ആഞ്ഞടിച്ചത്. '47 വര്‍ഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് സമ്മതിച്ചിട്ടുണ്ട്. അതൊരു നല്ല കുറ്റസമ്മതമാണ്. ഞാന്‍ പറയുന്നു, ഇനി നിങ്ങള്‍ക്കും അതിന് കഴിയില്ല!' - ഖമനയി കുറിച്ചു.
യുദ്ധക്കപ്പലുകള്‍ക്ക് 'ശവക്കല്ലറ' ഒരുങ്ങുന്നു?
ഇറാന് സമീപം യുഎസ് വിന്യസിച്ചിരിക്കുന്ന വമ്പന്‍ പടക്കപ്പലുകളെയും ഖമനയി പരിഹസിച്ചു. 'യുദ്ധക്കപ്പലുകള്‍ അപകടകാരികളായിരിക്കാം, എന്നാല്‍ അവയെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ അതിനേക്കാള്‍ അപകടകാരികളാണ്' -എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
നിലവില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന് തൊട്ടടുത്തുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉടന്‍ പശ്ചിമേഷ്യയിലെത്തുമെന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
പ്രഹരമേറ്റാല്‍ അമേരിക്ക എഴുന്നേല്‍ക്കില്ല!
യുഎസ് സൈനിക ശക്തിയെ തരംതാഴ്ത്തിക്കൊണ്ടായിരുന്നു ഖമനയിയുടെ അടുത്ത പോസ്റ്റ്. ലോകത്തിലെ ഒന്നാം നമ്പര്‍ സൈന്യമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും, ഒരിക്കല്‍ പ്രഹരമേറ്റാല്‍ പിന്നീട് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം അമേരിക്കന്‍ സൈന്യം തകര്‍ന്നുപോകുന്ന സമയം വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോര്‍മൂസ് കടലിടുക്കില്‍ പുകയുന്ന യുദ്ധം
യുഎസ് സൈനിക വിന്യാസത്തിന് മറുപടിയായി തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനിക അഭ്യാസം തുടരുകയാണ്. അമേരിക്കയുടെ 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' പോലെയുള്ള ആണവ വിരുദ്ധ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നാണ് ഇറാന്റെ നിലപാട്.
