ഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനം ശക്തം; ഹമാസിന്റെ ഭീകരതക്ക് ബ്രിട്ടന്‍ പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍; ജിഹാദി ഭീകരരോടുള്ള പ്രീണനം സ്റ്റാര്‍മറെ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു

ഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും

Update: 2025-07-30 05:36 GMT

ഗാസ സിറ്റി: ഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബ്രിട്ടന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാമറിന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. കീര്‍ സ്്റ്റാമര്‍ ഹമാസിന് പാരിതോഷികം നല്‍കിയെന്നാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന ലേബര്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ കീര്‍ സ്റ്റാര്‍മര്‍ ഹമാസിന്റെ ഭീകരതക്ക് പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ശക്തമായ രോഷത്തോടെയാണ് ബ്രിട്ടന്റെ ഈ നീക്കത്തോട് പ്രതികരിച്ചത്. ഇസ്രായേല്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ദ്വിരാഷ്ട്ര പരിഹാരം എന്ന നിലപാടിനോടുള്ള എതിര്‍പ്പ് ഉപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ ബ്രിട്ടന്‍ ഫലസ്തീനെ അംഗീകരിക്കുമെന്നാണ് കീര്‍ സ്റ്റാമര്‍ വ്യക്തമാക്കിയത്.

ഇസ്രായേല്‍ അതിര്‍ത്തിയിലുള്ള ഒരു ജിഹാദി രാഷ്ട്രം നാളെ ബ്രിട്ടനെയും ഭീഷണിപ്പെടുത്തുമെന്നും ജിഹാദി ഭീകരരോടുള്ള ഈ പ്രീണനം നിങ്ങളെയും പരാജയപ്പെടുത്തും എന്നും നെതന്യാഹു ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി.

ഈ വിഷയത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിച്ച കീര്‍ സ്റ്റാമര്‍ പറഞ്ഞത് ഗാസയിലെ സമാധാന പ്രക്രിയയ്ക്ക് പുതിയ ജീവന്‍ പകരാനുള്ള പ്രവര്‍ത്തനം നടത്തേണ്ട നിമിഷമാണ് ഇതെന്നായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ വര്‍്ദ്ധിച്ചു വരുന്ന രോഷം തടയാന്‍ കൂടിയാണ് പ്രധാനമന്ത്രി ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ നിലപാടിനെതിരെ ആഗോളതലത്തില്‍ തന്നെ ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നത്.

കീര്‍ സ്റ്റാമറിന്റെ പരാമര്‍ശങ്ങള്‍ ഒക്ടോബര്‍ 7 ലെ ഇരകളുടെ മുഖത്തേറ്റ അടി ആണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതീക്ഷ ഹമാസിന് മാത്രമാണെന്നും ടാമി ബ്രൂസ് ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെയാണ് അവര്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് സഹകരിക്കാത്തത് എന്നും അമേരിക്ക കരുതുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെ ഹമാസ് തട്ടിക്കൊണ്ട് പോയ ബന്ദികളെ ഒരിക്കലും തിരികെ ലഭിക്കാന്‍ പോകുന്നില്ലെന്നും ഇത് ഏറ്റവും മോശമായ രാഷ്ട്രീയ നിലപാടാണ് എന്നും ടോറി നേതാവായ കെമി ബാഡേനോക്കും അഭിപ്രായപ്പെട്ടു.

സെപ്തംബര്‍ ആദ്യം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയില്‍ തങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രേണിന്റെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടനും ഇതേ നിലപാടിലേക്ക് എത്തുന്നത്. കഴിഞ്ഞ സ്‌ക്കോട്ട്ലന്‍ഡ് സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി കീര്‍ സ്റ്റാര്‍മര്‍ ചര്‍ച്ച ചെയ്തിരുന്നു. ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ട 250 ല്‍ അധികം എം.പിമാരാണ് ഫലസ്തീനിനെ പ്രത്യേക രാഷ്ട്രമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News